പിടിച്ചടക്കാനുറച്ച് ബ്ലാസ്റ്റേഴ്‌സ്
ആലപ്പുഴ: പുതിയ ഉടമകള്‍. പുതിയ പരിശീലകന്‍. പുതിയ മാര്‍ക്വീതാരം. കരുത്തരായ വിദേശ താരനിര. മികച്ച സ്വദേശി കളിക്കാര്‍. ഐ.എസ്.എല്‍ മൂന്നാം പതിപ്പിലേക്ക് എത്തുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് അടിമുടി മാറ്റത്തിലാണ്.
രണ്ടാം സീസണില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പരാജയത്തില്‍ നിന്നും കരകയറാനുള്ള തത്രപ്പാടിലാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കൊമ്പന്‍മാര്‍. കാല്‍പന്തുകളിയെ നെഞ്ചേറ്റിയവരുടെ പ്രിയപ്പെട്ട ടീമുകളില്‍ മുമ്പന്‍മാരാണ് ബ്ലാസ്റ്റേഴ്‌സ്. രണ്ടാം സീസണില്‍ അവസാന സ്ഥാനക്കാരായി പടിയിറങ്ങേണ്ടി വന്നിട്ടും കൊമ്പന്‍മാരെ ആരാധകര്‍ കൈവിട്ടില്ല.
അതു തിരിച്ചറിഞ്ഞു തന്നെയാണ് മൂന്നാം പതിപ്പില്‍ മികച്ച താര നിരയെ തന്നെ അണിനിരത്താന്‍ തയാറായതും. മുഖ്യ പരിശീലകന്‍ സ്റ്റീവ് കൊപ്പലിന്റെയും മാര്‍ക്വീതാരം ആരോണ്‍ ഹ്യൂഗ്‌സിന്റെയും നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് ശക്തമായ തിരിച്ചു വരവിന് ഒരുങ്ങുകയാണ്.
മികച്ച പ്രതിരോധവും മധ്യനിരയും ആക്രമണനിരയും ഒരുക്കുകയാണ് കൊപ്പല്‍. സൂപ്പര്‍ ഫുട്‌ബോളില്‍ ശക്തമായ തിരിച്ചു വരവിന് ലക്ഷ്യമിട്ടു പരിശീലനത്തിനായി തായ്‌ലന്റിലേക്കാണ് കൊമ്പന്‍മാര്‍ പറക്കുന്നത്. തിരുവനന്തപുരത്ത് പ്രാഥമിക പരിശീലനം തുടങ്ങാനായി ടീം ഇന്നെത്തും. തിങ്കളാഴ്ച്ച മുതല്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തുന്നത്.
കരുത്തുകൂട്ടി കൊമ്പന്‍മാര്‍
മൂന്നാം പതിപ്പില്‍ അടിമുടി മാറ്റം ടീമില്‍ ദൃശ്യമായി തുടങ്ങി. മുന്‍ ഇംഗ്ലീഷ് താരം സ്റ്റീവ് കൊപ്പല്‍ മുഖ്യപരിശീലകനായി എത്തി. മാര്‍ക്വീതാരമായി അയര്‍ലന്റ് ദേശീയ താരം ആരോണ്‍ ഹ്യൂഗ്‌സ് വന്നു. മധ്യനിരയിലേക്ക് കരുത്തനായ ചാഡ് ദേശീയ താരം അസ്‌റാഖ് യാസീന്‍ മഹ്മദും എത്തി. രണ്ടാം സീസണില്‍ ടീമിന്റെ നെടുംതൂണുകളായിരുന്ന അന്റോണിയോ ജെര്‍മെന്‍ ഇത്തവണയും ആക്രമണ നിരയിലുണ്ട്. ഇടവേളയ്ക്ക് ശേഷം മൈക്കിള്‍ ചോപ്രയും ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നു.
ഹെയ്തി താരം കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, രണ്ടാം സീസണില്‍ എഫ്.സി ഗോവയുടെ കൂന്തമുനയായിരുന്ന മണിപ്പൂരി സ്‌ട്രൈക്കര്‍ തോങ്‌ഖൊയ്‌സെം ഹാവോക്കിപ്പ്, പ്രഥമ പതിപ്പില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ ഫൈനലില്‍ കിരീടത്തില്‍ മുത്തമിടീച്ച ഗോളിന് ഉടമയായ മുഹമ്മദ് റഫീഖ്, സി.കെ വിനീത്, മുഹമ്മദ് റാഫി എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ നിരയെ നയിക്കാന്‍ ഇത്തവണ കളത്തിലിറങ്ങും.
യുവത്വത്തിനും പരിചയ സമ്പത്തിനും പ്രാമുഖ്യം നല്‍കിയാണ് കൊപ്പല്‍ ബ്ലാസ്റ്റേഴ്‌സ്‌നായി ടീം തെരഞ്ഞെടുപ്പ് നടത്തിയത്. മികച്ച വിദേശ താരനിരയെ ടീമിലെത്തിക്കാനായി. നാല് മലയാളി താരങ്ങളാണ് കൊമ്പന്‍മാരുടെ കൂടെയുള്ളത്. മുഹമ്മദ് റാഫി, സി.കെ വിനീത്, രണ്ടാം പതിപ്പില്‍ അത്‌ലറ്റികോയ്ക്കായി പന്തുതട്ടിയ റിനോ ആന്റോ, പ്രശാന്ത് മോഹന്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഇത്തവണയുണ്ട്. പ്ലയര്‍ സ്‌കൗട്ടായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം എന്‍.പി പ്രദീപും ബ്ലാസ്റ്റേഴ്‌സിന്റെ കൂടെയുണ്ട്.
സെനഗല്‍ താരം എല്‍ഹാദി എന്‍ദോയ, ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി പ്രതിരോധക്കോട്ട തീര്‍ത്ത ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ട്, സന്ദേശ് ജിങ്കാന്‍, ഗുര്‍വിന്ദര്‍ സിങ്, റിനോ ആന്റോ, പുതുമുഖം പ്രാഥിക് ചൗധരി എന്നിവര്‍ ഹ്യൂഗ്‌സിന് കൂട്ടായി പ്രതിരോധ നിരയിലുണ്ട്. രണ്ടാം സീസണില്‍ മധ്യനിരക്ക് കരുത്തേകിയ ഹോസുവിനൊപ്പം ഇത്തവണ അസ്‌റാക് കൂടി വരുന്നതോടെ ശക്തിയേറും.
ഇഷ്ഫാഖ് അഹമ്മദ്, മെഹ്താബ് ഹുസൈന്‍, പ്രശാന്ത് മോഹന്‍, ഭാവിയുടെ താരോദയങ്ങളായ വിനീത് റായ്, ഫാറൂഖ് ചക്രവര്‍ത്തി എന്നിവരും ടീമുലുണ്ട്. പരാജയത്തിന്റെ വാരിക്കുഴിയില്‍ നിന്നും മൂന്നാം പതിപ്പില്‍ കരകയറാന്‍ ഒരുങ്ങുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. അടിമുടി മാറ്റത്തിനൊപ്പം ആരാധകരും ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചോട് ചേര്‍ത്തു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."