ജെയ്ഷയുടെ ആരോപണങ്ങള്‍ക്ക് കോച്ചിന്റെ മറുപടി
ന്യൂഡല്‍ഹി: മലയാളി താരം ഒ.പി ജെയ്ഷയ്ക്ക് റിയോ ഒളിംപിക്സിലെ മാരത്തണ്‍ മത്സരത്തില്‍ കുടിക്കാന്‍ വെള്ളം നല്‍കിയില്ലെന്ന ആരോപണത്തില്‍ പുതിയ വഴിത്തിരിവ്. അത്ലറ്റിക് ഫെഡറേഷനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച ജെയ്ഷ, കഴിഞ്ഞ ദിവസം അതെല്ലാം തിരുത്തി തന്റെ കോച്ചാണ് പ്രശ്നങ്ങള്‍ക്ക് കാരണക്കാരനെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ജെയ്ഷയുടെ ആരോപണങ്ങള്‍ക്കെതിരേ കോച്ച് നിക്കോളായ് സ്നെസരേവ് മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിന് മുമ്പ് പല തവണ പ്രത്യേകമായി വെള്ളം വേണമോയെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജെയ്ഷ വെള്ളം വേണ്ടെന്നാണ് പറഞ്ഞത്. ഇതോടൊപ്പം പ്രത്യേകം എനര്‍ജി ഡ്രിങ്ക്സുകളും താരത്തിന് നല്‍കാമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ അതൊക്കെ നിരസിച്ച ജെയ്ഷ ഇപ്പോള്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്തിനെന്ന് മനസിലാവുന്നില്ലെന്ന് സ്നെസരേവ് പറഞ്ഞു. നേരത്തെ പ്രത്യേകം തയാറാക്കിയ പാനീയങ്ങള്‍ ജെയ്ഷ ഉപയോഗിക്കാറില്ലെന്ന് സ്നെസരേവ് പറഞ്ഞിരുന്നു. നേരത്തെ മത്സരത്തിന് ഒരു ദിവസം മുമ്പ് ഡെപ്യൂട്ടി കോച്ച് രാധാകൃഷ്ണന് നായര്‍ ജെയ്ഷയ്ക്ക് പ്രത്യേകം പാനീയങ്ങള്‍ ആവശ്യമാണോയെന്ന് ചോദിച്ചിരുന്നു. തുടര്‍ന്ന് താന്‍ ഇതേ കാര്യം ജെയ്ഷയോടും ചോദിച്ചു.
എന്നാല്‍ സാധാരണ വെള്ളം മാത്രം മതിയെന്ന് പറഞ്ഞു. ഇക്കാര്യം താന്‍ രാധാകൃഷ്ണന് നായരോട് പറയുകയും ചെയ്തിരുന്നെന്ന് സ്നെസരേവ് പറഞ്ഞു. അതേസമയം റിയോയിലെ സംഘാടക സമിതി താരങ്ങള്‍ ആവശ്യമായ വെള്ളം നല്‍കിയിട്ടില്ലെന്ന് സ്നെസരേവ് വ്യക്തമാക്കി.
മത്സരത്തിലുടനീളം ജെയ്ഷയെ പിന്തുടരാന് തനിക്ക് സാധിച്ചിട്ടില്ല. 42 കിലോമീറ്ററാണ് മത്സരത്തിലെ ദൂരം. ഇത്രയും ദൂരം ഒരു താരത്തെ ശ്രദ്ധിക്കാന്‍ ഒരു കോച്ചിനും സാധിക്കില്ലെന്ന് സ്നെസരേവ് പറഞ്ഞു.
മറ്റു കേന്ദ്രങ്ങളില്‍ പാനീയങ്ങളുണ്ടായിരുന്നോയെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ മത്സരശേഷം 70ാം സ്ഥാനത്തിന് ശേഷം ഫിനിഷ് ചെയ്തവരോടും അവരുടെ കോച്ചുമാരോടും താന്‍ ഇക്കാര്യം ചോദിച്ചിരുന്നു. ആദ്യ ഘട്ടങ്ങളില്‍ വെള്ളം ലഭിച്ചിരുന്നുവെന്നും എന്നാല്‍ 25 കിലോ മീറ്ററിന് ശേഷം മതിയായ പാനീയങ്ങള്‍ ലഭിച്ചിരുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഇവര്‍ പറഞ്ഞത് മാത്രമാണ് തന്റെ പക്കല്‍ തെളിവായി ഉള്ളത്. ജെയ്ഷയും ഇക്കാര്യം തന്നെയാണ് പറഞ്ഞതെന്നും സ്നെസരേവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."