തെരുവുനായ പ്രശ്‌നം: ലക്ഷ്യം കാണാതെ വാക്‌സിൻ യജ്ഞം
തീവ്ര വാക്‌സിൻ യജ്ഞം ഇന്ന് അവസാനിക്കും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • തെരുവുനായ ആക്രമണ വാർത്തകൾ അപ്രത്യക്ഷമായതോടെ സർക്കാർ പ്രഖ്യാപിച്ച തെരുവുനായ പ്രതിരോധ പ്രവർത്തനങ്ങളെല്ലാം നിലച്ചു.
സർക്കാർ പ്രഖ്യാപിച്ച തീവ്ര വാക്‌സിൻ യജ്ഞം ഇന്ന് അവസാനിക്കാനിരിക്കെ തെരുവുനായകൾക്ക് വാക്‌സിൻ നൽകുന്നതിൽ ലക്ഷ്യമിട്ട കാൽഭാഗം പോലും പൂർത്തീകരിക്കാനായില്ല. പ്രത്യേക പദ്ധതികൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയത് വിരലിലെണ്ണാവുന്ന പഞ്ചായത്തുകൾ മാത്രം.
സംസ്ഥാനത്ത് നാലരലക്ഷത്തോളം തെരുവുനായകളുണ്ടെന്നായിരുന്നു അനൗദ്യോഗിക കണക്ക്. 30,311 തെരുവുനായകൾക്ക് മാത്രമാണ് ഇതുവരെ വാക്‌സിനേഷൻ നൽകിയത്. കുടുംബശ്രീയുടെ സഹായത്തോടെ തെരുവുനായകളെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. വന്ധ്യംകരണം നടത്താൻ എല്ലാ പഞ്ചായത്തുകളിലും എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതിയും പൊളിഞ്ഞു. എ.ബി.സി കേന്ദ്രങ്ങൾ ആരംഭിച്ചത് 26 എണ്ണം മാത്രം. ഷെൽട്ടർ ഹോം പുതുതായി ഒരു പഞ്ചായത്തിലും ആരംഭിച്ചില്ല. പിടികൂടുന്ന തെരുവുനായകളെ പാർപ്പിക്കാനായി ഷെൽട്ടർ ഹോം ആരംഭിക്കാനുള്ള പദ്ധതി പ്രാദേശിക എതിർപ്പുമൂലമാണ് നടപ്പാക്കാൻ കഴിയാത്തത്.
അതേസമയം, വളർത്തുനായകളുടെ വാക്‌സിനേഷനിൽ മൂന്നു ലക്ഷം കടന്നു. തെരുവുനായകളുടെ വൻകൂട്ടമുള്ള ഹോട്ട്‌സ്‌പോട്ടുകൾ നിർണയിച്ചു നിരന്തര ഇടപെടൽ നടത്തി നായശല്യം പരിഹരിക്കാൻ നടപടികളെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. അതും നടന്നില്ല. നിലവിൽ തെരുവുനായ ആക്രമണം കുറഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."