HOME
DETAILS

കഞ്ഞികുടി മുട്ടിക്കുന്ന അരിവില

  
backup
October 22 2022 | 03:10 AM

rice-price-22-0ct-2022-1


കഴിഞ്ഞ ഒരു മാസത്തിനിടെ അഭൂതപൂർവമായ വിലക്കയറ്റമാണ് അരിയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾക്ക് വില ക്രമാതീതമായി ഉയർന്നുകൊണ്ടിരുന്നപ്പോഴും ജനം പിടിച്ചുനിന്നത് അരിവില കാര്യമായി ഉയർന്നില്ല എന്ന ആശ്വാസത്തിലായിരുന്നു. ഒരു മാസത്തിനകം കിലോ അരിക്ക് വർധിച്ചത് 15 രൂപയിലധികം. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കുമെന്നായിരുന്നു. മാവേലി സ്റ്റോറുകൾ വഴി മിതമായ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുമെന്നും വാഗ്ദാനമുണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ടുപോലും ഒന്നും സംഭവിച്ചില്ല. സാധന വിലയിൽ കുറവുണ്ടായില്ലെന്നു മാത്രമല്ല പിടിച്ചാൽ കിട്ടാത്തവിധം കുതിച്ചുയരുകയും ചെയ്യുന്നു. അതിൽ ഏറ്റവും അവസാനത്തേതാണ് അരിവിലയിലെ കുതിപ്പ്.


നിത്യോപയോഗ സാധനങ്ങളിൽ ഏറ്റവും അവശ്യവസ്തുവായ അരിയുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരന്റെ കഞ്ഞികുടി മുട്ടിക്കും. പ്രവാസി കുടുംബങ്ങളും വിദേശത്ത് ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. അവിടേയും അവരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു. സെപ്റ്റംബർ ഒമ്പത് മുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് അരികയറ്റുമതിയിൽ നികുതി ഏർപ്പെടുത്തിയതും ലഭ്യതക്കുറവുമാണ് ദുബൈ അടക്കമുള്ള രാജ്യങ്ങളിൽ അരിവില കുത്തനെ വർധിക്കാൻ കാരണം. 600 മുതൽ 800 ദിർഹം വരെ ശമ്പളം പറ്റുന്ന മലയാളി കുടുംബങ്ങൾക്ക് 75 ദിർഹം കൊടുത്താൽ 30 കിലോയുള്ള ഒരു ചാക്ക് അരി കിട്ടിയിരുന്നു. ഇപ്പോഴത് 110 ദിർഹം വരെ കൊടുക്കേണ്ടിവരുന്നു.


സർക്കാർ വിപണിയിൽ ഇടപെടാത്തതാണ് സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാവാനുള്ള പ്രധാന കാരണം. ഒരു മാസത്തിനുള്ളിൽ ഒരു കിലോഗ്രാം അരിക്ക് 15 രൂപയുടെ വർധനയുണ്ടാകുന്നു എന്നത് ഇന്ധനവിലയിൽ ഉണ്ടാകുന്ന കുതിപ്പിനെയാണ് ഓർമിപ്പിക്കുന്നത്. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന മട്ട, ജയ, അരിക്ക് 10 മുതൽ 15 രൂപയിലധികമാണ് വില വർധിച്ചത്. ഒരു മാസം മുമ്പുവരെ ജയ അരിക്ക് 40 രൂപയായിരുന്നു വില. ഇപ്പോൾ 55 രൂപ കൊടുക്കണം. പ്രളയം, കാലാവസ്ഥാവ്യതിയാനം എന്നിവ കാരണം ആന്ധ്രയിലും കർണാടകയിലും നെല്ലുൽപാദനം കുറഞ്ഞെന്നാണ് സർക്കാർ ഇതിന് ന്യായം പറയുന്നത്. വൻകിടമില്ലുടമകൾ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായാണ് അറിയാൻ കഴിയുന്നത്. ഇതിനെ മറികടക്കാൻ ആന്ധ്രയിൽ നിന്ന് നേരിട്ട് അരി വാങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞിരുന്നു. പല പാഴ് വാഗ്ദാനങ്ങളും പോലെ മന്ത്രിയുടെ ഈ വാക്കും പൊള്ളയാവുകയാണ്. പായ്ക്കറ്റ് അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയതും അരിവില പെട്ടെന്ന് ഉയരാൻ കാരണമായെന്നാണ് കച്ചവടക്കാർ പറയുന്നത്. കച്ചവടക്കാർ പറയുന്നത് അപ്പടി വിശ്വസിച്ച് അനങ്ങാപ്പാറ നയം സ്വീകരിക്കുകയല്ല സർക്കാർ ചെയ്യേണ്ടത്. വിപണിയിൽ ഇടപെട്ട്, കുതിച്ചുയരുന്ന അരിവില പിടിച്ചുനിർത്തണം.


ആവശ്യത്തിന് നെല്ല് കിട്ടാനില്ലെന്ന മില്ലുടമകളുടെ വാദത്തിൽ എത്രത്തോളം വസ്തുതയുണ്ടെന്ന് പരിശോധിക്കണം. ആന്ധ്രയിൽ ഇപ്പോൾ വിളവെടുപ്പ് സമയമല്ലെന്നാണ് മറ്റൊരു വാദം. വിളവെടുപ്പ് തുടങ്ങുമ്പോൾ മാത്രമേ അരിവില കുറയൂ എന്നാണ് പറയുന്നത്. അതുവരെ അരിവില വർധന ജനങ്ങൾ സഹിക്കണമെന്നാണോ സർക്കാർ നിലപാട്.
റേഷൻ വാങ്ങുന്ന സാധാരണക്കാരിൽ അധികവും എ.പി.എൽ കാർഡുകാരാണ്. അന്നന്നത്തെ അഷ്ടിക്കുവേണ്ടി കൂലിവേല ചെയ്യുന്നവരെ പോലും എന്തെങ്കിലും കാരണം കണ്ടെത്തി എ.പി.എൽ കാർഡ് ഉടമകളാക്കുകയാണ് അധികൃതർ. അത്തരമൊരവസ്ഥയിൽ, കുതിച്ചുയരുന്ന അരിവില സാധാരണക്കാരായ റേഷൻകാർഡുടമകളേയും സാരമായി ബാധിക്കും.
പൊതുവിപണിയെ സ്വാധീനിക്കും വിധം അരി വിതരണത്തിൽ സർക്കാർ ഇടപെടാതിടത്തോളം അവശ്യസാധനവില വർധിച്ചുകൊണ്ടേയിരിക്കും. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന നെല്ല് കേരളീയരുടെ ആവശ്യത്തിനു തികയുകയില്ല. സർക്കാർ ഇതുവരെ നെല്ല് സംഭരിക്കുന്നതിൽ അലസ നിലപാടായിരുന്നു കൈക്കൊണ്ടിരുന്നത്. മില്ലുടമകളുടെ സംഘടനയായ റൈസ് മില്ലേഴ്‌സ് അസോസിയേഷൻ നെല്ല് സംഭരിച്ച് അരിയാക്കി സർക്കാരിന് തിരികെ നൽകുന്നതിനുള്ള കരാറിൽ ഏർപ്പെടാതെ മാറിനിൽക്കുകയായിരുന്നു. സംഘടനാ ഭാരവാഹികളുമായി ഭക്ഷ്യമന്ത്രി നടത്തിയ ചർച്ചയെ തുടർന്നാണ് കഴിഞ്ഞ ദിവസം മുതൽ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കാൻ മില്ലുടമകൾ തയാറായത്. എന്നാലും കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചുനിർത്താൻ നെല്ലുസംഭരണം കൊണ്ട് കഴിയണമെന്നില്ല. സംഭരിച്ച നെല്ല് മില്ലുകളിൽ കുത്തി അരിയാക്കിയാലും റേഷൻകടകൾ വഴി വിതരണം ചെയ്യുമ്പോൾ അത് പൊതുവിപണിയെ സ്വാധീനിക്കുന്നില്ല എന്ന യാഥാർഥ്യം സർക്കാർ ഉൾക്കൊള്ളണം.


25 കിലോഗ്രാം വരെയുള്ള അരി പായ്ക്കറ്റിന് കേന്ദ്ര സർക്കാർ അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയത് ബ്രാൻഡഡ് അരിയുടെ വില വർധിക്കുവാനും കാരണമായി. എന്നാൽ സാധാരണക്കാർ അധികവും ചില്ലറയായി പൊതുവിപണയിൽ നിന്ന് സാധാരണ അരിയാണ് വാങ്ങുന്നത്. അതിനാണ് ക്രമാതീതമായ തോതിൽ വില വർധിക്കുന്നത്.
കേന്ദ്ര സർക്കാർ നൽകിയ സൗജന്യ അരിവിഹിതം മുൻഗണനാ വിഭാഗത്തിലെ 41 ലക്ഷം മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. സെപ്റ്റംബറിൽ നൽകേണ്ട സൗജന്യ അരി വിഹിതമാണ് ഇങ്ങനെ വെട്ടിക്കുറച്ചത്. വെട്ടിക്കുറച്ച അരി ഒക്ടോബറിൽ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും പൂർണതോതിൽ വിതരണം ചെയ്തില്ല. ഭക്ഷ്യവകുപ്പിൽ നിന്നുണ്ടാകുന്ന ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങളും സാധാരണക്കാരന് അവകാശപ്പെട്ട സൗജന്യ അരി പോലും നിഷേധിക്കപ്പെടുന്നു.


സെപ്റ്റംബറിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർധനവുണ്ടാക്കിയെന്നത് വാസ്തവമാണ്. എന്നാൽ ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യുക എന്നതിലാണ് സർക്കാർ അവരുടെ പ്രവർത്തന മികവ് പ്രകടിപ്പിക്കേണ്ടത്. വർധിക്കുന്ന അരിവില പിടിച്ചുനിർത്താൻ സർക്കാർ അടിയന്തര നടപടികളാണ് സ്വീകരിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  26 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  31 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago