കര്‍ണാടകയില്‍ പരാതിയുമായെത്തിയ യുവതിയെ കരണത്തടിച്ച് ബി.ജെ.പി മന്ത്രി; മന്ത്രിയുടെ കാലില്‍ വീണ് പരാതിക്കാരി
ബംഗളൂരു: പരാതിയുമായി എത്തിയ യുവതിയുടെ കരണത്തടിച്ച് ബി.ജെ.പി മന്ത്രി. കര്‍ണാടകയില്‍ പട്ടയം വിതരണം ചെയ്യുന്ന പരിപാടിക്കിടെ ശനിയാഴ്ചയാണ് സംഭവം. അടിസ്ഥാന സൗകര്യ വികസന മന്ത്രി വി സോമണ്ണ യുവതിയുടെ കരണത്തടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചാമരാജനഗര്‍ ജില്ലയിലെ ഹംഗല ഗ്രാമത്തിലായിരുന്നു പട്ടയ വിതരണം. വിതരണത്തിനിടെ പട്ടയം ലഭിക്കാത്ത ഒരു യുവതി മന്ത്രിയുടെ അടുത്തേക്ക് നീങ്ങുന്നതും മന്ത്രി യുവതിയുടെ കരണത്ത് അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. അടിച്ച ഉടനെ യുവതി മന്ത്രിയുടെ കാലില്‍ വീഴുന്നതും വീഡിയോയില്‍ കാണാം.
കര്‍ണാടക ലാന്‍ഡ് റവന്യൂ നിയമത്തിലെ സെക്ഷന്‍ 94 സി പ്രകാരം ഗ്രാമപ്രദേശങ്ങളില്‍ ഭൂമി ക്രമപ്പെടുത്തുന്നതിന് 175 ഓളം പേര്‍ക്കാണ് പട്ടയം നല്‍കിയത്. റവന്യൂ വകുപ്പിന് കീഴിലുള്ള പട്ടയം അനുവദിക്കാത്തതിന്റെ സങ്കടം പറയാനാണ് മന്ത്രിയെ സമീപിച്ചെന്നും അപ്പോഴാണ് തന്നെ തല്ലിയതെന്നും യുവതി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, മന്ത്രി സോമണ്ണ പിന്നീട് മാപ്പ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
വൈകിട്ട് 3.30ന് നടക്കേണ്ട പരിപാടിയില്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് മന്ത്രിയെത്തിയത്. ഇതാദ്യമായല്ല ഒരു ബി.ജെ.പി മന്ത്രി പരസ്യമായി ജനങ്ങളെ അധിക്ഷേപിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നിയമമന്ത്രിയായിരുന്ന ജെ.സി.മധുസ്വാമി ഒരു കര്‍ഷകയായ സ്ത്രീയെ പൊതുമധ്യത്തില്‍ അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കര്‍ണാടകയിലെ ഒരു കോളേജ് പ്രിന്‍സിപ്പലിനെ ജനതാദള്‍ (സെക്കുലര്‍) നേതാവ് തല്ലുന്ന വീഡിയോയും അടുത്തിടെയാണ് പുറത്ത് വന്നത്. കമ്പ്യൂട്ടര്‍ ലാബിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രിന്‍സിപ്പലിന് കഴിയാതിരുന്നതിനെ തുടര്‍ന്ന് പ്രകോപിതനായാണ് തല്ലിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."