'പുറത്തുനിന്നുള്ളവരെ കൊണ്ടു വന്ന് പ്രതിപക്ഷ വനിതാ എം.പിമാരെ ഉള്‍പെടെ തല്ലിച്ചതച്ചു, ജനാധിപത്യത്തെ കൊലചെയ്തു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍
ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
''പെഗാസസ്, പണപ്പെരുപ്പം, കര്‍ഷകരുടെ പ്രശ്‌നം എന്നിവ ഞങ്ങള്‍ ഉന്നയിച്ചു, പക്ഷെ ഇവ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ ഞങ്ങളെ അനുവദിച്ചില്ല. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ ഇന്ന് നിങ്ങളോട് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ഇവിടെ വരേണ്ടി വന്നു. ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്'' രാഹുല്‍ ഗാന്ധി പറഞ്ഞു.
പെഗാസസ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് 15 പാര്‍ട്ടികളുടെ നേതാക്കള്‍ പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി.
'ഇതാദ്യമായിട്ടാണ് പാര്‍ലമെന്റില്‍ എം.പിമാര്‍ ആക്രമിക്കപ്പെടുന്നത്. പുറത്തു നിന്നും എത്തിയവര്‍ എം.പിമാരെ തല്ലിച്ചതച്ചു. അപ്പോഴും അവര്‍ ചെയര്‍മാന്റെ കണ്ണീരിനെക്കുറിച്ച് സംസാരിക്കുന്നു. സഭയുടെ നടത്തിപ്പാണ് ചെയര്‍മാന്റെ ജോലി. 60 ശതമാനം വിഷയങ്ങളും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. രാജ്യത്തിന്റെ ശബ്ദം തകര്‍ക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്തു' രാഹുല്‍ ചൂണ്ടിക്കാട്ടി.
പുറത്തു നിന്നുള്ള ആളുകളെ കൊണ്ടുവന്ന് ഇന്നലെ വനിതാ എം.പിമാരെ ആക്രമിച്ചുവെന്നും ജനാധിപത്യത്തെ ഓരോ ദിവസവും കൊന്നുകൊണ്ടിരിക്കുകയാണെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. പാര്‍ലമെന്റിലല്ല, പാകിസ്താന്‍ അതിര്‍ത്തിയിലാണ് താന്‍ നില്‍ക്കുന്നതെന്ന് തോന്നുന്നുവെന്ന് റാവത്ത് കൂട്ടിച്ചേര്‍ത്തു. തന്റെ 55 വര്‍ഷത്തെ പാര്‍ലമെന്റ് ജീവിതത്തിനിടെ ആദ്യമായിട്ടാണ് വനിത എം.പിമാര്‍ രാജ്യസഭയില്‍ ആക്രമിക്കപ്പെടുന്നതെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."