ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിനെതിരെ ശക്തമായ നിലപാട് വേണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി എന്നോട് പറഞ്ഞിട്ടുണ്ട്: ശ്രീജ നെയ്യാറ്റിന്‍കര
തിരുവനന്തപുരം: ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിനെതിരെ ശക്തമായ നിലപാട് വേണ്ടെന്ന് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി തന്നോട് പറഞ്ഞിരുന്നതായി പാര്‍ട്ടി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിന്‍കര. 9 വര്‍ഷങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍. അതിനാല്‍ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തോടുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാടെനിക്ക് നന്നായി അറിയാം. ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ ആഗ്രസീവായ നിലപാട് സ്വീകരിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി എന്നെ നിരവധി തവണ താക്കീത് ചെയ്തിട്ടുണ്ട്. ഹിന്ദുത്വ എന്ന പദം ഉപയോഗിച്ച് സംഘപരിവാര്‍ രാഷ്ട്രീയത്തെ അഡ്രസ് ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ തെറ്റിദ്ധരിക്കും എന്നാണ് പാര്‍ട്ടി നേതൃത്വം തന്നോട് പറഞ്ഞതെന്നും ശ്രീജ സുപ്രഭാതത്തോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്ന് നേതാക്കള്‍ തുടര്‍ച്ചയായി രാജിവയ്ക്കുകയും ബി.ജെ.പിയില്‍ ചേരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ സുപ്രഭാതവുമായി സംസാരിക്കുകയായിരുന്നു അവര്‍.
വെല്‍ഫെയര്‍ പാര്‍ട്ടി ഒരിക്കലും ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് കൃത്യമായ രാഷ്ട്രീയ വിദ്യാഭ്യാസം അണികള്‍ക്ക് നല്‍കുന്നില്ലെന്നും അതാണ് നേതാക്കള്‍ പോലും പാര്‍ട്ടി വിട്ട് സംഘ്പരിവാര്‍ പാളയത്തിലേക്ക് പോകുന്നതെന്നും ശ്രീജ പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ നിരവധി തവണ വെല്‍ഫെയര്‍ പാര്‍ട്ടി എന്നെ താക്കീത് ചെയ്തിട്ടുണ്ട്. നിലപാടുകളുടെ പേരില്‍ കടുത്ത ആക്രമണം സംഘ്പരിവാറില്‍നിന്ന് ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ശ്രീജ സോഷ്യല്‍ മീഡിയയില്‍ അഗ്രസീവായി എഴുതിയിട്ടല്ലേ ഉണ്ടായതെന്ന മറുപടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം, ഗുജറാത്ത് കലാപ ചരിത്രം ചൂണ്ടിക്കാട്ടി ഫേസ് ബുക്കിലെഴുതിയ ഒരു കുറിപ്പിന്റെ പേരില്‍ എനിക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകനില്‍ നിന്ന് രൂക്ഷമായ ലൈംഗികാക്രമണ ഭീഷണിയുണ്ടായി. ഇത് കേസും മാധ്യമങ്ങളില്‍ വാര്‍ത്തയും ആയി. സംഭവം വലിയ വിവാദമായപ്പോള്‍ മാരാര്‍ജി ഭവനില്‍വച്ച് പ്രതിയേയും കൂട്ടി അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ എനിക്കെതിരെ തീവ്രവാദ ബന്ധം വരെ ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തി ഈ നുണ വാര്‍ത്ത മാധ്യമങ്ങളെല്ലാം തിരസ്‌കരിച്ചപ്പോള്‍ ജന്മഭൂമിയെക്കൂടാതെ മാധ്യമവും അത് റിപ്പോര്‍ട്ട് ചെയ്ത് സംഘപരിവാര്‍ നുണകള്‍ക്ക് ഒത്താശ നല്‍കി. സംഘപരിവാര്‍ സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളിലൊക്കെ തന്നത്താന്‍ അനുഭവിച്ചോളണം എന്ന നിലപാടാണ് വെല്‍ഫെയര്‍ പാര്‍ട്ടി എന്നോട് സ്വീകരിച്ചത്. പാര്‍ട്ടി നയം പാര്‍ട്ടി പറയുന്നുണ്ടെന്നും ശ്രീജ സംഘപരിവാര്‍ വിരുദ്ധതയൊന്നും പബ്ലിക്കില്‍ പറയണ്ട എന്നുമാണ് അന്നത്തെ ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് എന്നോട് പറഞ്ഞത്.
അവരുടെ നേതാക്കള്‍ ആര്‍.എസ്.എസുമായി നല്ല ബന്ധം സ്ഥാപിക്കുന്നുണ്ട്. ഇക്കാര്യം അവരുടെ മുന്‍ നേതാവ് സിദ്ദീഖ് ഹസന്‍ തന്നെ പരസ്യമായി പൊതുസമൂഹത്തോട് വ്യക്തമാക്കിയതാണ്. അഖിലേന്ത്യാ തലത്തിലാണ് തങ്ങള്‍ക്ക് ബന്ധമെന്നും കേരളത്തില്‍ പുറന്തോടിലാണ്, എന്നാല്‍ കേരളത്തിന് പുറത്ത് അങ്ങിനെ പുറന്തോടില്ലെന്നുമാണ് സിദ്ദീഖ് ഹസന്‍ പറഞ്ഞത്. എന്താണിതിനര്‍ത്ഥം? അവര്‍ ആര്‍.എസ്.എസുമായി അത്രയും അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന് തന്നല്ലേ? ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസ് ആര്‍.എസ്.എസ് നേതാക്കള്‍ സന്ദര്‍ശിച്ച കാര്യവും ജമാഅത്ത് നേതാക്കള്‍ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ച കാര്യവുമെല്ലാം അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ആര്‍.എസ്.എസിനെ സാധാരണവല്‍കരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്യുന്നത്.
ആര്‍.എസ്.എസ് സൈദ്ധാന്തികനായ പി. പരമേശ്വരന്‍ മരിച്ചപ്പോള്‍ മാധ്യമം പത്രത്തില്‍ അനുസ്മരണ ലേഖനം വന്നത് ആര്‍.എസ്.എസ് - ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ തെളിവല്ലേ …? പ്രത്യയ ശാസ്ത്രപരമായി ആര്‍.എസ്.എസിനെ എതിര്‍ക്കുന്ന ഒരു കൂട്ടര്‍ക്ക് എങ്ങനെയാണ് ആര്‍.എസ്.എസ് സൈദ്ധാന്തികനെ അനുസ്മരിക്കാന്‍ തങ്ങളുടെ പത്രത്തിന്റെ പേജ് നീക്കി വയ്ക്കാന്‍ കഴിയുക ..? സി.പി.എമ്മില്‍നിന്ന് ഒരു നേതാവ് ബി.ജെ.പിയിലേക്ക് പോയാല്‍ വലിയ ചര്‍ച്ചയാക്കും. ആ നേതാവിന്റെ ആശയവും സി.പി.എമ്മിന്റെ ആശയവും എല്ലാം ചര്‍ച്ചയാക്കും. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്ന് നേതാക്കള്‍ പോയിട്ട് ആരും ഈയൊരു വീക്ഷണകോണില്‍ ചര്‍ച്ച ചെയ്യുന്നില്ല.
വെല്‍ഫെയര്‍ പാര്‍ട്ടി ഒരിക്കലും കൃത്യമായി ആര്‍.എസ്.എസിന്റെ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ നിലപാടിനെ ചോദ്യം ചെയ്തിട്ടില്ല. ഹിന്ദുത്വവാദികള്‍ എവിടെയെങ്കിലും മോബ് ലിഞ്ചിങ്ങോ മറ്റോ നടത്തിയാല്‍ അതിനെ അപലപിക്കും . വലിയ ഫാസിസ്റ്റ് വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കും എന്നാല്‍, ഹിന്ദുത്വവാദികളുടെ ആശയധാരയെ കൃത്യമായി അവര്‍ എന്നെങ്കിലും അഡ്രസ് ചെയ്തിട്ടുണ്ടോ? ഒമ്പത് വര്‍ഷമായി അവര്‍ക്കൊപ്പം സഞ്ചരിച്ച ഞാനത് കണ്ടിട്ടില്ല ശ്രീജ കൂട്ടിച്ചേര്‍ത്തു.
മൂന്നുവര്‍ഷം മുമ്പാണ് ശ്രീജ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. പാര്‍ട്ടിയില്‍ സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ അവര്‍ വഹിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."