സ്വപ്‌നയുടെ തോളില്‍ പിടിച്ച് ഫോട്ടോയെടുത്തിട്ടില്ല, ഉണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെ: കടകംപള്ളി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണവുമായി മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വപ്നയ്‌ക്കൊപ്പം ഫോട്ടോ എടുത്തിട്ടില്ലെന്നും സ്വപ്നയുടെ തോളില്‍ കയ്യിട്ടു നില്‍ക്കുന്ന ഫോട്ടോ ഉണ്ടെങ്കില്‍ പുറത്തുവിട്ടെയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞമൂന്നുവര്‍ഷമായി അവര്‍ പറയുന്ന വാര്‍ത്തകളെല്ലാം മലയാളികള്‍ കാണുകയാണ്. നിരവധി ആക്ഷേപങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. സമീപകാലത്ത് തന്റെ സഹപ്രവര്‍ത്തകനെതിരേ അവര്‍ ഉന്നയിച്ച ആക്ഷേപത്തില്‍ തന്റെ പേരും വലിച്ചിഴയ്ക്കാന്‍ ശ്രമമുണ്ടായി. മൂന്നുവര്‍ഷത്തിനിടെ പലരെക്കുറിച്ചും ചെറുതും വലുതുമായ ആക്ഷേപം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ഒരിക്കല്‍പോലും തന്നെക്കുറിച്ച് ഒന്നും പറയാന്‍ അവര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പേര് എടുത്തുചോദിച്ച് അവരെ കൊണ്ട് പറയിപ്പിക്കുകയാണ് ചെയ്തത്. ഇത് നേരത്തെ തയ്യാറാക്കിയ കാര്യമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രവാസികളുടെ പരിപാടിയുമായി ബന്ധപ്പെട്ട പാര്‍ട്ടി ചടങ്ങില്‍ പങ്കെടുത്തിന് ശേഷം മുമ്പ് ജനപ്രതിനിധികള്‍ക്ക് ഒപ്പം സ്വപ്നയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് സ്വപ്നയുടെ വീടാണെന്ന് അറിഞ്ഞത്. വീട്ടിലേക്ക് കയറി അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ ചായ കുടിച്ചു മടങ്ങി. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്നല്ലാതെ മറ്റെല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും സ്വപ്നയുടെ സഹോദരനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.
സ്വപ്‌ന പെട്ടിരിക്കുന്നത് പത്മവ്യൂഹത്തിലാണ്. ബി.ജെ.പിയുടേയും കോണ്‍ഗ്രസിന്റെയും പത്മവ്യൂഹത്തില്‍ നിന്ന് രക്ഷപ്പെടുന്നത് പ്രയാസമായിരിക്കുമെന്നും കടകംപള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."