നിയമം അനുശാസിക്കുന്ന സാഹചര്യത്തിലല്ലാതെ ബലപ്രയോഗം പാടില്ല: ഡി.ജി.പി
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • വിവിധ പൊലിസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങൾ എത്രയുംവേഗം ജില്ലാ പൊലിസ് മേധാവിമാർക്ക് ലഭ്യമാകുന്നതരത്തിൽ ജില്ലാ സ്‌പെഷൽ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന പൊലിസ് മേധാവി അനിൽ കാന്ത്. സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ വിളിച്ചുചേർത്ത ജില്ലാ പൊലിസ് മേധാവിമാരുടെയും റെയ്ഞ്ച് ഡി.ഐ.ജിമാരുടെയും സോൺ ഐ.ജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് നിർദേശം നൽകിയത്. നിയമം അനുശാസിക്കുന്ന സാഹചര്യത്തിലല്ലാതെ ഒരുകാരണവശാലും ബലപ്രയോഗം പാടില്ല. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി ബലപ്രയോഗം വേണ്ടിവന്നാൽ അത് നിയമാനുസൃതം മാത്രമേ ആകാവൂ.
പൊലിസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ സബ് ഡിവിഷണൽ പൊലിസ് ഓഫിസർമാർ കൃത്യമായി വിലയിരുത്തണം. കേസുകളുമായി ബന്ധപ്പെട്ട് വ്യക്തികളെ പൊലിസ് സ്റ്റേഷനുകളിൽ കൊണ്ടുവരുമ്പോൾ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണം. വൈദ്യപരിശോധന ഉൾപ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സബ് ഡിവിഷണൽ പൊലിസ് ഓഫിസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കുമായിരിക്കും.
ഇത്തരം കേസുകളിൽ കേരള പൊലിസ് ആക്ടിൽ വ്യക്തമാക്കിയ എല്ലാ നടപടിക്രമങ്ങളും പാലിക്കണം. ജില്ലാ പൊലിസ് മേധാവിമാർ എല്ലാ പൊലിസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."