ഒരു കാര്യവുമില്ലാതെ പൊലിസ് ബൈക്ക് തടഞ്ഞു, ചാവിയൂരി, കെഞ്ചി പറഞ്ഞിട്ടും വിട്ടില്ല; യുവാവിന് നഷ്ടമായത് പി.എസ്.സി പരീക്ഷ എഴുതാനുള്ള അവസരം
കോഴിക്കോട്: പി.എസ്.സി പരീക്ഷ എഴുതാനായി ബൈക്കില്‍ പോകുകയായിരുന്ന ഉദ്യോഗാര്‍ഥിയെ പൊലിസ് തടഞ്ഞുനിര്‍ത്തി, ബൈക്ക് പിടിച്ചിട്ടു, ചാവിയൂരി. ഏറെ അഭ്യര്‍ത്ഥിച്ചിട്ടും കെഞ്ചി പറഞ്ഞിട്ടും താക്കോല്‍ വിട്ടു നല്‍കിയുമില്ല. ഏതായാലും പൊലിസിന്റെ ഈ പിടിവാശിക്കു മുന്നില്‍ ഒരു യുവാവിന് നഷ്ടമായത് ഏറെ തയ്യാറെടുപ്പുകള്‍ നടത്തി അയാള്‍ എഴുതാനിരുന്ന പി.എസ്.സി പരീക്ഷയാണ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
രാമനാട്ടുകര സ്വദേശിയായ അരുണ്‍ (29) എന്ന യുവാവിനാണ് പൊലിസിന്റെ നടപടിമൂലം പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായത്. ഇതേത്തുടര്‍ന്ന് ഫറോക്ക് അസി. കമീഷണര്‍ക്ക് പരാതി നല്‍കി. ഉദ്യോഗാര്‍ത്ഥിയെ അകാരണമായി തടഞ്ഞുവെച്ച ഫറോക്ക് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ രഞ്ജിത്ത് പ്രസാദിനെ ജില്ല പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ശനിയാഴ്ചത്തെ പരീക്ഷക്ക് മീഞ്ചന്ത ജി.വി.എച്ച്.എസ് ആയിരുന്നു അരുണിന് കേന്ദ്രമായി ലഭിച്ചത്. ഫറോക്ക് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഗതാഗത തടസമുണ്ടായതോടെ പുതിയ പാലത്തില്‍ നിന്ന് യുടേണ്‍ എടുത്ത് ഫറോക്ക് ടൗണ്‍ വഴി പോകാന്‍ ശ്രമിച്ചു. ഫറോക്ക് ജങ്ഷനില്‍ വെച്ച് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന പൊലിസുകാരന്‍ തന്നെ തടഞ്ഞെന്ന് അരുണ്‍ പറയുന്നു.
ബൈക്ക് റോഡരികിലേക്ക് മാറ്റിയപ്പോള്‍ പൊലിസുകാരന്‍ വന്ന് താക്കോല്‍ ഊരി. അരുണിന് പറയാനുള്ളത് കേള്‍ക്കാതെ പൊലീസുകാരന്‍ വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി. വൈകിയാല്‍ പരീക്ഷ മുടങ്ങുമെന്ന് അരുണ്‍ പലതവണ പറഞ്ഞെങ്കിലും പൊലിസുകാരന്‍ ചെവികൊണ്ടില്ല. അല്‍പസമയം കഴിഞ്ഞ് ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. 1.55 വരെ അരുണിനെ ഇവിടെ നിര്‍ത്തി.
സ്റ്റേഷന്‍ എസ്.ഐ ഇടപെട്ടതോടെ അരുണിനെ പൊലിസ് ജീപ്പില്‍ കയറ്റി പരീക്ഷാ കേന്ദ്രത്തിലെത്തിക്കാനായി ശ്രമം. എന്നാല്‍, സ്‌കൂളിലെത്തിയപ്പോഴേക്കും റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞിരുന്നു. ഇതിനാല്‍ പരീക്ഷാഹാളില്‍ പ്രവേശിക്കാന്‍ അധികൃതര്‍ അനുവദിച്ചില്ല. പൊലിസുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഒ.എം.ആര്‍ ഷീറ്റ് ക്യാന്‍സല്‍ ചെയ്തതിനാല്‍ ഇനി എഴുതാനാവില്ലെന്ന് പരീക്ഷ നടത്തിപ്പുകാര്‍ വ്യക്തമാക്കി. ഇതോടെ പൊലിസ് ജീപ്പില്‍ തന്നെ അരുണിനെ തിരികെയെത്തിച്ചു. ഗതാഗതനിയമലംഘനത്തിന് രണ്ടാഴ്ച കഴിഞ്ഞ് സമന്‍സ് വരുമെന്നും പെറ്റിയടക്കണമെന്നും പറഞ്ഞ് പോകാന്‍ അനുവദിക്കുകയായിരുന്നു.
ഏറെ പ്രതീക്ഷയോടെ തയാറെടുപ്പ് നടത്തിയ പരീക്ഷയാണ് പൊലീസുകാരന്റെ മനുഷ്യത്വരഹിതമായ ഇടപെടലിലൂടെ മുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."