'ഇത് വിയറ്റ്‌നാം തനിയാവര്‍ത്തനമല്ല' ; കാബൂളില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തെ പ്രതിരോധിച്ച് ബ്ലിങ്കന്‍
കാബൂള്‍: 20 വര്‍ഷത്തെ അധിനിവേശത്തിനൊടുവില്‍ അഫ്ഗാനിസ്താനില്‍ നിന്നുള്ള യു.എസ് പിന്‍മാറ്റം 1975ലെ വിയറ്റ്‌നാമില്‍ നിന്നുള്ള മടക്കത്തിന് സമാനമെന്ന വിലയിരുത്തലുകളെ തള്ളി യു.എസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. വിയറ്റ്‌നാമില്‍ നിന്ന് യുദ്ധമവസാനിപ്പിച്ച് ഓടിപ്പോകേണ്ടി വന്നതിന് തുല്യമല്ല അഫ്ഗാനിലേതെന്നാണ് ബ്ലിങ്കന്റെ വാദം. സെപ്തംബര്‍ 11ന് തങ്ങളെ ആക്രമിച്ചവരെ കൈകാര്യം ചെയ്യാനാണ് യു.എസ് സൈന്യം അഫ്ഗാനിലെത്തിയത്. ആ ദൗത്യം ഞങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ബ്ലിങ്കന്‍ പറയുന്നു.
1975 ഏപ്രില്‍ 29നാണ് വിയറ്റ്‌നാമിലെ സൈഗോണിലുള്ള എംബസിയുടെ ടെറസില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ അമേരിക്ക ഹെലിക്കോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയത്. ഇതിന് സമാനമായാണ് കഴിഞ്ഞ ദിവസം കാബൂളിലും സംഭവിച്ചത്. കാബൂളിലെ എംബസിയില്‍ നിന്നും ഹെലിക്കോപ്റ്റര്‍ വഴിയാണ് കഴിഞ്ഞ ദിവസം നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക രക്ഷപ്പെടുത്തിയത്.
സൈഗോണ്‍ ആവര്‍ത്തിക്കുമോ എന്ന് കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാന്തഹാര്‍ നഗരം താലിബാന്‍ പിടിച്ചപ്പോള്‍ തന്നെ പൗരന്‍മാരെ ഒഴിപ്പിക്കാനായി അമേരിക്ക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അതിവേഗം മുന്നേറിയ താലിബാന്‍ കാബൂള്‍ പിടിച്ചതോടെ അഫ്ഗാനിലും സൈഗോണ്‍ ആവര്‍ത്തിച്ചു.
സോവിയറ്റ് പിന്തുണയോടെ വടക്കന്‍ വിയറ്റ്‌നാം പട്ടാളം 1975 ഏപ്രില്‍ 30ന് ആണ് തെക്കന്‍ വിയറ്റ്‌നാമിലെത്തി സെയ്‌ഗോണ്‍ (ഇപ്പോള്‍ ഹോചിമിന്‍ സിറ്റി) പിടിച്ചത്. തെക്കന്‍ വിയറ്റ്‌നാം, അമേരിക്കയുടെ പിന്തുണയോടെയാണ് യുദ്ധം ചെയ്തിരുന്നത്. വടക്കന്‍ സൈന്യം നഗരം പിടിച്ചത് അപ്രതീക്ഷിതമായിരുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് അന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക രക്ഷിച്ചത്. 29, 30 തിയതികളില്‍ ഓരോ 10 മിനിറ്റ് കൂടുമ്പോഴും അമേരിക്കന്‍ കോപ്റ്റര്‍ എംബസിയുടെ ടെറസില്‍ ഇറങ്ങി. ഓപ്പറേഷന്‍ ഫ്രീക്വന്റ് വിന്‍ഡ് എന്ന് പേരിട്ട ഈ ദൗത്യം വഴി 7000 പേരെയാണ് ഒഴിപ്പിച്ചത്. അമേരിക്കയുടെ പരിഭ്രാന്തമായ രക്ഷപ്പെടലായാണ് ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. കോപ്റ്ററിലേക്ക് ഏണി വഴി പരിഭ്രാന്തിയോടെ കയറുന്നവരുടെ, ഡച്ച് ഫൊട്ടോഗ്രഫര്‍ ഹഗ്‌വന്‍ എസ് എടുത്ത ചിത്രം അമേരിക്കയുടെ പരാജയത്തിന്റെ നേര്‍ച്ചിത്രമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."