അഫ്ഗാന്‍: വന്‍ശക്തികള്‍ക്ക് കൈകഴുകാന്‍ കഴിയുമോ?
നസറുദ്ദീന്‍ മണ്ണാര്‍ക്കാട്
അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തിന് തൊട്ടുപുറകെ ആ രാജ്യം വീണ്ടും താലിബാന്‍ ഭരണത്തിലേക്ക് വീഴുന്ന കാഴ്ച ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ സ്വാഭാവിക പരിണതി ഇപ്രകാരം തന്നെയായിരിക്കുമെന്ന് അമേരിക്കയ്ക്കും ലോകരാഷ്ട്രങ്ങള്‍ക്കും നൂറു ശതമാനവും ഉറപ്പായിരുന്നു. നിലവിലുണ്ടായിരുന്ന അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് അധികാരം കൈമാറാതെ എത്ര ദിവസം പിടിച്ചുനില്‍ക്കുമെന്നതില്‍ മാത്രമായിരുന്നു ഒരല്‍പമെങ്കിലും അനിശ്ചിതത്വം നിലനിന്നിരുന്നത്. എന്നാല്‍ കാബൂളില്‍ പ്രവേശിച്ച താലിബാനോട് ഏറ്റുമുട്ടലിനു തയാറാകാതെ പ്രസിഡന്റ് അശ്‌റഫ് ഗനി തന്റെ അധികാരമൊഴിഞ്ഞ് രാജ്യംവിട്ടത് രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം അധികാരത്തിലേക്കുള്ള താലിബാന്റെ തിരിച്ചുവരവ് എളുപ്പമാക്കി.
രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം അധികാരം കൈയാളുന്ന താലിബാന്‍ തങ്ങളുടെ പഴയ തീവ്രനയങ്ങള്‍ തന്നെ തുടരുമോ, അതോ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഭരണരീതി സ്വീകരിക്കുമോ എന്നൊന്നും ഇതുവരെയും ഒരുറപ്പുമില്ല. നിരന്തരമായ അധിനിവേശങ്ങളും അട്ടിമറികളും അഴിമതിക്കാരുടെ പാവഭരണവുമെല്ലാം അഫ്ഗാനിസ്ഥാനെ ഒരു നൂറ്റാണ്ടെങ്കിലും പിറകോട്ട് എത്തിച്ചിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയ്ക്ക് പ്രകൃതിസമ്പത്ത് കൊണ്ട് ഏറെ സമ്പുഷ്ടമാണെങ്കിലും ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് അവിടുത്തെ ജനങ്ങള്‍. ആഗോള സമാധാന സൂചികയില്‍ ഏറ്റവും സമാധാനമില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തിലാണ് എല്ലാവര്‍ഷവും സ്ഥാനം. വെറും 43 ശതമാനം പേര്‍ മാത്രം സാക്ഷരത കൈവരിച്ച ഒരു രാജ്യത്തിന്റെ മാനവശേഷിയുടെ നിലവാരം കൂടുതല്‍ ചികയേണ്ടതില്ലല്ലോ? അരാജകത്വവും വികസനമുരടിപ്പും നിരന്തര സംഘര്‍ഷങ്ങളും അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഭരണസംവിധാനങ്ങളുമാണ് ഇന്നത്തെ അഫ്ഗാന്റെ ആകെത്തുക. ജനാധിപത്യവും സമാധാനവും സ്ഥാപിക്കാന്‍ വേണ്ടി ആ രാജ്യത്തേക്ക് കടന്നുകയറിയ അമേരിക്ക പിന്മാറേണ്ടി വന്നപ്പോള്‍ മേല്‍പ്പറഞ്ഞ ഒരു ലക്ഷ്യവും കൈവരിച്ചില്ലെന്നു മാത്രമല്ല, മുഖ്യഎതിരാളികളായി അവര്‍ കണ്ട താലിബാനികള്‍ കൂടുതല്‍ ശക്തി നേടുകയാണുണ്ടായത്.
അഫ്ഗാനിസ്ഥാനെ ഇന്ന് കാണുംവിധം ദുരിതപൂര്‍ണമാക്കിയതില്‍ ലോകത്തെ വന്‍ശക്തികളുടെ പങ്ക് കാണാതിരിക്കാനാകില്ല. തങ്ങളുടെ സാമ്രാജ്യത്തെ റഷ്യയില്‍നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അഫ്ഗാനിസ്ഥാനെ പിടിച്ചെടുക്കാന്‍ 19ാം നൂറ്റാണ്ടില്‍ ബ്രിട്ടന്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ 1838 മുതല്‍ തന്നെ ഈ രാജ്യത്തെ തുടര്‍യുദ്ധങ്ങളിലേക്ക് തള്ളിവിട്ടിരുന്നു. യുദ്ധത്തിലൂടെ കീഴ്‌പ്പെടുത്താന്‍ കഴിയാത്ത ജനതയാണ് അഫ്ഗാനികളെന്ന് 1921ഓടെ ബ്രിട്ടനു ബോധ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് അധികാരം കൈയാളിയ ആമിര്‍ അമാനുല്ലാ ഖാന്‍ സ്വയംരാജാവായി പ്രഖ്യാപിച്ചെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് രാജ്യം ഉപേക്ഷിക്കേണ്ടിവന്നു. 1933 മുതല്‍ 1973 വരെ ഭരണം നടത്തിയ രാജാവ് സാഹിര്‍ ഷായുടെ നീണ്ട നാലു പതിറ്റാണ്ടുകാലം മാത്രമാണ് ആധുനിക അഫ്ഗാന്റെ ചരിത്രത്തില്‍ ഒരു ഭരണത്തുടര്‍ച്ച കാണുന്നത്. രാജാവിന്റെ അടുത്ത ബന്ധുവായ മുഹമ്മദ് ദാവൂദ് ഖാന്‍ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് രാജ്യം സോവിയറ്റ് യൂനിയനുമായി കൂടുതല്‍ അടുക്കുന്നത്. ശീതസമരകാലത്ത് ഇരുരാജ്യങ്ങളും പരസ്പരം കൂടുതല്‍ അടുത്തു, 1965ല്‍ അതീവരഹസ്യമായി അഫ്ഗാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു.
സോവിയറ്റ് യൂനിയന്റെ നിര്‍ലോഭമായ സഹായം ലഭിച്ചുകൊണ്ടിരുന്ന ഖാന്‍ 1973ല്‍ രാജാവ് സാഹിര്‍ ഷായെ അട്ടിമറിച്ച് രാജ്യം കൈയടക്കി സ്വയം പ്രസിഡന്റായി അവരോധിതനായി. രാജ്യത്തിനു പുതിയ ഭരണഘടനയുണ്ടാക്കുകയും അഫ്ഗാനെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലൂന്നിയ ഒരു ആധുനിക രാഷ്ട്രമാക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടരുകയും ചെയ്‌തെങ്കിലും അഫ്ഗാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അന്തഛിദ്രത ഖാന്റെ വധത്തില്‍ കലാശിച്ചു. തുടര്‍ന്ന് നൂര്‍ മുഹമ്മദ് തരാക്കി പ്രസിഡന്റായും ബബ്‌റാക് കര്‍മല്‍ പ്രധാനമന്ത്രിയായും പുതിയഭരണം നിലവില്‍വന്നു. അതിരുകടന്ന സോവിയറ്റ് സ്വാധീനത്തില്‍നിന്ന് പുറത്തുകടക്കാനായിരുന്നു അവരുടെ ശ്രമം. എങ്കിലും സോവിയറ്റ് യൂനിയന്റെ സഖ്യകക്ഷിയായി തന്നെ അഫ്ഗാന്‍ തുടര്‍ന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പിന്നീട് തരാക്കിയുടെ കൊലയില്‍ കലാശിക്കുകയും തകര്‍ച്ചയുടെ വക്കിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണത്തെ താങ്ങിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സോവിയറ്റ് യൂനിയന്‍ 1979ല്‍ അഫ്ഗാനില്‍ അധിനിവേശം നടത്തുകയും ചെയ്തു. രാജ്യത്തിന്റെ നഗരപ്രദേശങ്ങള്‍ സോവിയറ്റ് യൂനിയനും ഗ്രാമങ്ങള്‍ കൈയൂക്കുള്ള യുദ്ധപ്രഭുക്കന്മാരും പിടിച്ചെടുക്കുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.
സോവിയറ്റ് യൂനിയന്റെ അധിനിവേശത്തിനെതിരേ വിവിധ മുജാഹിദീന്‍ സംഘങ്ങള്‍ ഉയര്‍ന്നുവരികയും അമേരിക്ക അവരെ ഒരു മടിയുമില്ലാതെ സഹായിക്കുകയും ചെയ്തു. സഊദി പൗരനായ ഉസാമ ബിന്‍ ലാദന്‍ അമേരിക്കയുടെ വീരനായകനായി മാറുന്നത് ഇക്കാലത്താണ്. പാകിസ്താന്‍ ഇടനിലക്കാരായി നിന്നുകൊണ്ട് അമേരിക്കയുടെയും ബ്രിട്ടന്റെയും ആയുധങ്ങള്‍ അഫ്ഗാനിലെ സോവിയറ്റ്‌വിരുദ്ധ പോരാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. ശത്രുവിന്റെ ശത്രു മിത്രം എന്ന മിനിമം പോളിസിയുടെ ഭാഗമായി സോവിയറ്റ് യൂനിയനെതിരേ ഈ സംഘങ്ങള്‍ക്കെല്ലാം അമേരിക്കയും സഖ്യകക്ഷിയായ ബ്രിട്ടനും സഹായങ്ങള്‍ വാരിനല്‍കി. 1988ല്‍ പതിനഞ്ചോളം വരുന്ന ഈ സംഘങ്ങളെ ഏകോപിപ്പിച്ച് ഉസാമ ബിന്‍ ലാദന്‍ അല്‍ഖാഇദ രൂപീകരിച്ചു. പിന്നീട് സംഭവിച്ചത് സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ന് അമേരിക്ക ചെയ്യുന്നതുപോലെ നജീബുല്ലയുടെ നേതൃത്വത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് പാവസര്‍ക്കാരിനെ പ്രതിഷ്ഠിച്ച് ഒരുലക്ഷം വരുന്ന റഷ്യന്‍ ചെമ്പട അഫ്ഗാനില്‍നിന്ന് സ്ഥലം കാലിയാക്കി. അല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. നജീബുല്ലയെ സ്ഥാനഭ്രഷ്ടനാക്കി 1992ല്‍ രാജ്യം ആഭ്യന്തര കലാപത്തിലേക്കു നീങ്ങി. നേരത്തെ സോവിയറ്റ് യൂനിയനെതിരേ പോരാടിയിരുന്നവരും യുദ്ധപ്രഭുക്കന്മാരും അധികാരത്തിനു വേണ്ടിയുള്ള പരസ്പര പോരാട്ടത്തില്‍ മുഴുകിയപ്പോഴാണ് താലിബാന്‍ ഉയര്‍ന്നുവരുന്നത്. 1996ല്‍ അഫ്ഗാനിസ്ഥാന്റെ അധികാരം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കിയ താലിബാന്‍ 2001ലെ അമേരിക്കന്‍ അധിനിവേശം വരെ ഭരണത്തില്‍ തുടര്‍ന്നു.
വന്‍ശക്തിയായിരുന്ന സോവിയറ്റ് യൂനിയന്റെ അധികാര താല്‍പര്യങ്ങളാണ് അന്ന് അഫ്ഗാനിസ്ഥാന്റെ ദുര്‍വിധിക്ക് നിമിത്തമായതെന്ന് നിസ്സംശയം പറയാം. എന്തൊക്ക പോരായ്മകള്‍ ആരോപിച്ചാലും അഫ്ഗാനിലെ രാജഭരണം ജനങ്ങള്‍ക്ക് സമാധാനം നല്‍കിയിരുന്നു. അതിനെ അട്ടിമറിച്ച് തുടക്കംകുറിച്ച അശാന്തിയുടെ ബാക്കിപത്രമാണ് 1992ലെ ആഭ്യന്തരകലാപം വരെ എത്തിച്ചത്. സോവിയറ്റ് യൂനിയനെതിരേ അമേരിക്ക ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയെടുത്ത സംഘങ്ങള്‍ മാറിയസാഹചര്യത്തില്‍ രാജ്യത്തെ അസ്ഥിരതയിലേക്ക് നയിച്ചുവെന്നത് പരമാര്‍ഥമാണ് .
2001ല്‍ ഇതേ സംഘങ്ങളുടെ മേല്‍ സെപ്റ്റംബര്‍ 11ന്റെ പഴിചാരിക്കൊണ്ടാണ് അമേരിക്ക അഫ്ഗാനിലേക്കു വരുന്നത്. ഒരുകാലത്ത് തങ്ങളുടെ വീരനായകനായിരുന്ന ഉസാമ അമേരിക്കയുടെ മുഖ്യശത്രുവായി. ഉസാമയെ സംരക്ഷിക്കുന്ന താലിബാന്‍ സര്‍ക്കാരിനെതിരേ സൈനികനടപടി ആരംഭിച്ചു. ഏതാണ്ട് അഞ്ചു വര്‍ഷത്തെ താലിബാന്‍ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് അമേരിക്കന്‍ സൈന്യം വിജയഭേരി മുഴക്കി. എന്നാല്‍ അഫ്ഗാന്റെ മണ്ണില്‍ തങ്ങള്‍ക്ക് കാലിടറാന്‍ പോവുന്നേയുള്ളൂവെന്ന് അമേരിക്കമ മനസിലാക്കിയപ്പോഴേക്കും തങ്ങളുടെ 2,500 പട്ടാളക്കാര്‍ക്ക് ജീവഹാനിയും അതിന്റെ പത്തിരട്ടിയെങ്കിലും പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016ഓടെ അഫ്ഗാനില്‍നിന്ന് അമേരിക്ക പൂര്‍ണമായും പിന്മാറുമെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി അഫ്ഗാന്‍ പട്ടാളക്കാര്‍ക്ക് ട്രെയിനിങ് നല്‍കുന്ന കാര്യത്തിലായിരുന്നു അമേരിക്കയുടെ ഊന്നല്‍. എന്നാല്‍ വിചാരിച്ചതുപോലെ 2016ല്‍ പിന്മാറ്റം സാധ്യമായില്ല. അമേരിക്ക നിയമിച്ച പാവസര്‍ക്കാരിനെ നോക്കുകുത്തിയാക്കി താലിബാന്‍ തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ വലുതാക്കിക്കൊണ്ടിരുന്നു. അധികാരം അഫ്ഗാന്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ച് അഫ്ഗാനിസ്ഥാനില്‍നിന്ന് തടിയെടുക്കാമെന്ന അമേരിക്കന്‍ മോഹങ്ങള്‍ നടക്കില്ലെന്ന് ഉറപ്പായി. അങ്ങനെയാണ് താലിബാനുമായുള്ള മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങുന്നത്. അഫ്ഗാനിലെ പാവസര്‍ക്കാരിനെ തീര്‍ത്തും നോക്കുകുത്തിയാക്കിയാണ് അമേരിക്ക താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിപ്പോന്നത്. തങ്ങളുടെ പിടിവിട്ടാല്‍ താഴെ വീഴുമെന്നുറപ്പുള്ള പാവസര്‍ക്കാരില്‍ അമേരിക്കയ്ക്കുപോലും ആത്മവിശ്വാസം ഇല്ലായിരുന്നു. അതിനെ സാധൂകരിക്കുംവിധമാണ് വര്‍ഷങ്ങളായി അമേരിക്കന്‍ പട്ടാളത്തിന്റെ കീഴില്‍ ട്രെയിനിങ് നേടിയ അഫ്ഗാന്‍ സേനയുടെ കീഴടങ്ങല്‍.
താലിബാനെ ശക്തിപ്പെടുത്താന്‍ മാത്രമേ അമേരിക്കയുടെ അധിനിവേശം കൊണ്ട് സാധിച്ചിട്ടുള്ളൂവെന്ന് വിലയിരുത്തേണ്ടിവരും. സോവിയറ്റ് യൂനിയന്റെ പിന്മാറ്റത്തോടെയുണ്ടായ സിവില്‍ വാറിലൂടെ ഉയര്‍ന്നുവന്ന തീവ്രസംഘമാണ് താലിബാന്‍. അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ രണ്ടു വന്‍ശക്തികളെ തോല്‍പ്പിച്ചവര്‍ എന്ന ആത്മവിശ്വാസത്തോടെയാവും താലിബാന്‍ അധികാരത്തില്‍ വരിക. അതിന്റെ പരിണതി കണ്ടറിയുകതന്നെ വേണം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുന്ന പഴയ നയങ്ങള്‍ തുടരുമോ എന്ന ഭയാശങ്കയിലാണു പലരും. അതില്‍ അടിസ്ഥാനമുണ്ടുതാനും. മാറിയ സാഹചര്യത്തില്‍ താലിബാന്‍ തങ്ങളുടെ നയങ്ങളില്‍ എത്രകണ്ട് ഇളവു വരുത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും അഫ്ഗാന്‍ ജനതയുടെ ഭാവി.
ലോക വന്‍ശക്തികളുടെ ആര്‍ത്തിയും അധികാര മോഹങ്ങളുമാണ് ഒരു രാജ്യത്തെ കൂടി ഇവ്വിധം നശിപ്പിച്ചത്. ഷായുടെ ഭരണം അട്ടിമറിച്ച് സോവിയറ്റ് യൂനിയന്‍ തുടങ്ങിവച്ച രക്തച്ചൊരിച്ചിലാണ് ആദ്യം അഫ്ഗാന്റെ സമാധാനം കെടുത്തിയത്. സോവിയറ്റ് യൂനിയനെ ചെറുക്കാന്‍ ബില്യണ്‍ ഡോളറുകളാണ് അമേരിക്ക അഫ്ഗാനില്‍ ഒഴുക്കിയത്. വിദ്യാര്‍ഥികളില്‍ തീവ്രത കുത്തിവയ്ക്കാന്‍ മില്യണ്‍ കണക്കിനു ഡോളറുകള്‍ വേറെയും ചെലവിട്ടിരുന്നതായി വാഷിങ്ടന്‍ പോസ്റ്റ് 2002ല്‍ തുറന്നെഴുതിയിരുന്നു. അഫ്ഗാനിസ്ഥാനിലെ ധാതുവിഭവങ്ങളിലായിരുന്നു അമേരിക്കയുടെ കണ്ണ്. മൂന്ന് ട്രില്യണ്‍ ഡോളറിന്റെ ധാതുക്കള്‍ കൈയടക്കാന്‍ കഴിഞ്ഞാല്‍ ലിഥിയം ബാറ്ററി മുതല്‍ കംപ്യൂട്ടര്‍ ചിപ്പുകള്‍ വരെ നിര്‍മിക്കാന്‍ കഴിയുന്ന അമൂല്യമായ അസംസ്‌കൃത വസ്തുക്കളുടെ ശേഖരം തങ്ങള്‍ക്ക് സ്വന്തമാകുമെന്ന് അമേരിക്ക കണക്കുകൂട്ടി. സൈന്യത്തെ അഫ്ഗാനില്‍ തുടരാന്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ 2017ല്‍ ട്രംപ് ഊന്നിപ്പറഞ്ഞ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് ഇതുതന്നെയായിരുന്നു.
അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനു പിന്നിലും ഇതേ കച്ചവടക്കണ്ണായിരുന്നു. ലോകത്ത് എണ്ണസമ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇറാഖിനെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ കഴിഞ്ഞാല്‍ എണ്ണമാര്‍ക്കറ്റ് തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്ന് അമേരിക്ക വിലയിരുത്തി. ശരാശരി 1,77,000 ബാരല്‍ പെട്രോളാണ് ദിനേ ന അമേരിക്കയിലേക്ക് ഇറാഖില്‍നിന്ന് കയറ്റുമതി ചെയ്യുന്നത്. അമേരിക്കയുടെ ഈ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വേണ്ടി അഞ്ചു ലക്ഷത്തില്‍പരം മനുഷ്യര്‍ ഇറാഖിലും രണ്ടര ലക്ഷത്തില്‍പരം മനുഷ്യര്‍ അഫ്ഗാനിലും തങ്ങളുടെ ജീവന്‍ നല്‍കേണ്ടിവന്നു. പരുക്കേറ്റവരും ജീവിതം തന്നെ കീഴ്‌മേല്‍ മറിഞ്ഞവരും ഇതിന്റെ പത്തിരട്ടിയെങ്കിലുമുണ്ടാവും. 20 ലക്ഷം പേരെങ്കിലും സോവിയറ്റ് യൂനിയന്റെ അഫ്ഗാന്‍ അധിനിവേശത്തിന്റെ ഫലമായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ചുരുക്കത്തില്‍, ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനും ജീവിതവും കൊണ്ടുള്ള യുദ്ധങ്ങളാണ് അമേരിക്കയും സോവിയറ്റ് യൂനിയനും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തിയത്. ഈ മനുഷ്യരുടെ അവകാശങ്ങള്‍ എത്ര ക്രൂരമായിട്ടാണ് നിഷേധിച്ചുകളഞ്ഞത്. അഫ്ഗാനിസ്ഥാനെ ഒരുകൂട്ടം യുദ്ധപ്രഭുക്കളുടെയും മിലിറ്റന്റ് ഗ്രൂപ്പുകളുടെയും കൈയിലേക്ക് തള്ളിയിട്ടതു പോലെയാണ് ഇറാഖില്‍ ഐസിസിന് അമേരിക്ക കളമൊരുക്കിയത്. സിവില്‍ വാറുകള്‍ തീവ്രകക്ഷികള്‍ക്ക് അധികാരവും ആയുധവും ലഭിക്കാന്‍ വഴിയൊരുക്കുമെന്ന് ഇറാഖിലും അഫ്ഗാനിലും തെളിഞ്ഞുകഴിഞ്ഞു. ഈ രാഷ്ട്രീയചൂതാട്ടങ്ങള്‍ക്ക് ഇരകളാവുന്നത് നിരപരാധികളാണ്. അവരോടാണ് നമുക്ക് ഐക്യദാര്‍ഢ്യം പുലര്‍ത്തേണ്ടത്. അവരോട് മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."