അമ്മമാര്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് കളിക്കാനും ഒരിടം; ക്യാമ്പസില്‍ ഡേ കെയര്‍ സംവിധാനവുമായി കോഴിക്കോട് ലോ കോളജ്
കോഴിക്കോട്: പഠിക്കാനായി കുഞ്ഞ് മക്കളെ സ്‌കൂളില്‍ എത്തിക്കുന്ന അമ്മമാര്‍ സാധാരണയാണ്. എന്നാല്‍ പഠിക്കാന്‍ പോകുന്ന അമ്മമാര്‍ക്കൊപ്പം കുഞ്ഞുങ്ങളെയും കൂടെകൂട്ടുന്നത് തികച്ചും അസാധാരണമാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു നീക്കത്തിലൂടെ മാതൃത്വവും വിദ്യാഭ്യാസവും ഒരുപോലെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിന് മാതൃകയാവുകയാണ് കോഴിക്കോട് ലോ കോളേജ്.മക്കളെ വീട്ടിലാക്കി പഠിക്കാനെത്തുന്ന അമ്മമാരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് കോളേജിന്റെ മാതൃകാ പരമായ ഈ നീക്കം. പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളുടെ കുട്ടികള്‍ക്ക് വേണ്ടി കോളേജ് ക്യാമ്പസിനുള്ളില്‍ തന്നെ ഡേ കെയര്‍ സംവിധാനമാണ് കോളേജ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
ക്യാമ്പസില്‍ തന്നെ ഡേ കെയര്‍ സെന്റര്‍ തുടങ്ങുന്ന സംസ്ഥാനത്തെ ആദ്യകോളജാണ് കോഴിക്കോട് ഗവ.ലോകോളേജ്. രാവിലെ ക്ലാസിനെത്തുമ്പോള്‍ മക്കളെ കോളേജിലുള്ള ഡേകെയര്‍ സെന്ററില്‍ എത്തിക്കാം. പഠനത്തിന്റെ ഇടവേളകളില്‍ കുഞ്ഞുങ്ങളെ താലോലിക്കാനും പാലുകൊടുക്കാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. എന്‍.എസി.സി ഓഫീസിനോട് ചേര്‍ന്നുള്ള മുറിയാണ് ഡേ കെയര്‍ സെന്ററായി മാറ്റിയിരിക്കുന്നത്. ഇതില്‍ കുട്ടികള്‍ക്ക് വേണ്ട കളിപ്പാട്ടങ്ങള്‍ അടക്കം എല്ലാ സൗകര്യങ്ങളും ഉണ്ട്. കുട്ടികളെ നോക്കാന്‍ പ്രത്യേകം ആയയെയും നിയമിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ വൈകിട്ട് 4 വരെയാണ് ഡേകെയര്‍ പ്രവര്‍ത്തിക്കുന്നത്.
വിദ്യാര്‍ഥികളുടെയും പി.ടി.എ ഫണ്ടിന്റെയും ചെറിയ വിഹിതമാണ് ഡേകെയര്‍ സെന്ററിന് വേണ്ടി ചെലവഴിക്കുന്നത്.മൂന്ന് മാസത്തിലേറെയായി ഡേ കെയര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട്. പഠനത്തില്‍ നന്നായി ശ്രദ്ധിക്കാന്‍ കഴിയുന്നതോടൊപ്പം ഇടക്കിടക്ക് കുട്ടികളെ കാണാന്‍ കഴിയുന്നത് മാനസികവും ശാരീരികവുമായി ഒരുപാട് ആശ്വാസം പകരുന്നതാണെന്ന് വിദ്യാര്‍ത്ഥികളായ അമ്മമാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."