ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ തമിഴ്‌നാട്ടില്‍ നവംബര്‍ നാലിന് സംസ്ഥാന വ്യാപക യോഗങ്ങള്‍
ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ തമിഴ്‌നാട്ടില്‍ നവംബര്‍ നാലിന് സംസ്ഥാന വ്യാപകമായി യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഭരണകക്ഷിയായ ഡി.എം.കെ തീരുമാനിച്ചു. തമിഴ്‌നാട് നിയമസഭ ഇതിനെതിരേ പാസാക്കിയ പ്രമേയത്തെ കുറിച്ച് യോഗങ്ങളില്‍ വിശദീകരിക്കും. ഹിന്ദി ഔദ്യോഗിക ഭാഷയാക്കണമെന്ന പാര്‍ലമെന്ററി സമിതി ശുപാര്‍ശയുടെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും പാര്‍ട്ടി തീരുമാനിച്ചു.
പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. ഒക്ടോബര്‍ 13ന് ഡി.എം.കെയുടെ യുവജന, വിദ്യാര്‍ഥി വിഭാഗങ്ങള്‍ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരേ ശക്തമായി രംഗത്തുണ്ട്. 'ഹിന്ദി തെരിയാത്, പോടാ' എന്ന പേരില്‍ നടന്ന പ്രതിഷേധം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
മറ്റൊരു ഭാഷായുദ്ധത്തിലേക്ക് തങ്ങളെ തള്ളിവിടരുതെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരത്തേ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭാഷാ സമരത്തില്‍ ജീവത്യാഗം ചെയ്ത യുവാക്കളുടെ പേരുകള്‍ പരാമര്‍ശിച്ച ശേഷമായിരുന്നു സ്റ്റാലിന്റെ താക്കീത്. തമിഴ്ഭാഷയെ വൈകാരികമായി കാണുന്ന ജനതയുടെ പ്രതിഷേധത്തെ അവഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് വ്യക്തമാണ്.
ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ തകര്‍ക്കുന്നതാണ് സമിതിയുടെ ശുപാര്‍ശയെന്നും ഇത് രാജ്യത്തിന്റെ ആത്മാവിനെ തകര്‍ക്കുമെന്നും ഹിന്ദി സംസാരിക്കാത്ത വലിയൊരു വിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കുമെന്നും സ്റ്റാലിന്‍ ഒക്ടോബര്‍ 10ന് ട്വീറ്റ് ചെയ്തിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചരിത്രം പഠിക്കുന്നത് നല്ലതാണെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."