അഫ്ഗാന്‍ ജനതയെ വഞ്ചിച്ചതാര് ?
അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ അത്യന്തം വഷളായിട്ടും ലോക രാജ്യങ്ങള്‍ താലിബാന്‍ വിഷയത്തില്‍ നിലപാടെടുക്കാന്‍ മടിക്കുകയാണ്. താലിബാന് ഭരണകൂട പരിവേഷം നല്‍കിയ ചൈനയുടെ നിലപാടുകളാണ് ഇതിനു കാരണം. അന്താരാഷ്ട്ര ഇടപെടലെന്ന പ്രതീക്ഷപോലും ഇല്ലാതെ അഫ്ഗാന്‍ ജനത ചെകുത്താനും കടലിനും ഇടയിലായ അവസ്ഥയിലാണ്. 1996 മുതല്‍ 2001 വരെ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചപ്പോഴുള്ള പീഡനവും ക്രൂരത നിറഞ്ഞ അനുഭവങ്ങളും അഫ്ഗാന്‍ ജനതക്ക് മറക്കാനാവുന്നതല്ല. താലിബാന്‍ കാബൂളിലെത്തിയതോടെ അവര്‍ ജീവന്‍ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. ലോകം കണ്ട ക്രൂരമായ ഭരണകൂടങ്ങളിലൊന്നായിരുന്നു താലിബാന്റെ കഴിഞ്ഞകാലത്തെ അഫ്ഗാന്‍ ഭരണം. താലിബാന്‍ ശൈലിയില്‍ കണ്ണില്‍ചോരയില്ലാത്ത ക്രൂരതകള്‍ അഴിച്ചുവിട്ടാണ് ഐ.എസും പിന്നീട് രംഗപ്രവേശനം ചെയ്തത്. താലിബാനിസത്തിന്റെ പേടിപ്പെടുത്തുന്ന അനുഭവങ്ങള്‍ ഓരോ അഫ്ഗാനിയുടെയും ഉള്ളിലുണ്ട്. കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ആളുകളുടെ വേദനാജനകമായ കാഴ്ചകള്‍ സാക്ഷ്യപ്പെടുത്തുന്നത് അതാണ്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ താഴെ വീണു മരിച്ചത് മാധ്യമങ്ങളില്‍ നാം കണ്ടു.
അരാജകത്വത്തിന്റെ പുലരിയെന്നാണ് ഓഗസ്റ്റ് 16 നെ അഫ്ഗാനികള്‍ തന്നെ വിശേഷിപ്പിച്ചത്. താലിബാന്‍ എത്രതന്നെ മാറിയെന്ന് അവകാശപ്പെട്ടാലും അവരുടെ മുന്‍കാല ചെയ്തികളുടെ ഓര്‍മകള്‍ ചരിത്രമാണ്. രാജ്യം പിടിച്ചടക്കി രണ്ടു ദിവസം കഴിഞ്ഞിട്ടും താലിബാന്‍ പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായി കരുതലോടെയാണ് ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. അടിച്ചമര്‍ത്തലുകള്‍ക്ക് പുറമേ ജന പിന്തുണയാര്‍ജിക്കാനുള്ള ശ്രമത്തിലാണവര്‍. പൊതുമാപ്പ് നല്‍കിയതും ഉദ്യോഗസ്ഥരോടും മറ്റും ജോലിക്കെത്താന്‍ ആവശ്യപ്പെട്ടതും ക്രമസമാധാന നില മെച്ചപ്പെടുത്തുമെന്ന ആഹ്വാനവുമെല്ലാം അതാണ് ചൂണ്ടിക്കാട്ടുന്നത്. താലിബാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം നിലപാടെടുക്കാമെന്നാണ് മിക്ക രാജ്യങ്ങളും കരുതുന്നത്. അഫ്ഗാന്‍ ജനതയുടെ പ്രതീക്ഷ അഫ്ഗാനിസ്ഥാനില്‍ ആഗോള സമൂഹത്തിന്റെ ഇടപെടലുകളിലാണ്. തങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പാണ് അവര്‍ക്ക് വേണ്ടത്. തിങ്കളാഴ്ച ചേര്‍ന്ന യു.എന്‍ രക്ഷാ സമിതിയിലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ ആശങ്ക പങ്കുവച്ചു. അഫ്ഗാനിലെ മനുഷ്യാവകാശം സംരക്ഷിക്കാനും മാനുഷിക സഹായം നല്‍കാനും എല്ലാ അംഗരാജ്യങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നടത്തിയത്. അഫ്ഗാനിസ്ഥാന്‍ ഭീകരരുടെ പ്ലാറ്റ്‌ഫോമായി മാറില്ലെന്നും ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ഭരണത്തിന് ആരു നേതൃത്വം നല്‍കിയാലും അവിടത്തെ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടേണ്ട ഉത്തരവാദിത്വം യു.എന്നിനാണ്. ഇതോടൊപ്പം പാശ്ചാത്യ ശക്തികളായ യു.എസും ബ്രിട്ടനും ഉള്‍പ്പെടെയുള്ളവരുടെ നിലപാടും പ്രധാനമാണ്. കഴിഞ്ഞ തവണ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഭരിച്ചപ്പോള്‍ ഏക സ്വരത്തില്‍ താലിബാനെ തള്ളിയ രാജ്യങ്ങള്‍ ഇപ്പോള്‍ അനുകൂലിക്കുന്നതാണ് പടിഞ്ഞാറന്‍ ശക്തികളെയും ആശയക്കുഴപ്പത്തിലാക്കുന്നത്. താലിബാന് ഔദ്യോഗിക പരിവേഷം നല്‍കുന്ന ചൈനയുടെ നടപടിയാണ് ഇതില്‍ പ്രധാനം. റഷ്യയും താലിബാന്‍ അനുകൂല നിലപാടിലേക്ക് മാറുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. പാകിസ്താനും താലിബാനെ തള്ളുന്നില്ല.
താലിബാന് കാബൂളിലേക്ക് വഴിയൊരുക്കിയ യു.എസ് എന്തിനായിരുന്നു അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയതെന്ന ചോദ്യമാണ് ശേഷിക്കുന്നത്. സെപ്റ്റംബറില്‍ സേനാ പിന്മാറ്റം തീരുമാനിച്ച യു.എസ് നേരത്തെ തന്നെ സേനാ പിന്മാറ്റം പൂര്‍ത്തിയാക്കുമെന്ന് ജോ ബൈഡന്‍ യു.എസ് പ്രസിഡന്റായി അധികാരമേറ്റപ്പോള്‍ പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ അഫ്ഗാനിസ്ഥാന്‍ വിട്ടില്ലെങ്കില്‍ യു.എസ് സേനയെ ആക്രമിക്കുമെന്ന് അന്ന് താലിബാനും പറഞ്ഞു. അതിവേഗം യു.എസ് സേനാ പിന്മാറ്റം പൂര്‍ത്തിയാക്കുകയും പിന്നാലെ അതിവേഗം താലിബാന്‍ കാബൂള്‍ പിടിച്ചടക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനില്‍ നീണ്ട യുദ്ധം നടത്തി ഒരിക്കല്‍ താലിബാനെ ഓടിച്ചവര്‍ താലിബാനെ തിരികെ കൊണ്ടുവന്ന പ്രതീതിയാണ് ഇപ്പോഴുണ്ടായത്. അമേരിക്കയുടെ നിക്ഷിപ്ത താല്‍പര്യങ്ങളായിരുന്നു അഫ്ഗാന്‍ അധിനിവേശത്തിനു പിന്നിലെന്നും മേഖലയിലെ സുരക്ഷയ്‌ക്കോ അഫ്ഗാനിസ്ഥാന്റെ സ്ഥിരതയ്‌ക്കോ വേണ്ടിയായിരുന്നില്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു പിന്നാലെയാണ് യു.എസ് അഫ്ഗാനിസ്ഥാനില്‍ താലിബാനെ തേടിയെത്തിയത്. അല്‍ഖാഇദയായിരുന്നു യു.എസിനെ ഞെട്ടിച്ച ഭീകരാക്രമണത്തിനു പിന്നില്‍. അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ അഫ്ഗാന്‍- പാക് അതിര്‍ത്തിയിലെ ഭീകരരുടെ താവളമായ മേഖലയിലാണെന്ന് കണ്ടെത്തിയതോടെയാണ് അഫ്ഗാനില്‍ നിലയുറപ്പിച്ച യു.എസ് ആക്രമണം ശക്തിപ്പെടുത്തിയത്. താലിബാനെ തുരത്തിയ ശേഷം പാകിസ്താനിലെത്തി ഉസാമയെ യു.എസ് സൈന്യം വധിച്ചു. താലിബാനെ പരാജയപ്പെടുത്തിയ ശേഷം 20 വര്‍ഷത്തോളം അഫ്ഗാന്‍ സര്‍ക്കാരിനു പിന്തുണ നല്‍കി യു.എസ് സൈന്യം അവിടെ തുടര്‍ന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപതാം വാര്‍ഷിക മുന്നോടിയായി അഫ്ഗാനില്‍ നിന്ന് യു.എസ് സേനയെ പൂര്‍ണമായും പിന്‍വലിക്കാന്‍ യു.എസ് തീരുമാനിച്ചിരുന്നു. 2021 ഏപ്രിലില്‍ സൈനിക പിന്മാറ്റം നേരത്തെ പൂര്‍ത്തിയാക്കുമെന്ന് ജോ ബൈഡന്‍ പ്രഖ്യാപിക്കുകയും ചെയ്തു. യു.എസിനൊപ്പം നാറ്റോ സഖ്യത്തിലെ സൈന്യവും ഇതോടെ പിന്മാറ്റം നേരത്തെയാക്കി. സുരക്ഷയുടെ എല്ലാ ഉത്തരവാദിത്വവും കാര്യമായ പരിശീലനവും പരിചയവും ലഭിക്കാത്ത അഫ്ഗാന്‍ സൈന്യത്തിനു നല്‍കിയാണ് ഇവര്‍ അഫ്ഗാന്‍ വിട്ടത്. ഇതിനു പിന്നാലെ 10 ദിവസം കൊണ്ട് കാബൂള്‍ പിടിച്ച് യു.എസിനെ താലിബാന്‍ ഞെട്ടിച്ചു. അഫ്ഗാന്‍ പ്രസിഡന്റ് നാടുവിട്ടു. അഫ്ഗാനിസ്ഥാനിലെ ഭരണകൂടത്തിന്റെ പരാജയം പൂര്‍ണമായി. യു.എസിനെ സഹായിക്കാനെത്തിയ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള നാറ്റോ സഖ്യരാജ്യങ്ങള്‍ക്കും താലിബാനെ വീണ്ടും അധികാരത്തിലെത്തിച്ചതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ബ്രിട്ടന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പോലും ഒഴിപ്പിക്കാന്‍ സമയം ലഭിക്കും മുമ്പപ് താലിബാന്‍ കാബൂളിലെത്തി. ബ്രിട്ടീഷ് എംബസി താലിബാന്‍ കൈയേറി അവരുടെ പതാക നാട്ടി. എന്തിന് അഫ്ഗാനിസ്ഥാനിലെ അധിനിവേശം അവസാനിപ്പിച്ചു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ബ്രിട്ടനും നാറ്റോ സഖ്യത്തിനും കഴിയുന്നില്ല. താലിബാനെ ഇല്ലാതാക്കാനുള്ള 20 വര്‍ഷക്കാലത്തെ സമയം ആണ് അവര്‍ പാഴാക്കിയത്. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.
താലിബാനെ ഇല്ലാതാക്കി സുരക്ഷിതമായ സര്‍ക്കാരിന് സുരക്ഷ കൈമാറിയിരുന്നെങ്കില്‍ അധിനിവേശത്തിന് ന്യായീകരണം ഉണ്ടാകുമായിരുന്നു. ഉസാമയെ കൊലപ്പെടുത്തണമെന്ന യു.എസ് പദ്ധതി വിജയിച്ചു. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തിന് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ സംഭാവനകള്‍ ആ രാജ്യത്തിന്റെ സുരക്ഷക്ക് നല്‍കിയ സഹായങ്ങള്‍ ഒന്നും ഫലപ്രദമായില്ല എന്നാണ് താലിബാന്റെ തിരിച്ചുവരവിലൂടെ തെളിയുന്നത്. അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണത്തിലായതോടെ ലോക രാജ്യങ്ങള്‍ എന്തു തീരുമാനമെടുക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. താലിബാനെ തുരുത്താന്‍ ഇനിയും യു.എസും നാറ്റോ സഖ്യമോ അഫ്ഗാനിസ്ഥാനില്‍ എത്തില്ലെന്ന സൂചന യു.എസും ബ്രിട്ടനും നല്‍കിക്കഴിഞ്ഞു. അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ഇനിയാര് തയാറാകും, ആ രാജ്യത്തിന്റെ ഭാവി എന്താകും എന്നതാണ് ലോകത്തിനു മുമ്പിലെ സുപ്രധാന ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."