ചൂടു‘കാറ്റിൽ’ ഇനി എല്ലാവരും വിയർക്കും...
വീൽ
വിനീഷ്
കില്ലർ പൈസ്ര് എന്നൊക്കെ പറഞ്ഞാൽ ഇതാണ്. പത്ത് ലക്ഷം രൂപയ്ക്ക് താഴെ ടിയാഗോ എന്ന ഇലക്ട്രിക് കാർ അവതരിപ്പിച്ച ടാറ്റയുടെ വഴി പിന്തുടർന്നിരിക്കുകയാണ് ഇപ്പോൾ ഒല. 80,000 രൂപയ്ക്ക് ഒല എസ്.വൺ എയർ എന്ന ഇലക്ട്രിക് സ്‌കൂട്ടർ ഇറക്കിയാണ് പുതിയ ഞെട്ടിക്കൽ. അല്ലെങ്കിലും ഇത്തരം ഞെട്ടിക്കലുകൾ ഒലയ്ക്ക് പുത്തരിയല്ല. ഷോറും ഇല്ലാതെ സ്‌കൂട്ടർ വിറ്റായിരുന്നു ആദ്യ ഞെട്ടിക്കൽ. ഇതിനിടയിൽ മുന്നോട്ടെടുത്ത സ്‌കൂട്ടർ പിന്നോട്ടോടി ഞെട്ടിയവരും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല, അതിൽ പലതും കമ്പനി പിന്നീട് പരിഹരിച്ചെങ്കിലും.
ഒരു ലക്ഷത്തിനും താഴെ വില വരുന്ന എസ്. വൺ എയർ നിരത്തിലിറങ്ങുന്നതോടെ അക്ഷരാർഥത്തിൽ വിയർക്കാൻ പോകുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളിലൊന്ന് എന്ന് പറയാവുന്ന എഥറും കൂടാതെ ഹോണ്ടയുടെ ആക്ടിവയും ടി.വി.എസിന്റെ ജൂപ്പിറ്ററുമൊക്കെയായിരിക്കും. ഏതായാലും വിലകൂ ടുതൽ കാരണം ഇത്തരം ഹൈടെക് ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങണോ വേണ്ടയോ എന്ന്ചിന്തിച്ചിരിക്കുന്നവരെ ഒല എസ് വൺ എയർ കൺഫ്യൂഷനിലാക്കുമെന്ന കാര്യത്തിൽ സംശയമേയില്ല.
കൃത്യമായി പറഞ്ഞാൽ 79,999 രൂപയാണ്എസ് വൺ എയറിന് വില. കുറച്ച് ദിവസം മാത്രമേ ഈ വിലയിൽ ലഭിക്കൂ. അത് കഴിഞ്ഞാൽ 5,000 രൂപയോളം അധികം നൽകേണ്ടി വരും.999 രൂപ നൽകിയാൽ ഇപ്പോൾ ബുക്ക് ചെയ്യാം.
വില കുറവായതുകൊണ്ടുതന്നെ റേഞ്ചും കുറവാണെന്നത് പിന്നെ പറയേണ്ടല്ലോ. 101 കി.മീ ആണ്കമ്പനി അവകാശപ്പെടുന്നത്. റോഡിലെ സാഹചര്യങ്ങൾക്കും ഓടിക്കുന്ന രീതിയും അനുസരിച്ച് 65-75 കി.മീ വരെ കിട്ടുമെന്ന് കരുതാം. കാഴ്ചയിൽ വ്യത്യാസമില്ലെങ്കിലും നിലവിലെ ഒല എസ്.വൺ, എസ് വൺ പ്രോ എന്നിവയെ അപേക്ഷിച്ച് ചില കാര്യമായ മാറ്റങ്ങൾ പുതിയ മോഡലിലുണ്ട്. സൈഡിലെ പെയിൻ് ചെയ്യാത്ത ബോഡി പാനലുകൾ ആണ് ഒറ്റനോട്ടത്തിൽ ഈ ബജറ്റ് മോഡലിനെ വ്യത്യസ്തമാക്കുന്നത്.മുൻവശത്ത് ഇരട്ട ടെലിസ്‌കോപ്പിക് ഫോർക്കുകൾ ആണ് വരുന്നത്. നേരത്തെയുണ്ടായിരുന്ന മുന്നിലെ സിംഗിൾ സൈഡ് സ്വിങ് ആം അപകട സമയത്തും മറ്റും ഒടിയുന്നെന്ന പരാതി ഉണ്ടായിരുന്നു. പിറകിലെ മോണോ ഷോക് സസ്‌പെൻഷൻ മാറ്റി ഇരട്ട ഷോക്ക് അബ്‌സോർബറുകൾ നൽകിയിട്ടുണ്ട്. ഡിസ്‌ക് ബ്രേക്കില്ല. പിറകിലും മുന്നിലും ഡ്രം ബ്രേക്കുകളാണ്. പിൻസീറ്റ് യാത്രക്കാർക്ക് പിടിച്ച് ഇരിക്കാൻ സഹായിക്കുന്ന ഗ്രാബ് റെയിലിലും മാറ്റമുണ്ട്. എടുത്തുപറയേണ്ട മറ്റൊരു മാറ്റം ഫ്‌ളാറ്റ് ഫുട്‌ബോർഡ് ആണ്. പഴയ മോഡലുകളിൽ ഇവിടെ ഉണ്ടായിരുന്ന ഹംപ് സാധനങ്ങളും മറ്റും വയ്ക്കുമ്പോൾ അസൗകര്യം സൃഷ്ടിച്ചിരുന്നു. പുതിയ മാറ്റം പ്രാക്ടിക്കാലിറ്റി ഒന്നുകൂടി കൂട്ടിയെന്ന് പറയാം.
ഒല എസ് വൺ എയറിന് 2.47 kWh ബാറ്ററി പാക്കാണ് ഉള്ളത്. എസ് വൺ പ്രോയിലെ 3.97 kWh ബാറ്ററിയേക്കാൾ ചെറുതാണിത്. പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 4.5 മണിക്കൂർ എടുക്കും. മണിക്കൂറിൽ 90 കി.മീ ആണ് പരമാവധി വേഗത.4.5kW മോട്ടോറാണ് എസ് വൺ എയറിന് കരുത്തുപകരുന്നത്. ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിങ് മോഡുകളും ഉണ്ട്. എസ് വൺ പ്രോയിൽ കാണുന്ന അതേ ഏഴ് ഇഞ്ച് TFT ഡിസ്പ്ലേ ആണ് എയറിനും നൽകിയിരിക്കുന്നത്. റിവേഴ്സ് ബട്ടൺ, ഹിൽ-ഹോൾഡ്, പ്രോക്‌സിമിറ്റി അലർട്ട് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
99 കിലോയാണ് ഭാരം. എസ് വൺ പ്രോയേക്കാൾ 25 കിലോ കുറവ്.ഓൺ ലൈൻ സ്‌കൂട്ടർ വിൽപനയിൽ നേരിടുന്ന പ്രശ്‌നങ്ങൾ കാരണം ഒല എക്‌സ്പീരിയൻസ് സെന്ററുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. സ്‌കൂട്ടർ മെയിന്റൻസിനും മറ്റുമുള്ള സൗകര്യങ്ങളോടെ തുടങ്ങിയിരിക്കുന്ന ഇത്തരം സെന്ററുകൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ സ്‌കൂട്ടർ സർവിസ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ വെല്ലുവിളികൾ നേരിട്ട് കരുത്തോടെ മുന്നോട്ടുപോകാമെന്ന പ്രതീക്ഷയിലാണ് കമ്പനി. അടുത്ത വർഷംആദ്യത്തോടെ ഒല എസ്.വൺ എയറിന്റെ ഡെലിവറികൾ ആരംഭിക്കുമെന്നാണ് കേൾക്കുന്നത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."