റേഷന്‍ കാര്‍ഡ് വിതരണം അഞ്ചുമാസത്തിനുള്ളില്‍: മന്ത്രി
തിരുവനന്തപുരം: അഞ്ചുമാസങ്ങള്‍ക്കുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡിന്റെ വിതരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. സിവില്‍സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യസുരക്ഷാ നിയമം വരുന്നതോടെ സപ്ലൈകോയുടെ ഉത്തരവാദിത്വം വര്‍ധിക്കും. റേഷന്‍ വിതരണം പൂര്‍ണമായും സപ്ലൈകോയെ ഏല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോയില്‍ റീജ്യനല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉന്നത പദവികളില്‍ വകുപ്പില്‍ നിന്നുതന്നെ ജീവനക്കാരെ നിയമിക്കാന്‍ വ്യവസ്ഥയുണ്ടാക്കും. ഓണക്കാലത്ത് അരിവില വര്‍ധിപ്പിക്കാനുള്ള ആന്ധ്രാലോബിയുടെ നീക്കത്തെ ശക്തമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും ഓണം മെഗാമേളകള്‍ തുടങ്ങും.
ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 1750 കേന്ദ്രങ്ങളില്‍ ഓണച്ചന്ത തുടങ്ങും. ഓണക്കാലത്ത് ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."