ഇലക്ട്രിക് കാർ ചാർജിങ് സ്റ്റേഷനുകൾക്കായി പുതിയ പദ്ധതിയുമായി സഊദി
ജിദ്ദ: രാജ്യത്ത് ഇലക്ട്രിക് കാറുകൾക്ക് അതിവേഗ ചാർജിങ് സേവനങ്ങളടക്കം ഉയർന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സഊദിയിലുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനായി 'ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി' എന്ന പേരിൽ പൊതുമേഖല സ്ഥാപനം ആരംഭിക്കുന്നു. സഊദി പൊതുനിക്ഷേപനിധിയുടെയും (പി.ഐ.എഫ്) സഊദി ഇലക്ട്രിസിറ്റി കമ്പനിയുടെയും സംയുക്ത സംരംഭമായാണ് ഇത്. കമ്പനിയുടെ 75 ശതമാനം ഓഹരി പി.ഐ.എഫിനും 25 ശതമാനം ഇലക്ട്രിസിറ്റി കമ്പനിക്കുമായിരിക്കും.2030ഓടെ 1,000 ലധികം സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. 5,000ത്തിലധികം ഫാസ്റ്റ് ചാർജിങ് പോയിന്റ് സൗകര്യങ്ങളൊരുക്കും.
ഉയർന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും വലിയ തോതിൽ അവ നൽകുകയും ചെയ്യുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപകമായ ഉപയോഗത്തിലേക്കുള്ള മാറ്റത്തിനാണ് ഇലക്ട്രിക് വെഹിക്കിൾ ഇൻഫ്രാസ്ട്രക്ചർ കമ്പനി പ്രവർത്തിക്കുകയെന്ന് പൊതുനിക്ഷേപ നിധി പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക മേഖല നിക്ഷേപ വിഭാഗം ഡയറക്ടർ ഉമർ അൽമാദി പറഞ്ഞു.
ഇലക്ട്രിക് കാറുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും സാങ്കേതിക സവിശേഷതകൾക്കും അനുസൃതമായാണ് രാജ്യത്തെ വിവിധ നഗരങ്ങളിലും റോഡുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക. ഇലക്ട്രിക് കാർ കമ്പനികളുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ വാഹന മേഖലയുടെയും അതിന്റെ സംവിധാനത്തിന്റെയും വളർച്ച വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഭാവിയിലെ ആവശ്യം നിറവേറ്റുന്നതിന് വേണ്ട ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും. ചാർജിങ് പോയിന്റുകളുടെ ശൃംഖല വികസിപ്പിക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും കമ്പനി പ്രവർത്തിക്കും. നൂതന സാങ്കേതികവിദ്യകൾ ആവശ്യമുള്ള വസ്തുക്കളുടെ ഗവേഷണം, വികസനം, നിർമാണം എന്നിവ സ്വദേശിവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
സഊദി ഇലക്ട്രിസിറ്റി കമ്പനിയുടെ വിതരണ ശൃംഖലകൾ വഴി ഫാസ്റ്റ് ചാർജറുകൾ അതിവേഗം സ്ഥാപിക്കാൻ സാധിക്കും. 'വിഷൻ 2030'ന് അനുസൃതമായി സാമ്പത്തിക വളർച്ചയും വൈവിധ്യവൽക്കരണവും വർധിപ്പിക്കുകയും ഇലക്ട്രിക് വാഹന മേഖലയിൽ രാജ്യത്തെ മുൻപന്തിയിൽ എത്തിക്കാൻ പുതിയ കമ്പനി വലിയ പങ്ക് വഹിക്കുമെന്നും ഉമർ അൽമാദി പറഞ്ഞു.
Content Highlights: saudi arabia to install 5000 electric vehicle charging stations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."