തുടരുന്ന പലായനം
കാബൂള്‍: താലിബാനെ ഭയന്ന് അഫ്ഗാനില്‍നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം തുടരുന്നു. കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് ഇപ്പോഴും ജനങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്. അതേസമയം അഫ്ഗാനില്‍നിന്ന് എത്തുന്നവര്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്ത് ബ്രിട്ടന്‍ അടക്കമുള്ള കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി.
താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്പിന്‍ ബാല്‍ദോക്കിലെ ചാമന്‍ അതിര്‍ത്തി പാകിസ്താന്‍ തുറന്നുനല്‍കിയിട്ടുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പ് ഈ അതിര്‍ത്തി അടച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഭാഗികമായി തുറന്നിരുന്നു. കഴിഞ്ഞ ദിവസമാണ് പൂര്‍ണമായും തുറന്നത്.
ഈ അതിര്‍ത്തിയിലൂടെ നിരവധി അഫ്ഗാന്‍ പൗരന്‍മാരാണ് പാകിസ്താനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഇതില്‍ അടിയന്തര ചികിത്സ ആവശ്യമുള്ളവരും താലിബാന്‍ തുറന്നുവിട്ട ജയില്‍പുള്ളികളും അടക്കം ഉണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ആയിരങ്ങളാണ് പാകിസ്താനിലേക്ക് എത്തുന്നത്. അതേസമയം, അഫ്ഗാന്‍ വിടാന്‍ ആഗ്രഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, മറ്റു രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍, വിദേശ പൗരന്‍മാര്‍ എന്നിവര്‍ക്കു പാകിസ്താന്‍ വിസ അനുവദിക്കുന്നുണ്ട്. ഇത്തരത്തില്‍ ആയിരത്തോളം പേര്‍ ഇതിനകം രാജ്യത്തെത്തിയതായി പാകിസ്താന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാന്‍ സര്‍ക്കാര്‍ അംഗീകരിച്ച രേഖകളുള്ളവരെയാണ് പാകിസ്താന്‍ കടത്തിവിടുന്നത്. അഫ്ഗാനുമായുള്ള അതിര്‍ത്തി അടയ്ക്കരുതെന്നും അഭയാര്‍ഥികള്‍ക്കായി തുറന്നുനല്‍കണമെന്നും അയല്‍രാജ്യങ്ങളോട് യു.എന്‍ അഭ്യര്‍ഥിച്ചിരുന്നു.
അതേസമയം, ഇറാനിലൂടെ നിരവധി അഫ്ഗാനികള്‍ തുര്‍ക്കിയിലേക്കു പലായനം ചെയ്യുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അഫ്ഗാനിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് റഷ്യയുടെയും തുര്‍ക്കിയുടെയും വിദേശകാര്യ മന്ത്രിമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."