മത്സ്യത്തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കും: മന്ത്രി
കൊച്ചി: തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 25 കോടി രൂപ ചെലവില്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
ഞാറയ്ക്കല്‍ അക്വാക്കള്‍ച്ചര്‍ ട്രെയിനിങ് സെന്ററിന്റെ നിര്‍മാണോദ്ഘാടനവും കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണവും ഞാറയ്ക്കല്‍ സിറ്റി സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വീടില്ലാത്ത ഒരു മത്സ്യത്തൊഴിലാളി പോലും ഉണ്ടാകരുതെന്ന കാഴ്ചപ്പാടിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ വാര്‍ഡിലുമുള്ള ഭവനരഹിതരെ കണ്ടെത്തുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വകുപ്പുമായി സഹകരിക്കണം. തീരദേശ റോഡ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് റോഡ് നിര്‍മിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ തീരദേശ റോഡ് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ഭൂമിയേറ്റെടുക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ പ്രദേശവാസികള്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
എസ്. ശര്‍മ്മ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ ജോഷി, ഞാറയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷില്‍ഡ റിബേറോ, ജില്ലാ പഞ്ചായത്തംഗം റോസ്‌മേരി ലോറന്‍സ്, ബ്ലോക്ക് പഞ്ചായത്തംഗം സുജാത ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."