തകർക്കരുത് കരകയറുന്ന കേരളത്തെ
പിണറായി വിജയൻ
തിരു-കൊച്ചി, മലബാർ എന്നിങ്ങനെ വേർപെട്ടുകിടന്നിരുന്ന പ്രദേശങ്ങൾ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി മാറിയിട്ട് അറുപത്തിയാറു വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. നിരവധി പോരാട്ടങ്ങളും സാംസ്‌കാരികമായ മുന്നേറ്റങ്ങളുമാണ് ഐക്യകേരളം സാധ്യമാക്കിയത്.
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന എന്ന മുദ്രാവാക്യം ആദ്യം മുന്നോട്ടുവച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. 1946ൽ പുറത്തിറങ്ങിയ ഇ.എം.എസിന്റെ 'ഒന്നേകാൽ കോടി മലയാളികൾ', ഏതാണ്ട് 1946-47 ഘട്ടത്തിൽത്തന്നെ പുറത്തുവന്ന 'കേരളം മലയാളികളുടെ മാതൃഭൂമി' എന്നീ കൃതികളിൽ ഇതിന്റെ വിത്തുകൾ കാണാം. ആന്ധ്രാപ്രദേശിൽ പി. സുന്ദരയ്യയ്യുടെ 'വിശാലാന്ധ്ര'യും ബംഗാളിൽ ഭവാനിസെന്റെ 'നൂതൻ ബംഗാളും' ഒക്കെ ഇറങ്ങിയത് ഇതോടു ചേർത്തുവായിക്കണം. ആന്ധ്രാപ്രദേശിലാവട്ടെ, പോറ്റി ശ്രീരാമലുവിന് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം എന്ന ആവശ്യം മുൻനിർത്തിയുള്ള സമരത്തിൽ ജീവൻ തന്നെ നൽകേണ്ടിവന്നു. അങ്ങനെ ശക്തിപ്പെട്ടുവന്ന ആശയത്തിന്റെ സാഫല്യമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയത്തിൽ കണ്ടത്.
ആ ഐക്യകേരളത്തെ സ്വപ്നം കണ്ടവർക്ക് ഭാവികേരളത്തെക്കുറിച്ചുള്ള വ്യക്തമായ സങ്കൽപങ്ങളുണ്ടായിരുന്നു. അതു യാഥാർഥ്യമാക്കിയെടുക്കാനാണ് ഐക്യകേരളപ്പിറവിക്കു തൊട്ടുപിന്നാലെ കേരളത്തിൽ അധികാരത്തിൽ വന്ന 1957 ലെ ഇ.എം.എസ് മന്ത്രിസഭ മുതൽക്കിങ്ങോട്ടു കേരളത്തിലെ പുരോഗമന സ്വഭാവമുള്ള മന്ത്രിസഭകളാകെ ശ്രമിച്ചത്. ഇന്ന് സംസ്ഥാന സർക്കാർ നവകേരള നിർമാണം, വിജ്ഞാന സമൂഹനിർമാണം, വിജ്ഞാന സമ്പദ്ഘടനാ രൂപീകരണം എന്നിവയിലൂടെ മുന്നോട്ടുകൊണ്ടുപോവുകയാണ് ആ പ്രക്രിയ.
മാനവവികസന സൂചികയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. നേട്ടങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രതിബന്ധങ്ങളോ പ്രതിസന്ധികളോ ഇല്ല എന്നല്ല. വ്യാവസായിക മുന്നേറ്റത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലൊക്കെ നമുക്ക് ഏറെ മുന്നേറാനുണ്ട്.
അത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള 600 ഇന പരിപാടിയുമായാണ് 2016 ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയത്. വിദ്യാഭ്യാസ - ആരോഗ്യ മേഖലകളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തിയും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയും പാര്‍പ്പിട രംഗത്ത് ഇടപെടലുകള്‍ കാര്യക്ഷമമാക്കിയും ഒക്കെ നവകേരള സൃഷ്ടിക്കുള്ള അടിത്തറ പാകാന്‍ കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരിനായി. അതിന്റെയൊക്കെ ഫലമായി കൈവന്ന ജനവിശ്വാസത്തിലൂന്നിയാണ് തുടര്‍ഭരണത്തിലെത്തിയത്.
ഇക്കുറി 900 വാഗ്ദാനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവച്ചത്. അതിൽ 85 ശതമാനം കാര്യങ്ങളിലും പ്രാഥമിക നടപടികളിലേക്കു കടക്കാൻ കഴിഞ്ഞു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണ് എന്ന ഇടതു മുന്നണിയുടെ ഭരണസംസ്‌കാരത്തിന്റെ ഭാഗമായിവേണം ഇതിനെ കാണാൻ. കേരളത്തിന്റെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കാൻ കഴിയുന്ന പല പദ്ധതികളും പൂർത്തീകരണത്തോട് അടുക്കുകയാണ്.
2026 ഓടെ നാല്‍പത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും മൂല്യവര്‍ധിത വ്യവസായങ്ങള്‍ക്കു പ്രാധാന്യം നല്‍കിയും നൂതന സാങ്കേതികവിദ്യാ രംഗത്ത് മുന്നേറ്റം നടത്തിയും ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരിച്ചും കേരളത്തെ പുരോഗമനോന്മുഖമായി മാറ്റിത്തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ്.
ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ സര്‍ക്കാര്‍. വിജ്ഞാനം എന്നത് കേവലം ക്ലാസ് മുറികളിലോ അക്കാദമിക് രംഗത്തോ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. ലോകത്തെവിടെയും ഉണ്ടാകുന്ന അറിവുകളെ നമ്മുടെ സമ്പദ്ഘടനയിലേക്കു കൂട്ടിച്ചേര്‍ത്തുകൊണ്ട് അതിനെ പുരോഗമനോന്മുഖമായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് പ്രധാനം. ഇതില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് അറിവിന്റെ ജനാധിപത്യവത്കരണം. എല്ലാ പൗരന്മാര്‍ക്കും അറിവ് ആര്‍ജ്ജിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനായി ബഹുമുഖമായ ഇടപെടലുകള്‍ സാധ്യമാകേണ്ടതുണ്ട്. വിജ്ഞാനവിതരണത്തിനുതകുന്ന വിധം ആധുനിക സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കണം. വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസവുമായി ഒരു ജൈവബന്ധം രൂപപ്പെടുത്തണം. ലോക വിജ്ഞാനഘടനയുമായി നമ്മുടെ നാടിനെ ബന്ധിപ്പിക്കണം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍.
നവകേരള സൃഷ്ടിയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് സമാധാനപൂർണമായ സാമൂഹ്യാന്തരീക്ഷം. ഈ സാമൂഹ്യാന്തരീക്ഷത്തിൽ ഊന്നിനിന്നുകൊണ്ടുവേണം നാം വിഭാവനം ചെയ്ത തരത്തിലുള്ള പുതിയ കേരളം പടുത്തുയർത്താൻ. അതിനു തടസം സൃഷ്ടിക്കുവാൻ ചിലരെങ്കിലും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. വർഗീയ സംഘർഷങ്ങളില്ലാത്ത, മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമെന്ന പദവിയാണ് അത്തരക്കാരെ അസ്വസ്ഥരാക്കുന്നത്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ വലിയ ജാഗ്രത പുലർത്തണം. നമ്മുടെ നാടിനെ കാർന്നുതിന്നുന്ന മറ്റൊരു മഹാവിപത്താണ് മയക്കുമരുന്നിന്റെ ഉപയോഗം. തലമുറയെത്തന്നെ നശിപ്പിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ നമുക്ക് നാട്ടിൽ നിന്ന് ഇല്ലാതാക്കാൻ അതിവിപുല കാംപയിൻ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഈ പോരാട്ടത്തിൽ നാം ഓരോരുത്തരും കണ്ണിചേരണം.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് നമ്മുടെ നാട് പുരോഗതിയിലേക്കെത്തിയത്. അതിൽനിന്നുള്ള മടങ്ങിപ്പോക്ക് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. ജനങ്ങളുടെ ബോധമണ്ഡലത്തെ മലീമസമാക്കുന്ന അത്തരം ശക്തികൾക്കെതിരേ ഒരേ മനസ്സോടെ അണിചേരുമെന്ന് ദൃഢപ്രതിജ്ഞ കൈക്കൊള്ളേണ്ട സന്ദർഭം കൂടിയാണ് ഈ കേരളപ്പിറവി ദിനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."