ലഹരിയോട് മൈത്രി വേണ്ട; മാതൃകയായി ജനകീയ-പൊലിസ് കൂട്ടായ്മയുടെ ലഹരി പ്രതിരോധം, പ്രവാസികളും പങ്കാളികളായ ''ടീം വിജിലന്റ്'' കൂട്ടായ്മക്ക് ഒരു വയസ്
തൃശൂര്‍ : യുവജനതയുടെ ഭാവിയെ ആശങ്കയിലാഴ്ത്തുന്ന ലഹരിയെന്ന മഹാവിപത്തിന് പ്രതിരോധം തീര്‍ക്കനായി മൂന്ന് പഞ്ചായത്തുകളിലെ നാട്ടുകാരുടെയും ജനമൈത്രീ പൊലിസിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ''ടീം വിജിലന്റ്'' കൂട്ടായ്മക്ക് ഒരു വയസ്സ്. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം,വടക്കേക്കാട്,പുന്നയൂര്‍ എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശത്താണ് വടക്കേക്കാട് ജനമൈത്രി പൊലിസും നാട്ടുകാരും ചേര്‍ന്ന് നാടിനാകെ മാതൃകയായ ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്. ടീം വിജിലന്റ് എന്ന ലഹരി വിരുദ്ധ സംവിധാനം നവംബറില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മികച്ച ഫലമുളവാക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
ലഹരിക്കെതിരെ ബോധവല്‍ക്കരണം, നിരീക്ഷണം, ലഹരിമുക്ത വൈദ്യസഹായം എന്നിവയാണ് കൂട്ടായ്മയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ആദ്യം ജനകീയ കൂട്ടായ്മയെന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ പദ്ധതിയിലേക്ക് വടക്കേക്കാട് ജനമൈത്രി പൊലിസും പങ്ക് ചേരുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ബോധവല്‍കരണം, കൗണ്‍സലിംഗ്, ലഹരിമുക്തി ചികിത്സാ സഹായം തുടങ്ങിയവ ഈ പ്രദേശങ്ങളില്‍ നടത്തി. പദ്ധതി പ്രദേശത്തെ വിവിധ മത രാഷ്ട്രീയ സാമുദായിക സംഘടനകള്‍, പ്രവാസി സംഘടനകള്‍, സാംസ്‌കാരിക കായിക വേദികള്‍ തുടങ്ങിയവ കൈകോര്‍ത്താണ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി സംഘടിപ്പിച്ചത് . സര്‍ക്കാര്‍ സംവിധാനമുള്‍പ്പെടെയുള്ളവയെ ഒരുകുടക്കീഴിലാക്കി പദ്ധതി പ്രദേശത്തെ ലഹരി വ്യാപനത്തിനെതിരെ ഒരു സ്ഥിരം സംവിധാനമായി ഈ കൂട്ടായ്മ മാറി കഴിഞ്ഞു.പ്രദേശത്തെ വനിതകളുടെ മേല്‍നോട്ടത്തില്‍ വനിതാ ടീം വിജിലന്റ് വളണ്ടിയര്‍ വിഭാഗവും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് .
ലഹരിയുടെ വ്യാപനത്തിനെതിരെ ടീം വിജിലന്റ് വളണ്ടിയര്‍ വിഭാഗം ശക്തമായ നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെയും യുവാക്കളുടെയും സ്വാതന്ത്ര്യം ഹനിക്കാതെ തന്നെ അവരെ കൃത്യമായി നിരീക്ഷിച്ചാണ് അവര്‍ക്ക് സുരക്ഷയൊരുക്കുന്നത്. സ്‌കൂളുകള്‍ക്ക് സമീപം ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രതിജ്ഞയടങ്ങിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു.സൈക്കിള്‍ റൈഡ്,തെരുവ് നാടകം,ഫ്ലാഷ് മോബ്,പദയാത്ര,കായികാഭ്യാസ പ്രകടനങ്ങള്‍,സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ രചനാ മത്സരങ്ങള്‍ എന്നിവയും കൂട്ടായ്മയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി സംഘടിപ്പിച്ച് വരുന്നുണ്ട്.ഓരോ വീട്ടിലും ലഹരി വിരുദ്ധ പ്രതിജ്ഞ എന്ന പരിപാടിയും ഏറെ ഗുണകരമാകുന്നതായി കണക്കാക്കപ്പെടുന്നു . ടീം വിജിലന്റിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനമൈത്രീ പൊലിസിന് പുറമേ മേഖലയിലെ എക്സൈസ് വകുപ്പും വിമുക്തി ലഹരി വര്‍ജ്ജന മിഷനും സഹകരിക്കുന്നുണ്ട. ടി.എന്‍ പ്രതാപന്‍ എം.പി അടക്കമുള്ള ജനപ്രതിനിധികളും നേതാക്കളും പദ്ധതിക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."