യു.കെയില്‍ പഠിക്കാം; കയ്യില്‍ ആവശ്യത്തിന് പണം വേണമെന്ന് മാത്രം; പ്രധാന നഗരങ്ങളില്‍ പഠനത്തിനായി എത്ര രൂപ ചെലവാക്കേണ്ടി വരുമെന്നറിയാമോ?
യു.കെയില്‍ പഠിക്കാം; കയ്യില്‍ ആവശ്യത്തിന് പണം വേണമെന്ന് മാത്രം; പ്രധാന നഗരങ്ങളില്‍ പഠനത്തിനായി എത്ര രൂപ ചെലവാക്കേണ്ടി വരുമെന്നറിയാമോ?
ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട രാജ്യമാണ് യു.കെ. ഇന്ത്യയുമായുള്ള ചരിത്ര പരവും സാംസ്‌കാരികവുമായി ബന്ധം യു.കെയെ ഇന്ത്യക്കാരുടെ ഇഷ്ട കുടിയേറ്റ രാജ്യമാക്കി മാറ്റിയിരിക്കുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ യു.കെയിലേക്ക് തൊഴിലും വിദ്യാഭ്യാസവും മെച്ചപ്പെട്ട ജോലിയും തേടി നിരവധിയാളുകള്‍ കടല്‍കടന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം യു.കെയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് വ്യക്തമാക്കുന്നുണ്ട്.
കുടിയേറ്റം നിയന്ത്രണാതീതമായതോടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് കുടിയേറ്റ നിയന്ത്രണത്തിനായി പുതിയ നിയമ നിര്‍മാണത്തിന് വരെ കോപ്പ് കൂട്ടുന്നതാണ് കാണാന്‍ സാധിക്കുന്നത്. മെച്ചപ്പെട്ട തൊഴിലും ജീവിത നിലവാരവും, ഉയര്‍ന്ന ശമ്പളവും, വിദ്യാഭ്യാസ നിലവാരവുമൊക്കെയാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാരെ യു.കെയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ആ നിലക്ക് നോക്കിയാല്‍ മെച്ചപ്പെട്ട സാധ്യതയാണ് യു.കെ വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കാം. പക്ഷെ ഉയര്‍ന്ന ജീവിത ചെലവും, പഠനത്തിനും വിസക്കും അഡ്മിഷനുമായി ചെലവഴിക്കേണ്ടി വരുന്ന ഭീമമായ തുക പലരുടെയും വിദേശ സ്വപ്‌നങ്ങളെ തുലാസിലാക്കുന്ന ഘടകങ്ങളാണ്. പലപ്പോഴും സ്‌കോളര്‍ഷിപ്പ് സ്‌കീമുകളാണ് വിദ്യാര്‍ഥികളുടെ രക്ഷക്കെത്തുന്നത്. എങ്കിലും താമസം, ഭക്ഷണം, യാത്ര എന്നീ മറ്റ് ചെലവുകള്‍ക്ക് നമ്മള്‍ തന്നെ പരിഹാരം കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തിലാണ് പല വിദ്യാര്‍ഥികളും പാര്‍ട്ട് ടൈം ജോലി സാധ്യതകള്‍ തെരയുന്നത്.
അതുകൊണ്ട് തന്നെ യു.കെയിലേക്ക് പഠനത്തിനായി ചേക്കേറുമ്പോള്‍ അവിട വേണ്ടി വരുന്ന ചെലവിനെ കുറിച്ചും നാം ബോധവാന്‍മാരാവേണ്ടതുണ്ട്. 2023ന് സമാനമായി വരും വര്‍ഷങ്ങളിലും ചെലവുകള്‍ ഉയരാന്‍ തന്നെയാണ് സാധ്യത.
യു.കെയിലെ പഠന ചെലവ്
യു.കെ യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് ചിലവേറിയ വര്‍ഷമായിരുന്നു 2023. പഠന ചെലവിന് പുറമെ വിസ എംബസി ഫീസുകള്‍ ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനവും ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയായിരുന്നു.
ട്യൂഷന്‍ ഫീസ്
യു.കെയിലെ യൂണിവേഴ്‌സിറ്റികൡ അഡ്മിഷനെടുത്ത വിദേശ വിദ്യാര്‍ഥികളെ സംബന്ധിച്ച് തെരഞ്ഞെടുക്കുന്ന കോഴ്‌സിനെയും സ്ഥാപനത്തെയും അനുസരിച്ചാണ് പഠന ചെലവ് കണക്കാക്കുന്നത്. ശരാശരി ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രതിവര്‍ഷം 8 ലക്ഷം മുതല്‍ 30 ലക്ഷം രൂപക്കുള്ളില്‍ ചെലവ് പ്രതീക്ഷിക്കാം. ഇനി പി.ജി പ്രാഗ്രാമുകളാണെങ്കില്‍ 12 ലക്ഷം മുതലാണ് ശരാശരി ട്യൂഷന്‍ ചെലവുകള്‍ ആരംഭിക്കുന്നത്. അത് 35 ലക്ഷം രൂപക്ക് മുകളില്‍ വരെ ഉയരാം.
താമസ ചെലവ്
പഠനം വിദേശത്ത് ആയതുകൊണ്ട് തന്നെ ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായ ചെലവ് കണക്കുകളാണ് യു.കെയിലുള്ളത്. പല യൂണിവേഴ്‌സിറ്റികളും ക്യാമ്പസിനകത്ത് ഹോസ്റ്റല്‍ സൗകര്യം മുന്നോട്ട് വെക്കുന്നതാണ്. അല്ലാത്തവര്‍ പുറത്ത് താമസ സ്ഥലങ്ങള്‍ തിരയേണ്ടി വരും. യു.കെയെ സംബന്ധിച്ച് ഓരോ നഗരങ്ങള്‍ക്കനുസരിച്ചും ചെലവുകള്‍ വ്യത്യാസപ്പെടാം.
- തലസ്ഥാനമായ ലണ്ടനില്‍ ശരാശരി 2.5 ലക്ഷം രൂപ വരെയാണ് താമസത്തിനായി ചെലവ് വരുന്നത്. മാഞ്ചസ്റ്ററില്‍ 1 ലക്ഷത്തിന് മുകളിലും പ്രതിമാസം കൈയ്യില്‍ കരുതേണ്ടി വരും. എന്നാല്‍ ഇതിന് വിപരീതമായി ലീഡ്‌സില്‍ 85,680 രൂപയാണ് താമസ ചെലവിനത്തില്‍ വരുന്നത്.
- വിദേശ വിദ്യാര്‍ഥികളെ വലയ്ക്കുന്ന മറ്റൊരു കാര്യം യാത്രയാണ്. യൂണിവേഴ്‌സിറ്റികളിലേക്കും, താമസ സ്ഥലത്തേക്കും മറ്റ് കേന്ദ്രങ്ങളിലേക്കുമൊക്കെ യാത്ര ചെയ്യേണ്ടി വരും. അതിനായി പൊതുമേഖല ബസ് സര്‍വ്വീസുകളെയാണ് പലരും ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ യാത്രാ ചെലവും നമുക്കൊന്ന് പരിശോധിക്കാം.
- ലണ്ടന്‍ നഗരത്തില്‍ പ്രതിമാസം 17278 രൂപയാണ് ശരാശരി യാത്രാ കൂലിയിനത്തില്‍ ചെലവ് വരുന്നത്. മാഞ്ചസ്റ്ററില്‍ ഇത് 8,131 ഉം, ലീഡ്‌സില്‍ 7,622 ഉം ആയിരിക്കുമെന്നാണ് ലീപ് സ്‌കോളര്‍ഷിപ്പ് തങ്ങളുടെ പഠനത്തില്‍ പറയുന്നത്. 2024ലും ഈ തുകയില്‍ നിന്ന് കൂടുമെന്നല്ലാതെ കുറയാന്‍ സാധ്യതയില്ലെന്നാണ് ലീപ് സ്‌കോളര്‍ഷിപ്പ് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."