വാട്ടര്‍ അതോറിറ്റിയുടെ സ്റ്റാഫ്, കുറവന്‍കോണത്തെയും മ്യൂസിയത്തിലെയും ആക്രമണം സ്റ്റേറ്റ് കാര്‍ ദുരുപയോഗം ചെയ്ത്; ഫോട്ടോ വന്നതോടെ തല മൊട്ടയടിച്ചു
തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കയറിയ കേസിലും പ്രതിയായ മലയിന്‍കീഴ് സ്വദേശി സന്തോഷ് സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍. വാട്ടര്‍ അതോറിറ്റിയിലെ താത്കാലിക ഡ്രൈവറായ ഇയാള്‍ കുറ്റംകൃത്യം ചെയ്യുന്ന സമയത്ത് ഉപയോഗിച്ചിരുന്നത് ജലവിഭവ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ പേരില്‍ അനുവദിച്ച ഇന്നോവാ കാറായിരുന്നു. സന്തോഷ്, ഔദ്യോഗിക വാഹനത്തിലെത്തിയാണ് രണ്ടിടത്തും അതിക്രമം നടത്തിയത്.
ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് മറച്ചാണ് പ്രതി ആക്രമണം നടത്താനെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ തിരിച്ചറിയാതിരിക്കാന്‍ പ്രതി തലമൊട്ടയടിച്ചതായും പൊലിസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ശാരീരിക ലക്ഷണങ്ങള്‍ പ്രകാരം പ്രതിയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. താന്‍ സ്റ്റേഷനില്‍ കാണുമ്പോള്‍ പ്രതി നിസംഗ ഭാവത്തിലായിരുന്നു. ബനിയന്‍, ഷൂസ് എന്നീ മെറ്റീരിയല്‍ എവിഡന്‍സ്, ഫിസിക്കല്‍ അപ്പിയറന്‍സ് എന്നിവയും പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചതായി പരാതിക്കാരി വ്യക്തമാക്കി.
കുറുവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ കേസില്‍ ഇന്നലെയാണ് സന്തോഷ് അറസ്റ്റിലായത്. വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിച്ചതിനാല്‍ പൊലിസ് തിരിച്ചറിയല്‍ പരേഡ് നടത്തുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കാരിയായ യുവതി ഇയാളെ തിരിച്ചറിഞ്ഞത്.
കുറവന്‍കോണത്തെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ ഇയാള്‍ ആദ്യം എത്തിയത്. ഇവിടെ അതിക്രമം കാണിച്ച ശേഷം മറ്റൊരു വീട്ടിലേക്ക് പോയി. ഇതിന് ശേഷം കുറവന്‍കോണത്തെ വീട്ടിലെത്തി വാതില്‍ പൊളിക്കാനുള്ള ശ്രമം നടത്തിയിരുന്നു. കവടിയാര്‍ റോഡില്‍ ടെന്നീസ് ക്ലബ്ബിന് സമീപത്ത് നിന്ന് കുറവന്‍കോണത്തേക്ക് പോകുന്ന വഴിയില്‍ കാറ് പാര്‍ക്ക് ചെയ്തായിരുന്നു യുവതിയുടെ വീട്ടിലേക്ക് പോയത്. അതിന് ശേഷം വാഹനമെടുത്ത് മ്യൂസിയത്തില്‍ എത്തി. തുടര്‍ന്നാണ് വനിതാ ഡോക്ടര്‍ക്കു നേരെ ലൈഗിംകാതിക്രമം നടത്തിയത്. ഇതിന് ശേഷം ഇയാള്‍ കാറുമായി നഗരത്തിന്റെ പല റോഡുകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. പിന്നീട് ടെന്നീസ് ക്ലബിന്റെ ഭാഗത്തേക്കാണ് കാറുമായി പോയത്. അടുത്ത ദിവസം രാവിലെ വാഹനമെടുത്ത്‌കൊണ്ടുപോകുകയും ചെയ്തു.
സി.സി.ടിവി കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വണ്ടിനമ്പര്‍ കണ്ടെത്താനായതാണ് കേസില്‍ വഴിത്തിരിവായത്. സര്‍ക്കാര്‍ ബോര്‍ഡുള്ള ഇന്നോവ കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിനിരയായ വനിതാ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നത്.
ഏജന്‍സി നല്‍കിയ കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായ മലയിന്‍കീഴ് സ്വദേശി സന്തോഷ് എന്നാണ് മന്ത്രി റോഷി അഗസ്റ്റില്‍ നല്‍കുന്ന വിശദീകരണം. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പിഎസുമായി സംസാരിച്ചുവെന്നും ഇയാളെ അടിയന്തരമായി ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."