മുഹ്‌സിന്‍ എന്ന വിദ്യാര്‍ഥിയുടെ ജീവിതം തകര്‍ത്ത ലെറ്റര്‍ ബോംബ് കേസിലെ യഥാര്‍ത്ഥ പ്രതി രവി ശര്‍മയെ കുറിച്ചും അന്ന് പൊലിസ് പറഞ്ഞു 'മിടുക്കനായിരുന്നു, മാനസിക നിലതെറ്റിയപ്പോ ചെയ്തു പോയതാ'
'മിടുമിടുക്കി'യായ ഗ്രീഷ്മ വാര്‍ത്തകളില്‍ നിറയുമ്പോള്‍ മറ്റൊരു 'മിടുക്കനും ബുദ്ധിമാനും' ഒരു ദുര്‍ബല നിമിഷത്തില്‍ മാനസിക നില തെറ്റിപ്പോവുക എന്ന പ്രക്രിയക്ക് വിധേയനാവുകയും ചെയ്ത ഒരു പ്രതി കൂടി ചര്‍ച്ചയാവുകയാണ്. രാജീവ് എന്ന ശര്‍മ. മുഹ്‌സിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ ജീവിതം തന്നെ തകര്‍ത്തെറിഞ്ഞ വെറുമൊരു കത്തിന് പിന്നിലെ വില്ലന്‍.
2006ലാണ് സംഭവം. 2006 സെപ്തംബര്‍ 21ന് തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിക്ക് സ്‌ഫോടന സംബന്ധിയായ ഉള്ളടക്കത്തോടെ ഒരു കത്ത് വരുന്നു. കാര്യവട്ടം പോസ്റ്റ് ഓഫിസില്‍ നിന്ന് പോസ്റ്റ് ചെയ്ത ഒരു കത്ത്. കത്ത് തുറന്നപ്പോള്‍ സ്‌ഫോടനം നടന്നു. ലെറ്റര്‍ ബോംബ് എന്ന പേരിലറിയപ്പെട്ടു ആ സംഭവം.
പതിവു പോലെ ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന പതിവ് പൊലിസ് നടപടി. കത്തിനു പിന്നില്‍ ഭീകരന്‍. തിരുവനന്തപുരം മണക്കാട് സ്വദേശിയും ഫയര്‍ ആന്റ് സേഫ്റ്റി വിദ്യാര്‍ഥിയുമായിരുന്ന മുഹ്‌സിന്‍ പൊലിസ് പിടിയിലാവുന്നു. മുഹ്‌സിന് ഭീകര ബന്ധം. വീട്ടില്‍ നിന്ന് തീവ്രവാദ പ്രസിദ്ധീകരണങ്ങള്‍ കണ്ടെടുക്കല്‍. വെടിയുണ്ട കണ്ടെത്തല്‍. ലോകത്തിന് ഏതെല്ലാം മൂലകളില്‍ എന്തെല്ലാം പേരുകളില്‍ ഭീകര സംഘടനകളുണ്ടോ ഇവയുമായൊക്കെ മുഹ്‌സിന്‍ എന്ന വിദ്യാര്‍ത്ഥിയെ കൂട്ടിക്കെട്ടാന്‍ മത്സരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രത്യേകിച്ച് മലയാളി മാധ്യമങ്ങള്‍.
ഇതോടെ നാട്ടില്‍ നിന്ന് അവനും കുടുംബത്തിനും മാറേണ്ട അവസ്ഥയായി. കോളജില്‍ അവന്റെ വിദ്യാഭ്യാസവും അപ്പാടെ തടസ്സപ്പെട്ടു.
കാലം കുറേ കഴിഞ്ഞപ്പോള്‍ യഥാര്‍ഥ പ്രതി മുഹ്‌സിനല്ലെന്നും കഴക്കൂട്ടം സ്വദേശിയായ രാജീവ് എന്ന ശര്‍മയാണെന്നും പൊലിസ് കണ്ടെത്തി. കുറ്റം സംശയാതീതമായി തെളിഞ്ഞു. ഇതോടെ മാധ്യമങ്ങളുടെ ആവേശം നിലച്ചു പൊലിസിന്റേയും. അന്ന് പൊലിസ് അയാളെക്കുറിച്ച് പറഞ്ഞ കമന്റ് ഏതാണ്ട് ഇങ്ങനെയായിരുന്നു
'വളരെ ഇന്റലിജന്റ് ആയ ഒരു യുവാവാണു രാജീവ്. മാനസികനില തെറ്റിയപ്പോള്‍ സംഭവിച്ചതാവാം. അയാള്‍ക്ക് നല്ല ഭാവിയുണ്ട്'
'മിടുക്കന്‍' തന്നെ ആയിരുന്നു രാജീവ്. 'ബുദ്ധിമാനും'. മുസ്‌ലിംകളുടെ പേരില്‍ ലെറ്ററില്‍ 'നിലാവും നക്ഷത്രവും ഒക്കെ വച്ച് പച്ച നിറവും ബിസ്മിയും 786ഉം' ഒക്കെ വച്ചായിരുന്നു ലെറ്റര്‍ ബോംബ്. കുറ്റം മുസ്‌ലിംകള്‍ക്ക് മേല്‍ ചാര്‍ത്താനാണു ചെയ്തത് എന്നും പ്രതി സമ്മതിച്ചിരുന്നു.
എന്നിട്ടും യുവാവിന്റെ 'നല്ല' ഭാവി സംരക്ഷിക്കാന്‍ അഹോരാത്രം പണിയെടുത്തു പൊലിസ്. മാനസിക രോഗിയെന്ന് മാധ്യമങ്ങള്‍ക്കു മുന്നിലും കോടതിയിലും അവര്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. അങ്ങിനെ രാജീവ് മാനസികാരോഗ്യത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെട്ടു. അയാള്‍ക്ക് ഒന്നും നഷ്ടപ്പെട്ടില്ല.
നിരപരാധിത്വം തെളിഞ്ഞെങ്കിലും മുഹ്‌സിനു പഴയ ജീവിതം തിരിച്ചുകിട്ടിയില്ല. പഠനം മുടങ്ങിയത് എങ്ങനെയോ പൂര്‍ത്തിയാക്കി. എന്നാല്‍ നല്ല ഒരു ജോലി എന്നത് വെറും സ്വപ്‌നം മാത്രമായി അവശേഷിച്ചു. കിട്ടിയ 'ഭീകരവാദി' മുദ്ര നാട്ടില്‍ മായാതെ നിന്നു. നിരപരാധിയെന്ന് കോടതി വിധിച്ചിട്ടും അയല്‍ക്കാര്‍ പോലും വിശ്വസിക്കാന്‍ തയ്യാറായില്ല. തീയില്ലാതെ പുകയുണ്ടാവുമോ എന്നായിരുന്നു പലരുടേയും ചോദ്യം. ഏറെ ക്ഷടപ്പെട്ടാണ് തനിക്ക് ചെറിയ ഒരു ജോലി ശരിയായതെന്ന് 2019ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ മുഹ്‌സിന്‍ പറയുന്നുണ്ട്.
കാമുകന്‍ ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മ നായരെ കുറിച്ചും കാട്ടിറച്ചി കൈവശംവച്ചെന്ന കള്ളക്കേസില്‍പിടിയിലായ ഇടുക്കി കണ്ണംപടി സരുണ്‍ സജി എന്ന ആദിവാസി യുവാവിനെ കുറിച്ചും പൊലിസ് നടത്തിയ പരാമര്‍ശത്തിലെ വൈരുദ്ധ്യമാണ് രാജീവ് എന്ന ശര്‍മയേയും മഹ്‌സിനേയും മറവിയുടെ പാളികള്‍ മനീക്കി ഇപ്പോള്‍ മുന്നോട്ട് കൊണ്ടു വന്നത്. പൊലിസിന്റെ പെരുമാറ്റത്തില്‍ ജാതി ഘടകമാകുന്നുണ്ടെന്ന് ഗ്രീഷ്മ നായരുടെയും സരുണ്‍ സജിയുടെയും കേസില്‍ പൊലിസ് സ്വീകരിച്ച നയത്തില്‍ വ്യക്തമാണെന്ന് സോഷ്യല്‍മീഡിയ പറയുന്നു.
കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മ അറസ്റ്റിലായതോടെ, കേസന്വേഷണത്തിന്റെ ചുമതലയുള്ള റൂറല്‍ എസ്.പി ഡി. ശില്‍പ അവരെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: ''ഷീ ഈസ് ഫൈന്‍, മിടുക്കിയാണ്, റാങ്ക് ഹോള്‍ഡറാണ്. സ്മാര്‍ട്ടാണ്'' എന്നാണ്.
അതേസമയം, കാട്ടിറച്ചി കൈവശം വച്ചെന്ന ആരോപണത്തിന്റെ പേരില്‍ അറസ്റ്റിലായ സരുണ്‍ സജിയെക്കുറിച്ച് ''ഹീ ഈസ് എ ക്രിമിനല്‍, കുറ്റവാളിയാണ്, ജയിലിലടയ്‌ക്കേണ്ടവനാണ്.'' എന്നാണ് അന്ന് പൊലിസ് പറഞ്ഞത്. സരുണ്‍ സജി ഒരു പി.എസ്.സി റാങ്ക് ഹോള്‍ഡറാണ്. മൂന്ന് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഭാവി സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എന്നിരിക്കെയായിരുന്നു പൊലിസിന്റെ ഈ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."