നാഗ്പൂരില്‍ നിന്ന് നാടുകടത്തിയ അഫ്ഗാന്‍ സ്വദേശി താലിബാനില്‍
മുംബൈ: നിയമവിരുദ്ധമായി താമസിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നാഗ്പൂരില്‍ നിന്ന് ഈ വര്‍ഷം ജൂണില്‍ നാടുകടത്തിയ അഫ്ഗാന്‍ പൗരന്‍ താലിബാനില്‍ ചേര്‍ന്നെന്ന് പൊലിസ്. 30കാരന്‍ നൂര്‍ മുഹമ്മദ് ഐജാസ് മുഹമ്മദിനെയാണ് നാഗ്പൂരിലെ ദിഗോരിയില്‍ നിന്ന് നാടുകടത്തിയത്. ഇയാളോട് രൂപസാദൃശ്യമുള്ളൊരാള്‍ താലിബാന്‍ സൈനികര്‍ക്കൊപ്പം തോക്കുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് പൊലിസിന്റെ പ്രതികരണം. നൂര്‍ മുഹമ്മദ് 10 വര്‍ഷത്തോളമാണ് നാഗ്പൂരില്‍ താമസിച്ചത്.
നിയമവിരുദ്ധമായാണ് ഇവിടെ താമസിക്കുന്നതെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഇയാളെ പിടികൂടുകയും ജൂണ്‍ 23ന് നാടുകടത്തുകയും ചെയ്തു. 2010ലാണ് ആറുമാസത്തെ ടൂറിസ്റ്റ് വിസയില്‍ നൂര്‍മുഹമ്മദ് നാഗ്പൂരിലെത്തിയത്. പിന്നാലെ യുനൈറ്റഡ് നാഷന്‍സ് മനുഷ്യാവകാശ കൗണ്‍സിലില്‍ അഭയാര്‍ത്ഥി പദവിക്കായി അപേക്ഷ നല്‍കിയെങ്കിലും സ്വീകരിക്കപ്പെട്ടില്ല. ഇതിന് പിന്നാലെ ഇയാള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ തുടരുകയായിരുന്നു.
നൂര്‍ മുഹമ്മദിന്റെ യഥാര്‍ത്ഥ പേര് അബ്ദുല്‍ ഹഖ് എന്നാണെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ താലിബാന്‍ സൈനികനാണെന്നും പൊലിസ് പറഞ്ഞു. നൂറിന്റെ ശരീരത്തില്‍ വെടിയേറ്റ പാടുണ്ടായിരുന്നു. കമ്പിളി വിറ്റാണ് ഇന്ത്യയില്‍ ജീവിച്ചിരുന്നത്. താമസസ്ഥലം പരിശോധിച്ചപ്പോള്‍ സംശയകരമായൊന്നും ലഭിച്ചില്ലെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."