പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് സഊദിയുടെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: ഇറാനില്‍ മഹ്‌സ അമീനി എന്ന വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച കനത്ത പ്രതിഷേധത്തില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്ന് സഊദിയുടെ മുന്നറിയിപ്പ്. സഊദിയിലും ഇറാഖിലെ ഇര്‍ബിലും ആസൂത്രിത ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിവരം സഊദി അമേരിക്കയുമായി പങ്കുവച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതേത്തുടര്‍ന്ന് സഊദിയിലും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും യു.എസിലും ജാഗ്രതാ നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ വിവരം യു.എസ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ സഊദിയുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും പത്രം വെളിപ്പെടുത്തി. വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത നല്‍കിയത്. എന്നാല്‍, സഊദി പങ്കുവെച്ച രഹസ്യവിവരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ സെപ്തംബറിലാണ് മഹ്‌സ അമീനി കൊല്ലപ്പെട്ടത്. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത മഹ്‌സ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. പൊലിസ് മര്‍ദ്ദിച്ചെന്നാണ് കുടുംബം പറയുന്നത്. തുടര്‍ന്നുള്ള പ്രതിഷേധങ്ങളാല്‍ കഴിഞ്ഞ ആറാഴ്ചയായി ഇറാന്‍ നടുങ്ങി.
രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പ്രേരണ നല്‍കിയത് അമേരിക്ക, സഊദി അറേബ്യ, ഇസ്രാഈല്‍ എന്നീ രാജ്യങ്ങളാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തുന്നു. ഇറാനിലെ പ്രതിഷേധങ്ങളുടെ കവറേജില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സഊദിക്ക് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ പരസ്യമായി മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി. പ്രതിഷേധങ്ങള്‍ നേരിടുന്നതിന് രാജ്യവ്യാപകമായി ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരത്തിലധികം പേര്‍ക്കെതിരെ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."