HOME
DETAILS
MAL
കൊവിഷീല്‍ഡ് രണ്ടാം ഡോസ്: 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി
backup
August 25 2021 | 04:08 AM
അടുത്തദിവസം വിശദീകരണം നല്‍കണമെന്ന് കേന്ദ്രത്തോട് കോടതി
കൊച്ചി: കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവയ്‌പ്പെടുക്കാന്‍ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി. വാക്‌സിന്റെ ലഭ്യതക്കുറവാണോ 84 ദിവസത്തെ ഇടവേളയ്ക്ക് കാരണമെന്നും കോടതി ആരാഞ്ഞു. രണ്ടു വാക്‌സിനുകളും തമ്മില്‍ ഇടവേള അനിവാര്യമാണോയെന്നും കോടതി ചോദിച്ചു. ഇടവേള സംബന്ധിച്ചു കൂടുതല്‍ വ്യക്തവരുത്തണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. അടുത്തദിവസം കേസ് പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. കിറ്റെക്‌സ് കമ്പനി സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞ ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍ കമ്പനി അനുമതിതേടിയിരുന്നു. എന്നാല്‍, 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് കമ്പനി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.ബി സുരേഷ് കുമാറിന്റെ ബെഞ്ച് കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. വിദേശത്തേക്ക് പോകുന്നവര്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ക്ക് അടുത്തിടെ ഇളവ് അനുവദിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്ന് ഇളവുനല്‍കിയത് എങ്ങനെയെന്ന് സംസ്ഥാന സര്‍ക്കാരിനോടും കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ ഇളവുനല്‍കിയത് വിദേശത്തുനിന്ന് വന്നവരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."