മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വലമായ ഏട്: പേര് ഏതെങ്കിലും പട്ടികയില്‍ വരാനല്ല പോരാളികള്‍ ജീവന്‍ ബലിയര്‍പ്പിച്ചത്; സ്പീക്കര്‍ എം.ബി രാജേഷ്
മലപ്പുറം: മലബാര്‍ സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടമായിരുന്നുവെന്നും അതിനെ പിന്നീട് ഏറ്റെടുത്തത് സഖ്യശക്തികളായ ജന്മിത്വമായിരുന്നുവെന്നും സ്പീക്കര്‍ എം.ബി. രാജേഷ്. ചരിത്ര വസ്തുതകളെ വളച്ചൊടിക്കാതെ കൊളോണിയല്‍ വിരുദ്ധമായ ഉള്ളടക്കത്തെയാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു സ്പീക്കര്‍ എം.ബി രാജേഷ്.
മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തില്‍ ഉജ്ജ്വലമായ ഏടാണ്. അതുസംബന്ധിച്ച് തന്റെ നിലപാടുകളില്‍ ഒരുമാറ്റവുമില്ല. അത് ചരിത്ര വസ്തുതകള്‍ അങ്ങനെയായതുകൊണ്ടാണ്. ഭരണ കൂടത്തിന്റെ ചൂഷണവും ജന്മിത്വത്തിനെതിരായ ചൂഷണവുമാണ് അന്ന് അരങ്ങേറിയത്. ദുരിതപൂര്‍ണമായിരുന്നു കര്‍ഷക ജീവിതം. കര്‍ഷകരെ ദ്രോഹിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ജന്മിമാരെയാണ് കൂടെ നിര്‍ത്തിയത്.
പേര് ഏതെങ്കിലും പട്ടികയില്‍ വരുമെന്നു കരുതിയിട്ടല്ല അന്നത്തെ പോരാളികള്‍ സമരരംഗത്തിറങ്ങിയത്. മാതൃരാജ്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കിയത്. കര്‍ഷരിലെ വലിയ അസംതൃപ്തിയുടെ അഗ്നിപര്‍വതം അന്ന് പൊട്ടിത്തെറിച്ചു.
എന്നാല്‍ സമരകാലത്ത് ചില വഴിതെറ്റലുകളുണ്ടായിട്ടുണ്ട്. അതിനെ മറ്റൊരുതരത്തിലുള്ള രീതിയിലേക്ക് ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള അനീതിയാണ്. ഇതിനെക്കുറിച്ച് ഇ.എം.എസ് എഴുതിയ ലേഖനം ഏറെ പ്രസക്തമാണ്. ആഹ്വാനവും താക്കാതും എന്നാണതിന്റെ തലക്കെട്ട്. എന്താണ് ആഹ്വാനം. മലബാര്‍ സമരത്തിനെതിരായ വര്‍ഗീയ ചേരിതിരിവിനെതിരെയാണത്. എന്താണ് താക്കീത്. സാമ്രാജ്യത്വശക്തികള്‍ക്കെതിരായ ഉള്ളടക്കത്തെ ഉയര്‍ത്തിപ്പിടിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസമദ് സമദാനി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."