'ഛിന്നഭിന്നമായ കുഞ്ഞുടലുകള്‍…ചിതറിത്തെറിച്ചു കിടക്കുന്ന ശരീരാവശിഷ്ടങ്ങള്‍..വേദന നിലക്കാത്ത ആര്‍ത്ത നാദങ്ങള്‍' ചോരക്കളമായി ഗസ്സയിലെ അല്‍ അഹ്‌ലി ആശുപത്രി
'ഛിന്നഭിന്നമായ കുഞ്ഞുടലുകള്‍…ചിതറിത്തെറിച്ചു കിടക്കുന്ന ശരീരാവശിഷ്ടങ്ങള്‍..വേദന നിലക്കാത്ത ആര്‍ത്ത നാദങ്ങള്‍' ചോരക്കളമായി ഗസ്സയിലെ അല്‍ അഹ്‌ലി ആശുപത്രി
ഗസ്സ സിറ്റി: എങ്ങു നോക്കിയാലും ചോരച്ചാലുകളാണ്...ചിതറിത്തെറിച്ചു കിടക്കുന്ന ശരീരാവശിഷ്ടങ്ങളാണ്. മുറിവേറ്റ് തകര്‍ന്ന കുഞ്ഞുടലുകളാണ്. വേദനയാല്‍ പിടയുന്നവരുടെ ആര്‍ത്തനാദങ്ങളാണ്...ചേര്‍ത്തു പിടിക്കാന്‍ പ്രിയപ്പെട്ടവരുടെ ഒരു കൈവിരലെങ്കിലും കിട്ടിയെങ്കില്‍ എന്നോര്‍ത്ത് വിങ്ങിപ്പൊട്ടി തകര്‍ച്ചയുടെ ശേഷിപ്പുകളില്‍ തെരയുന്നവരാണ്. കഴിഞ്ഞ രാത്രയിലുണ്ടായ ഇസ്‌റാഈല്‍ ആക്രമണത്തില്‍ 500ലേറെ കൊല്ലപ്പെട്ട ഗസ്സയിലെ അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലില്‍ നിന്നുള്ള രംഗമാണിത്.
ആശുപത്രിക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തകര്‍ന്ന വാഹനങ്ങളും കാണാമായിരുന്നു. പരുക്കേറ്റവരേയും മൃതദേഹാവശിഷ്ടങ്ങളേയും ഇരുട്ടിലാണ് സ്‌ട്രെച്ചറുകളില്‍ ദുരന്തസ്ഥലത്തുനിന്ന് മാറ്റിയത്.
സംഭവസ്ഥലത്ത് വന്‍ സ്‌ഫോടനമുണ്ടാകുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മകന്റെ ശരീരാവശിഷ്ടങ്ങളുമായി ഓടുന്ന പിതാവിന്റേത് ഉള്‍പെടെയുള്ള ദയനീയമായ ദൃശ്യങ്ങളും പുറത്തു വന്നതിലുണ്ട്.
അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിനു നേരെയുണ്ടായ ഇസ്‌റാഈല്‍ ആക്രമണം 2008നു ശേഷമുണ്ടായ അഞ്ചു യുദ്ധങ്ങളിലെ ഏറ്റവും വലിയ ആക്രമണമാണെന്ന് ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ് പറഞ്ഞു. തങ്ങളുടെ ചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത ക്രൂരതയാണ് അരങ്ങേറിയത്. കഴിഞ്ഞ യുദ്ധങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലും നിരവധി ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ രാത്രിയുണ്ടായത് വംശഹത്യയാണെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബാസല്‍ പറഞ്ഞു.
Casualties of the lsraeli airstrike targeting a hospital in Gaza. pic.twitter.com/tMSo0xz7e2
— TIMES OF GAZA (@Timesofgaza) October 17, 2023
കൂടുതല്‍ സുരക്ഷിതമെന്ന് കരുതി ആശുപത്രിയില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സയിലെ ഡോക്ടറായ സിയാദ് ഷെഹാദ പറഞ്ഞു. അങ്ങേയറ്റം ഭയാനകമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഒരു മിനിറ്റുകൊണ്ട് എല്ലാവരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌റാഈലിന്റെ അന്ത്യശാസനത്തെത്തുടര്‍ന്ന് വടക്കന്‍ ഗസ്സയില്‍നിന്ന് ഒഴിഞ്ഞുപോയവരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്ന് ഫലസ്തീനിയന്‍ റെഡ്ക്രസന്റ് പ്രതിനിധി നെബാല്‍ ഫര്‍സാഖ് പറഞ്ഞു. തെക്കന്‍ ഗസ്സയിലേക്ക് പോകാന്‍ കഴിയാതിരുന്നവരാണ് ഇവര്‍. നൂറു കണക്കിന് മുറിവേറ്റവരും രോഗികളും ആശുപത്രിയിലുണ്ടായിരുന്നു.
ലോകത്തിലെ മറ്റൊരു രാജ്യത്തും ഒരാശുപത്രിക്ക് നേരെ ഇങ്ങനെ ഒരു ആക്രമണം നടത്തിയിട്ടുണ്ടാവില്ല. നടത്തുകയുമില്ല. ഇസ്‌റാഈല്‍ നടത്തിയ ഈ കൂട്ടക്കൊലയെ അവര്‍ അപലപിക്കുമോ. ഇസ്‌റാഈലിന്റെ ഈ നിലപാടിനെ ആരെങ്കിലും അപലപിക്കുമോ. അവര്‍ക്കറിയാം അവര്‍ക്ക് ഇസ്‌റാഈലിനെ നിയന്ത്രിക്കാന്‍ കഴിയുമെന്ന്. ഇസ്‌റാഈലിനെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെന്നും അവര്‍ക്കറിയാം. ഈ ഇസ്‌റാഈലി കൈയേറ്റക്കാര്‍ക്ക് പണവും ആയുധങ്ങളും പിന്തുണയും നല്‍കുന്നത് അവരാണ്- ഫലസ്തീന്‍ നാഷനല്‍ ഇനീഷ്യേറ്റിവ് (പി.എന്‍.ഐ) പാര്‍ട്ടി നേതാവ് മുസ്തഫ ബര്‍ഗൂതി രോഷാകുലനായി. ഇസ്‌റാഈലിന് നല്‍കുന്ന പിന്തുണയെ ചോദ്യം ചെയ്യാന്‍ ഈ സംഭവം ലോകനേതാക്കളെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോസ്പിറ്റലിനു നേരെയുണ്ടായ ആക്രമണത്തില്‍ അനുശോചിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വെസ്റ്റ് ബാങ്കില്‍ പണിമുടക്ക് നടത്താന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു. അതേസമയം, അല്‍ അഹ്‌ലി ഹോസ്പിറ്റലിലെ ആക്രമണത്തെക്കുറിച്ചും മരണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."