' എന്റെ കൂടി ജീവരക്തം കൊണ്ട് വളര്‍ന്ന പാര്‍ട്ടി; നേതാക്കളുടെ ഇഷ്ടക്കാര്‍ക്ക് പ്രവര്‍ത്തക പിന്തുണ ഉണ്ടാകില്ല' : കെ ശിവദാസന്‍ നായര്‍
തിരുവനന്തപുരം: ഡി.സി.സി നേതൃത്വത്തിലേക്ക് വരേണ്ടത് പ്രവര്‍ത്തകരുടെ പിന്തുണയുള്ളവരെന്ന് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ കെ ശിവദാസന്‍ നായര്‍. വളരെ കാലമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്തതിന്റെ ദുരനുഭവമാണ് ഇപ്പോള്‍ പാര്‍ട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് വരുമ്പോഴും പാര്‍ട്ടി വിരുദ്ധ നിലപാട് പരസ്യമായി എടുത്താലും അവര്‍ക്ക് ഒരു താക്കീത് പോലും നല്‍കാന്‍ ആരും ഉണ്ടാകുന്നില്ല. അതൊക്കെ പാര്‍ട്ടിയെ സംബന്ധിച്ച് ഉണ്ടായ പുഴുക്കുത്തുകളാണ് ആതൊക്കെ മാറണമെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു.
താന്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ നയത്തെ എതിര്‍ത്തില്ല. സംഘടനാ സംവിധാനം നന്നാക്കുന്നതിന് വേണ്ടി സദുദ്ദേശ പരമായ വിമര്‍ശനം മാത്രമാണ് താന്‍ നടത്തിയത്. എന്നാല്‍ വിമര്‍ശനം നടത്താന്‍ തനിക്ക് അവകാശം ഇല്ലാതായി എങ്കില്‍ ആ പ്രസ്ഥാനം കോണ്‍ഗ്രസ് അല്ലാതാകുന്നു എന്നാണ് അര്‍ഥം.
കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കും സാധിക്കില്ല. നേതൃത്വത്തിന് അംഗത്വം റദ്ദാക്കാമെന്നും എന്നാല്‍ കോണ്‍ഗ്രസില്‍നിന്നു തന്നെ പുറത്താക്കാനാകില്ല. തന്റെ കൂടി ജീവരക്തവും സംഭാവനകളും കൊണ്ട് വളര്‍ന്ന പാര്‍ട്ടിയാണിത്. ആ പ്രസ്ഥാനത്തെ വിട്ട് എങ്ങും പോകുന്ന പ്രശ്‌നമേയില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
'കോണ്‍ഗ്രസ് കോണ്‍ഗ്രസല്ലാതാകുന്ന കാഴ്ചയാണ് ഇപ്പോഴുളളത്. കോണ്‍ഗ്രസ് നന്നാകാനുള്ള ഒറ്റമൂലി സംഘടനാ തെരഞ്ഞെടുപ്പാണ്. സ്വന്തം നോമിനികളെപ്പറ്റിയായിരുന്നു നേതാക്കളില്‍ പലരുടെയും ചര്‍ച്ച. ഇഷ്ടക്കാര്‍ക്ക് പ്രവര്‍ത്തകരുടെ പിന്തുണ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."