രക്ഷ
കഥ
സുഹൈല വെള്ളില
ചാച്ചന്റെ അകന്ന ബന്ധത്തിലുള്ള ഫിലിപ്പങ്കിള്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന് മമ്മ വിളിച്ചു പറഞ്ഞതുകൊണ്ടാണ് അയാള്‍ മിസാപുരില്‍നിന്ന് ട്രെയിനില്‍ പോകാമെന്നു തീരുമാനിച്ചത്. കിഷന്‍പിരിയിലെത്തുമ്പോഴേക്കും ലഞ്ച്‌ടൈം കഴിയുമെന്നോര്‍ത്ത് കിട്ടിയ സ്‌നാക്‌സും വാങ്ങി ബാഗിലിട്ട് തിരക്കൊഴിഞ്ഞൊരു ബോഗി പിടിച്ചു.
'ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ പറ്റില്ല...'
ഇടയ്‌ക്കെപ്പോഴോ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കാണാറുള്ള മട്ടാഞ്ചേരിക്കാരന്‍ തന്നെയാണ് ടി.ടി. അയാള്‍ ആരോടാണിങ്ങനെ ദേഷ്യപ്പെടുന്നതെന്നറിയാന്‍ അപ്പുറത്തെ കംപാര്‍ട്ട്‌മെന്റിലേക്കൊന്നെത്തി നോക്കി. ഒരു സ്ത്രീ... സാരിത്തലപ്പുകൊണ്ട് കീറിപ്പറിഞ്ഞ ബ്ലൗസ് മറച്ചുപിടിച്ച് വെട്ടിയൊതുക്കാത്ത മുടി മാന്തിപ്പറിക്കുന്നുണ്ട്. ടി.ടി എത്രതന്നെ പറഞ്ഞിട്ടും ആ സ്ത്രീ അയാളുടെ മുഖത്തേക്ക് ഒന്നുനോക്കുകപോലും ചെയ്യാത്തതില്‍ രോഷംകൊണ്ടയാള്‍ പിറുപിറുത്ത് അവിടെനിന്ന് പോയി.
ആ സ്ത്രീയെ കണ്ടപ്പോള്‍ സെന്റ് തെരേസാസിലെ പള്ളിപ്പെരുന്നാളിന്റെ തലേന്നു രാത്രി ശൂന്യതയില്‍ വലിച്ചുകെട്ടിയ കയറില്‍ കമ്പു പിടിച്ചുനടക്കുന്ന പെണ്‍കുട്ടിയുടെ അമ്മയെയാണ് ഓര്‍മവന്നത്.
ട്രെയിന്‍ നീങ്ങിത്തുടങ്ങിയതു മുതല്‍ അനന്തതയുടെ അക്ഷരഗോളങ്ങളില്‍ അഭിരമിക്കുകയായിരുന്നയാള്‍. ചേരികള്‍ക്കു നടുവിലൂടെ യാത്ര തുടര്‍ന്നപ്പോള്‍ ഒരെഴുത്തുകാരന് ഇതിലും നല്ലൊരു ഉറവിടം കിട്ടാനില്ലെന്ന് അയാള്‍ക്കു ബോധ്യമായി.
ജ്ഞാനപീഠ ജേതാവായി അറിയിപ്പ് ലഭിച്ചതു മുതല്‍ പ്രൊഫ. ജോണ്‍ മാത്യു ആനന്ദത്തിന്റെ പരമോന്നതിയിലാണ്. ഇടുങ്ങിയ ആ ചുവപ്പ് മതില്‍ക്കെട്ടിനുള്ളിലെ ചേരി കടന്നുപോകുമ്പോള്‍ വണ്ടിയുടെ വേഗത കുറഞ്ഞിരുന്നു. പല കംപാര്‍ട്‌മെന്റുകളില്‍ നിന്നായി ആളുകള്‍ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഓടിവന്ന് എത്തിപ്പിടിക്കാന്‍ ധൃതികൂട്ടുന്ന അസ്ഥിമാത്രരും അര്‍ധവസ്ത്രരുമായ ഒരുപറ്റം കുട്ടികള്‍ കൂട്ടത്തോടെ ഓടിവരുന്നതുകണ്ട് അയാള്‍ അമ്പരപ്പോടെ നോക്കിനിന്നു. ജോണിന് പെട്ടന്നൊരു വെളിപാടുണ്ടായി. അയാള്‍ ബാഗ് തുറന്ന് ബിസ്‌കറ്റ് പാക്കറ്റ് കൈയിലെടുത്ത് തീവണ്ടി ജാലകത്തിലൂടെ പുറത്തേക്കു നീട്ടാന്‍ തുനിഞ്ഞു.
'അതെനിക്കു തരാമോ?'
തടിച്ച സിരകള്‍ തെളിഞ്ഞുകാണുന്ന ഒരു വരണ്ട കൈക്കുമ്പിള്‍ തനിക്കു നേരെ നീട്ടിയിരിക്കുന്നതാരാണെന്നയാള്‍ ആശ്ചര്യത്തോടെ തിരിഞ്ഞുനോക്കി. മുഷിഞ്ഞ ആ സ്ത്രീരൂപം കുഴിഞ്ഞ കണ്ണുകള്‍കൊണ്ട് ദയനീയമായി തന്നെത്തന്നെ നോക്കിനില്‍ക്കുന്നതു കണ്ടു. ജോണ്‍ മറുത്തൊന്നും ആലോചിക്കാതെ ഒരു പാക്കറ്റ് അവര്‍ക്കു നീട്ടി. അവരത് ആര്‍ത്തിയോടെ കഴിച്ചുതീര്‍ക്കുന്നത് അയാള്‍ നോക്കിനിന്നു. ഒരു കുപ്പിവെള്ളവുമായി അവരെ സമീപിക്കുമ്പോള്‍ അയാളാകമാനം നിസ്സംഗനായിരുന്നു. ബോട്ടില്‍ അവര്‍ക്കു നേരെ നീട്ടിയിട്ട് ജോണ്‍ ചോദിച്ചു.
'നിങ്ങള്‍ മലയാളിയാണോ? നിങ്ങള്‍ എന്താണ് ഈ അവസ്ഥയിലിവിടെ?
ബിസ്‌കറ്റ് തിന്ന അതേ വേഗത്തില്‍ ആ വെള്ളവും അവര്‍ കുടിച്ചിറക്കി. സാരിത്തലപ്പു കൊണ്ട് മുഖം തുടച്ച് ഒരു മന്ദഹാസത്തോടെ അയാളെ നോക്കിനില്‍ക്കുന്ന അവരുടെ യഥാര്‍ഥരൂപം അയാള്‍ മനസില്‍ കണ്ടു..
'എന്റെ പേര് മീനാക്ഷി.. ഭര്‍ത്താവ് മാധ്യമപ്രവര്‍ത്തകനായിരുന്നു. അദ്ദേഹം ഡല്‍ഹിയില്‍ ഒരു പ്രാദേശിക ലേഖകനായി ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് ഞാനും അഞ്ചു വയസുള്ള ഏകമകള്‍ അനന്യയും ഇവിടെയെത്തുന്നത്...'
'എന്നിട്ട് അവരൊക്കെ എവടെ?'
അയാള്‍ താല്‍പര്യത്തോടെ അവരുടെ കണ്ണുകളിലേക്ക് നോക്കി.. ആ വരണ്ട അധരങ്ങള്‍ പലതും പറയാനുണ്ടെന്ന മട്ടില്‍ അനങ്ങിത്തുടങ്ങി.. 'അദ്ദേഹമിപ്പോള്‍ ജയിലിലാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനാല്‍ ജയിലിനു പുറത്തൊരു ജീവിതമുണ്ടാകുമോ എന്ന ഭയം സത്യമായിരുന്നു. നാലു വര്‍ഷങ്ങളായി വിചാരണപോലുമില്ലാതെ ജയിലില്‍ കഴിഞ്ഞുകൂടുന്നു. രാജ്യദ്രോഹിയുടെ ഭാര്യയായതില്‍ ജീവിക്കാനുള്ള എല്ലാ വഴികളും എനിക്കു മുന്നില്‍ തടയപ്പെട്ടു...'
'അപ്പോള്‍ നിങ്ങളുടെ മകള്‍?'
ആ ചോദ്യത്തിനു മുമ്പില്‍ ആ സ്ത്രീക്കു പിടിച്ചുനില്‍ക്കാനായില്ല. കൈയിലമര്‍ത്തിപ്പിടിച്ചിരുന്ന മൂന്നാലു കുപ്പിവളപ്പൊട്ടുകള്‍ അയാള്‍ക്കുനേരെ നീട്ടി അവര്‍ പറഞ്ഞു.
'ഇതുമാത്രമേ എനിക്കു കിട്ടിയുള്ളൂ. കടത്തിണ്ണയിലെ ഒരു നശിച്ച രാത്രി വിശപ്പിന്റെ ക്ഷീണത്തില്‍ ഞാനുറങ്ങിപ്പോയി. ആ പ്രഭാതം അവളില്ലാതെയാണുണര്‍ന്നത്.
'അയാള്‍ പതിയെ അവിടെനിന്ന് എഴുന്നേറ്റ് തന്റെ സീറ്റില്‍ വന്നിരുന്നു. ഫയലില്‍ നിന്ന് ഒരു വെള്ളപേപ്പറും പേനയുമെടുത്ത് എഴുതാന്‍ തുടങ്ങി.
'എഴുത്തുകാരനായ പ്രൊ. ജോണ്‍ മാത്യു എന്ന ഞാന്‍ രാജ്യത്തിന്റെ ആദരവായ ജ്ഞാനപീഠ പുരസ്‌കാരം സന്തോഷപൂര്‍വം തിരസ്‌കരിക്കുന്നു...'
ആ വാക്കുകള്‍ക്കു താഴെ ഒപ്പുവയ്ക്കുമ്പോള്‍ അയാളിലൊരുകോടി കടലിരമ്പങ്ങളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."