മുനമ്പ്
യഹിയാ മുഹമ്മദ്
എനിക്കും നിനക്കുമിടയിൽ
ആരോ വരച്ചിട്ട
വിദ്വേഷ രേഖയിൽ
കാരമുൾച്ചെടികൾ
അതിരു നാട്ടിയിരിക്കുന്നു.
വിഷമുള്ളുകൾ തീർത്ത
വള്ളിപ്പടർപ്പുകൾക്ക്
അപ്പുറവും ഇപ്പുറവുമിരുന്ന്
നമ്മുടെ കുഞ്ഞുങ്ങൾ
സാറ്റു കളിക്കുന്നു.
കണ്ണുപൊത്തിക്കളിക്കിടയിൽ
കാണാതാവുന്നവർ
മഴമേഘച്ചുരുളുകൾക്കിടയിൽ
ഒളിച്ചിരിക്കുന്നു.
വെറുപ്പിൻ്റെ
മുൾവേലികൾക്കിടയിൽ
കുടുങ്ങിപ്പോയ
ഭയത്തിൻ്റെ കണ്ണുകളെ
ചോര പൊടിയാതെ
വലിച്ചെടുക്കുന്ന
വിഫലശ്രമത്തിലാണ്
ഞങ്ങളിപ്പോൾ.
ചുറ്റും ഉയർന്നുപൊന്തുന്ന
അട്ടഹാസങ്ങളുടെ
മൂടുപടലങ്ങൾക്കിടയിലും
മേനിതുളയ്ക്കുന്ന
വെയിൽ കുത്തുകൾക്കിടയിലും
കാലം തെറ്റി
അതിരുകൾ പൂത്തിരിക്കുന്നു!
തികഞ്ഞ പച്ചപ്പിൽ
മുള്ളുകൾ കൂർത്തു കൂർത്ത്
ഞങ്ങളുടെ കണ്ഡത്തിലേക്ക്
നീളുന്നു.
പൂവുകൾ
തോക്കുകളുടെ രൂപത്തിൽ
ഞങ്ങളിലേക്ക് തിരിയുന്നു.
ഫലങ്ങൾ
ബോംബുകളായ് വീണ്
ഞങ്ങളുടെ മണ്ണ്
ചീഞ്ഞുനാറുന്നു.
ഇവിടെ വിരിയുന്ന
പൂവുകൾക്കിപ്പോൾ
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ
ചോരയുടെ മണവും
ചുവപ്പുമാണ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."