ഹരമാക്കാന്‍ ഹാരിയര്‍
വിനീഷ്
മുഖം മിനുക്കി ടാറ്റയുടെ ഹാരിയര്‍ എത്തുന്ന സന്തോഷത്തിന് ഇരട്ടി മധുരം പകരാന്‍ ഒരു വാര്‍ത്ത കൂടിയുണ്ട്. ഇടിപരീക്ഷണത്തില്‍ വിജയശ്രീലാളിതനായി എന്നതാണത്. ഹാരിയര്‍ ചാടിക്കടന്നത് ചില്ലറ കടമ്പയല്ല. ഇന്ത്യ പോലുള്ള ഡെവലപ്പിങ് മാര്‍ക്കറ്റുകളിലെ വാഹനസുരക്ഷ വിലയിരുത്തുന്ന ഗ്ലോബല്‍ എന്‍ക്യാപ് എന്ന ഏജന്‍സിയുടെ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഇടി പരീക്ഷണത്തിലാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ് ഹാരിയര്‍ സ്വന്തമാക്കിയത്. 2014മുതല്‍ ടാറ്റയുടെ പലവാഹനങ്ങളും ഗ്ലോബല്‍ എന്‍ക്യാപ് ഇടിപരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഹാരിയറിലും സമാന പ്ലാറ്റ്‌ഫോമിലുള്ള സഫാരിയിലും ഇതുവരെ പരീക്ഷണം നടക്കാത്തതെന്തെന്ന ചോദ്യവും കുറേക്കാലമായി കേട്ടിരുന്നു. ഏതായാലും ഇനി അത്തരം ചോദ്യങ്ങളുമായി വരുന്നവരുടെ വായടപ്പിക്കാന്‍ പോന്ന മറുപടിയാണ് ഗ്ലോബല്‍ എന്‍ക്യാപ് ടെസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്. adult occupant സുരക്ഷയില്‍ 34 പോയിന്റുകളില്‍ 33.05 പോയിന്റ് ഹാരിയര്‍ സ്വന്തമാക്കിയിട്ടുണ്ട്.
ബ്രീട്ടിഷ് കാര്‍ ഇതിഹാസമായ ലാന്‍ഡ്‌റോവറിന്റെ D8 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിര്‍മിച്ചിരിക്കുന്ന ഹാരിയര്‍ ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. 2019ല്‍ പുറത്തിറങ്ങിയത് മുതല്‍പലപ്പോഴായി ഹാരിയര്‍ എന്ന ഫൈവ് സീറ്റര്‍ എസ്.യു.വിക്ക് ടാറ്റ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഫെയ്‌സ് ലിഫ്റ്റ് എന്നതിലുപരി മെക്കാനിക്കല്‍, ടെക് മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഇന്റീരിയറും പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ നെക്‌സോണില്‍ കണ്ടതുപോലുള്ള ഒരു സ്റ്റെലിങ് ആണ് ഹാരിയറും പിന്തുടരുന്നത്. നേരത്തെ ഹാരിയറിനും സഫാരിക്കും മുന്‍വശം ഏകദേശം സമാനമായിരുന്നുവെങ്കില്‍ ഫെയ്‌സ് ലിഫ്റ്റിലൂടെ രണ്ട് വാഹനങ്ങള്‍ക്കും സ്വന്തമായ വ്യക്തിത്വം ടാറ്റ നല്‍കിയിട്ടുണ്ട്. എല്‍.ഇ.ഡി ആയതോടു കൂടി മുന്നിലെ വലിയ ഹെഡ്‌ലൈറ്റ് ഔട്ടായി. സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണുന്ന ഒരു ചെറിയ ചതുരമാണ് ഹെഡ്‌ലൈറ്റ്. പുതിയ നെക്‌സോണിലും ഈ രീതിയിലായിരുന്ന ഹെഡ്‌ലൈറ്റിന്റെ രൂപാന്തരം. മുന്‍വശത്ത് കണക്ഡ് ആയ ഒരു ഒരു ലൈറ്റ് സ്ട്രിപ്പ് സ്ഥാനം പിടിച്ചിട്ടുണ്ട്. ടെയില്‍ ലൈറിലും കണക്ടഡ് ഫീച്ചറോടെയുള്ള ഈ ലൈറ്റ് കാണാം. വാഹനം ഓണ്‍ ചെയ്യുമ്പോള്‍ ഇരുവശത്തേക്കും മിന്നിത്തെളിയുന്ന ഈ ലൈറ്റുകള്‍ ആകര്‍ഷമാണ്. ടയറുകള്‍ ഒന്നുകൂടി വലിപ്പം കൂടി 17 ഇഞ്ച് ആയി. മിഡ്, ടോപ് സ്‌പെക് വേരിയന്റുകളില്‍ 18 ഇഞ്ച് വീലാണ് വരുന്നത്. ടാറ്റ 50 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചതിന്റെ ഭാഗമായി ബാഡ്ജ് സി പില്ലറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പുതിയ ഹാരിയറിനുള്ളില്‍ കയറുമ്പോള്‍ തന്നെ, മാറ്റങ്ങള്‍ ദൃശ്യമാകും.മള്‍ട്ടി-ലെയര്‍ ഡാഷിന്റെ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എടുത്തു നില്‍ക്കുന്നുണ്ട്. മധ്യഭാഗത്ത് ടാറ്റ ലോഗോയുള്ള ഒരു പുതിയ ഫോര്‍-സ്‌പോക്ക് സ്റ്റിയറിങ് വീലിന് പുറമെ ഓട്ടോമാറ്റിക് വേരിയന്റുകളില്‍ പാഡില്‍ ഷിഫ്റ്ററുകളും ഉണ്ട്. പുതിയ സ്റ്റിയറിങ് വീലിന് പിന്നില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സ്ഥിതി ചെയ്യുന്നു.
ഫിയറ്റ് കാറുകളുടെ നിര്‍മാതാക്കളായ സെല്ലാന്റിസ് ഗ്രൂപ്പിന്റെ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ തന്നെയാണ് പുതിയ ഹാരിയറിലും. Kryotec എന്ന് ടാറ്റ പേരിട്ടിരിക്കുന്ന എന്‍ജിന്‍ 168 bhp പവറും 350 Nm ടോര്‍ക്കും ഉള്ളതാണ്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമാണുള്ളത്. മാന്വല്‍ ഹാരിയറിനെതിരേ ഉയര്‍ന്നിരുന്ന പരാതി ക്ലച്ചിന്റെ ഹെവിനസ് ആണ്. പുതിയ മോഡലിലും ഇത് തുടരുന്നുണ്ട്. ഓട്ടോമാറ്റിക് മോഡലിന് പിന്നാലെ കൂടുന്നതാണ് അതുകൊണ്ടുതന്നെ ബുദ്ധി. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ടെങ്കിലും, അധികമായി ഡ്രൈവര്‍ സൈഡ് knee (കാല്‍മുട്ട്) എയര്‍ബാഗും ലഭിക്കും. ഈ വിഭാഗത്തില്‍ ആദ്യമായാണ് knee എയര്‍ബാഗ്. ലക്ഷ്വറി വാഹനങ്ങളിലാണ് ഇത് കാണാറുള്ളത്. ഫെയ്‌സ് ലിഫ്റ്റില്‍ എത്തുന്ന മറ്റൊരു കിടിലന്‍ സവിശേഷതയാണ് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍. ഓരോ ഭാഗത്തും വ്യക്തിഗത താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഊഷ്മാവ് ക്രമീകരിക്കാം. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റ(ADAS)ത്തിനൊപ്പം അഡാപ്റ്റീവ് ക്രൂയിസ് ഇല്ലെന്ന പഴയ പരാതി വേണ്ട. മുന്‍പിലത്തെ വാഹനത്തിനനുസരിച്ച് സ്വയം വേഗം ക്രമീകരിക്കുന്ന ഈ സംവിധാനവും കൂടാതെ പവേര്‍ഡ് ടെയില്‍ ഗേറ്റും പുതിയ ഹാരിയറില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സ്റ്റിയറിങ് ടൈറ്റാണെന്ന നേരത്തെയുള്ള പരാതിക്കും വിട നല്‍കാം. ഹൈഡ്രോളിക്കില്‍ നിന്ന് ഇലക്ട്രിലേക്ക് മാറിയപ്പോള്‍ സുഖമായി തിരിച്ചെടുക്കാം. രണ്ട് ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ആയിരുന്നിട്ടും 16.80 കി.മീ മാന്വലിനും 14.60 കി.മീ ഓട്ടോമാറ്റിക്കിനും ഫ്യുവല്‍ എഫിഷന്‍സിയും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. 15.49 ലക്ഷം മുതലാണ് മാന്വല്‍ മോഡലിന് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ടോപ്പ് എന്‍ഡ് എത്തുമ്പോള്‍ 24.27 ലക്ഷം വരും. പുതിയ മാറ്റങ്ങളോടെ ഈ ഫൈവ് സീറ്റര്‍ എസ്.യു.വിയെ ടാറ്റ ഒരു കംപ്‌ളീറ്റ് പാക്കേജ് ആക്കിമാറ്റിയിട്ടുണ്ട്. ഹാരിയറിനെ ഒന്നുകൂടി ഹരമാക്കിയെന്ന് ചുരുക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."