കോണ്‍ഗ്രസില്‍ അപചയം; ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക്
കാസര്‍കോട്: സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സി.കെ ശ്രീധരന്‍, മുന്‍ കെ.പി.സി.സി ഉപാധ്യക്ഷനും കാസര്‍കോട് ഡി.സി.സി അധ്യക്ഷനുമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നാണ് ശ്രീധരന്റെ പ്രതികരണം. പാര്‍ട്ടി വിടാനുള്ള തീരുമാനം 17ന് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്നും ശ്രീധരന്‍ പ്രതികരിച്ചു.
പാര്‍ട്ടി വിടാന്‍ നിരവധി കാരണങ്ങളുണ്ട്, കേരളത്തിലെ കോണ്‍ഗ്രസിലെ നേതൃത്വം പല വിഷയങ്ങളിലും സ്വീകരിക്കുന്ന നിലപാടുകളോടുള്ള വിയോജിപ്പാണ് പാര്‍ട്ടി വിടാനുള്ള പ്രധാന കാരണം. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് ആര്‍എസ്എസ് അനുകൂല നിലാപാടാണ് സ്വീകരിക്കുന്നത്. മറ്റ് കാരണങ്ങളും പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്നും യാതൊരു ഉപാധികളൊന്നുമില്ലാതെയാണ് താന്‍ സി.പി.എമ്മില്‍ ചേരുന്നതെന്നും സി.കെ ശ്രീധരന്‍ വ്യക്തമാക്കി.
കാഞ്ഞങ്ങാട് സി.പി.എം നേതാക്കള്‍ ചേര്‍ന്ന് സി.കെ ശ്രീധരന് നല്‍കുന്ന ഔദ്യോഗിക സ്വീകരണ പരിപാടിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുക്കും. അടുത്തിടെ സി.കെ ശ്രീധരന്റെ പുസ്തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് പോകുന്നുവെന്ന അഭ്യൂഹം നിലനിന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഈ വിഷയത്തില്‍ കോണ്‍ഗ്രസോ ശ്രീധരനോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."