ലൈറ്റ് ഓഫ് മിഹ്‌റാബ്; വീണ്ടെടുപ്പിനുള്ള ആവിഷ്‌കാരം
കേരളീയ മുസ്‌ലിംകളുടെ മത സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും തനിമചോരാതെ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക ഘടകമായി വര്‍ത്തിച്ച സാമൂഹ്യ സംവിധാനമാണ് മഹല്ലുകള്‍. മദീനയില്‍ പ്രവാചകന്‍ തിരുനബി (സ്വ) വികസിപ്പിച്ചെടുത്ത മസ്ജിദുന്നബവി കേന്ദ്രീകൃതമായ സാമൂഹിക ജീവിതത്തിന്റെ പരിച്ഛേദമാണ് മാലിക് ബ്‌നു ദീനാറും സംഘവും കേരളമണ്ണില്‍ പുനഃസൃഷ്ടിച്ചത്. ആരാധനാ നിര്‍വഹണത്തോടൊപ്പം പരസ്പരാശ്രിത സാമൂഹ്യസങ്കല്‍പങ്ങളും ഇടപെടലുകളും യാഥാര്‍ഥ്യമാക്കുന്നതിനു പള്ളികളും അവ ആസ്ഥാനമാക്കിയുള്ള മഹല്ല് സംവിധാനവും ചെലുത്തിയ സ്വാധീനം നിസ്സീമമാണ്. മദീനയിലെ പള്ളിമിഹ്‌റാബില്‍നിന്ന് തിരുനബി നടത്തിയ സംബോധനങ്ങളും സംവേദനങ്ങളുമാണല്ലോ ഇസ്‌ലാമിക സംഹിതകള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക ഘടകങ്ങളായി മാറിയത്. തുടര്‍ന്ന്, നാലു ഖലീഫമാരും ശേഷം വന്ന ഉമവിയ്യ, അബ്ബാസിയ്യ, ഉസ്മാനിയ്യ ഭരണാധികാരികളും പിന്നീടുള്ള മുസ്‌ലിം രാജാക്കന്മാര്‍, സുല്‍ത്താന്മാര്‍ വരെ വിശ്വാസികളെ അഭിസംബോധന ചെയ്തതും തങ്ങളുടെ ആജ്ഞകള്‍ക്കും ആഹ്വാനങ്ങള്‍ക്കും വേദിയാക്കിയതും മിഹ്‌റാബുകളായിരുന്നു.
പള്ളികളില്‍ നിസ്‌കാര നിര്‍വഹണത്തിനു നേതൃത്വം നല്‍കുന്ന ഇമാമുമാര്‍ക്കുള്ള പ്രത്യേക ഇടമാണിതെങ്കിലും ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലം കൂടിയാണിത്. വിശുദ്ധ ഖുര്‍ആനില്‍ അഞ്ചു സ്ഥലങ്ങളില്‍ മിഹ്‌റാബ് പരാമര്‍ശമുണ്ട്. വിശുദ്ധ കഅ്ബയിലേക്ക് അഭിമുഖീകരിച്ച് നിസ്‌കരിക്കേണ്ടതിനാല്‍ മസ്ജിദുന്നബവിയില്‍ വിശ്വാസികളുടെ സൗകര്യാര്‍ഥം ചുമരുകളില്‍ ദിശനിര്‍ണയം നടത്തുകയായിരുന്നു. നിലവില്‍ വിവിധ പള്ളികളിലേതു പോലെ വ്യവസ്ഥാപിത രീതിയില്‍ സംവിധാനിച്ചുതുടങ്ങിയത് പില്‍ക്കാലത്താണ്. പള്ളിമിഹ്‌റാബുകളില്‍ നിന്നുയരുന്ന പണ്ഡിതരുടെ വാക്കുകളാണ് വിശ്വാസീ ഹൃദയങ്ങളില്‍ പരിവര്‍ത്തനമുണ്ടാക്കിയതും അവരുടെ ജീവിതവ്യവസ്ഥിതിയില്‍ സ്വാധീനമുണ്ടാക്കിയതും.
സൈനുദ്ദീന്‍ മഖ്ദൂമുമാര്‍, മമ്പുറം തങ്ങള്‍, മകന്‍ ഫള്ല്‍ പൂക്കോയ തങ്ങള്‍, ഉമര്‍ ഖാസി തുടങ്ങിയ പണ്ഡിത ശ്രേഷ്ഠരും തങ്ങളുടെ സാമൂഹിക സാംസ്‌കാരിക ഉത്ഥാനം സാധിച്ചെടുക്കുന്നതിനു ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ ഇടംകൂടിയാണ് പള്ളിമിഹ്‌റാബുകള്‍. ഭാവിയില്‍ സമൂഹം നേരിടുന്ന പ്രതിസന്ധികളെ പ്രവചിച്ച് മമ്പുറം തങ്ങള്‍ എഴുതിയ കവിതാശകലങ്ങളും അതു പൊന്നാനി ജുമാമസ്ജിദിന്റെ മിഹ്‌റാബില്‍ എഴുതിവയ്ക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശവും പ്രസിദ്ധമാണ്. മിഹ്‌റാബുകളില്‍ നിന്നുള്ള സന്ദേശങ്ങളെ ഏറെ പവിത്രതയോടെയും അതിലേറെ പ്രാധാന്യത്തോടെയും വിശ്വാസികള്‍ സ്വീകരിച്ചിരുന്നു എന്നതാണ് പൂര്‍വചരിത്രം. ഏറെ സ്വാധീനമുണ്ടാക്കുന്ന ഈയൊരു സവിശേഷരീതി തന്നെയാണ് വര്‍ത്തമാന കാലത്ത് കൂടുതല്‍ പ്രസക്തമാകുന്നതും.
കാലവും ചുറ്റുപാടുകളും പ്രശ്‌നകലുഷിതമായ പുതിയ സാഹചര്യത്തില്‍ പള്ളിമിഹ്‌റാബുകള്‍ കേന്ദ്രീകരിച്ചുള്ള നവോത്ഥാന പ്രക്രിയകള്‍ക്ക് രൂപംനല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പൂര്‍വകാലങ്ങളിലേതു പോലെ സമൂഹം കാലികമായി അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും വെല്ലുവിളികളും സംബന്ധിച്ച് കൃത്യമായ അവബോധം മിഹ്‌റാബുകളില്‍നിന്നു പകര്‍ന്നുനല്‍കേണ്ടതുണ്ട്. വിശ്വാസത്തെ തളര്‍ത്തുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന 'വൈറസുകള്‍' വര്‍ധിച്ചുവരുന്ന കാലമാണിത്. തിരുനബി (സ്വ) പ്രവചിച്ച 'പ്രഭാതത്തില്‍ വിശ്വാസിയായിരുന്നവന്‍ പ്രദോഷത്തില്‍ അവിശ്വാസിയായി മാറുന്ന, പ്രദോഷത്തില്‍ വിശ്വാസിയായിരുന്നവന്‍ പ്രഭാതത്തില്‍ അവിശ്വാസിയായി മാറുന്ന' സാഹചര്യമാണ് നിലവിലുള്ളത്. അതീവജാഗ്രത പാലിച്ചില്ലെങ്കില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ഹതാശരാകേണ്ട ദുരവസ്ഥയായിരിക്കും അനുഭവിക്കേണ്ടിവരിക. മതനിഷ്ഠയുള്ളവര്‍ പിന്നീട് മതപരിത്യാഗികളാവുന്നത് വേദനാജനകമാണ്. 'ഒരാള്‍ സത്യവിശ്വാസം കൈവെടിഞ്ഞാല്‍ അവന്റെ കര്‍മങ്ങളത്രയും തകര്‍ന്നു. പരലോകത്ത് അവന്‍ നഷ്ടക്കാരില്‍ പെട്ടവനാകുന്നു' (വി. ഖുര്‍ആന്‍: 5:5).
വിശ്വാസം കൊണ്ടും കര്‍മം കൊണ്ടും വാക്ക് കൊണ്ടും പരിത്യാഗം (രിദ്ദത്ത്) സംഭവിച്ചേക്കാം. പ്രത്യക്ഷമായ മതപരിത്യാഗത്തിനേക്കാള്‍ അപകടകരമാണ് പരോക്ഷമായത്. ഇസ്‌ലാമിക നിയമങ്ങളെയും ശരീഅത്തിനെയുമെല്ലാം നിസാരവല്‍ക്കരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന പരോക്ഷ മതപരിത്യാഗം സമുദായത്തില്‍ അപകടകരമാംവിധം വര്‍ധിച്ചുവരികയാണ്. മതം തന്നെ നഷ്ടപ്പെടുത്തുന്ന തരത്തില്‍ മതേതര നാട്യങ്ങളുമായി പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന നേതാക്കളും പ്രവര്‍ത്തകരുമാണ് ഇന്ന് അധികവും.
സമൂഹത്തില്‍ യുക്തിവാദവും നിരീശ്വരവാദവും സ്വതന്ത്രചിന്തയും സന്നിവേശിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇസ്‌ലാം വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുകയും സംഘ്പരിവാര്‍ വാദങ്ങള്‍ അതേപടി പകര്‍ത്തുകയും ചെയ്യുന്ന യുക്തിവാദികള്‍ പുതുതലമുറയില്‍ വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്. അസത്യങ്ങളും അര്‍ധസത്യങ്ങളും വിളമ്പി ആളുകളെ തെറ്റുധരിപ്പിക്കുകയാണവര്‍. ദൈവമില്ല, മതമില്ല എന്ന വാദം സ്വീകരിക്കുന്നതോടുകൂടി ആരോടും കടപ്പാടില്ലാത്ത, വ്യക്തിപരമായ നിയന്ത്രണങ്ങളില്ലാത്ത, ചിട്ടകള്‍ പാലിക്കേണ്ടതില്ലാത്ത ഒരു 'സര്‍വതന്ത്ര' ലോകമാണ് യുക്തിവാദികളും നിരീശ്വരവാദികളും സ്വതന്ത്ര ചിന്തകരും സ്വപ്നം കാണുന്നത്. 'മതം സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; എന്റെ സ്വാതന്ത്ര്യമാണ് എനിക്ക് പ്രധാനം' എന്നതാണ് അവരുടെ മുദ്രാവാക്യം. വ്യക്തിയുടെ അന്തസ്സ്, കുടുംബത്തിന്റെ കെട്ടുറപ്പ്, സമൂഹത്തിന്റെ ക്രമം എന്നിവയെ എല്ലാം ഈ കാഴ്ചപ്പാട് സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകില്ല. 'എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും' എന്ന ചിന്ത സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല. സ്വന്തം മാതാക്കളോടും സഹോദരിമാരോടും വരെ ലൈംഗിക ബന്ധമാവാം എന്നു പരസ്യമായി പറയുന്നവരാണ് യുക്തിവാദികള്‍. സ്വതന്ത്ര ലൈംഗികതയിലേക്കാണ് ഇത്തരം ബഹുമുഖ ചിന്തകള്‍ നയിക്കുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഇന്ന് അതിന്റെ തിക്തമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയാണ്. കുടുംബങ്ങള്‍ തകരുന്ന, വ്യഭിചാരത്തില്‍ പിറന്ന മക്കള്‍ ആള്‍ക്കൂട്ടങ്ങളില്‍ തങ്ങളുടെ പിതാക്കന്‍മാരെ തേടിയലയുന്ന, പിതാക്കന്‍മാര്‍ അറിയപ്പെടാത്ത കുട്ടികള്‍ ക്രിമിനലുകളാകുന്ന ദുരവസ്ഥ വരെ ഇവിടെയുണ്ട്. ഈ ദുര്‍ഗതി നമ്മുടെ നാടിനു വരാതിരിക്കാന്‍ കൃത്യമായ ജാഗ്രത നാം പാലിക്കേണ്ടതുണ്ട്.
മുസ്‌ലിംകള്‍ക്കിടയില്‍ കമ്മ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെട്ട് അതു കേവലമൊരു രാഷ്ട്രീയ ആശയമായി മാറിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്‌സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു സുതരാം വ്യക്തമാക്കിയതാണ്. 'കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു'വെന്നാണ് മാര്‍ക്‌സിന്റെ വീക്ഷണം. ലിബറല്‍ ധാര്‍മികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം. സ്വതന്ത്ര ലൈംഗികതയെ വരെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിനു കമ്മ്യൂണിസ്റ്റ് വിദ്യാര്‍ഥി സംഘടന 'അന്തര്‍ദേശീയ സ്വയംഭോഗ ദിനം' സജീവമായി ആചരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മാന്യതയുള്ളവര്‍ പറയാന്‍പോലും താല്‍പര്യപ്പെടാത്ത കാര്യങ്ങള്‍ പൊതുഇടങ്ങളില്‍ ആഘോഷിക്കാന്‍ മടിയില്ലാത്തവിധം ഇവരുടെ മനസിനെ വികൃതമാക്കിയത് ഇത്തരം ലിബറല്‍ കാഴ്ചപ്പാടുകളാണ്. പതിയിരിക്കുന്ന അപകടമാണ് കമ്മ്യൂണിസം എന്ന് തിരിച്ചറിയാന്‍ നമുക്കു കഴിയേണ്ടതുണ്ട്.
മതവിശ്വാസത്തെ ബാധിക്കുന്ന, മേല്‍സൂചിതമായതു പോലെയുള്ള അപകടങ്ങള്‍ സമൂഹത്തില്‍ വ്യാപകമാകുമ്പോള്‍ അതീവ ജാഗ്രതയോടെയും ശ്രദ്ധാപൂര്‍വവും കൈകാര്യം ചെയ്യേണ്ടത് മതപണ്ഡിതരുടെയും മഹല്ല് നേതൃത്വത്തിന്റെയും അനിവാര്യ ബാധ്യതയാണ്. ഈയൊരു സന്ദിഗ്ധ സാഹചര്യം അഭിമുഖീകരിക്കാന്‍ കൃത്യമായ പദ്ധതികളും പരിഹാര മാര്‍ഗങ്ങളുമായി സുന്നി മഹല്ല് ഫെഡറേഷന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും ആത്മീയതയിലൂടെ അതിജയിക്കുകയും അതിജീവിക്കുകയും ചെയ്യുക എന്നതാണു പരിഹാരമാര്‍ഗം. പരീക്ഷണങ്ങള്‍ യഥാര്‍ഥ വിശ്വാസികളെ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍ കൊവിഡ് കാലത്ത് വിശ്വാസികളുടെ ആത്മീയതക്ക് മങ്ങലേറ്റ അവസ്ഥയാണുള്ളത്. പള്ളികളുമായുള്ള ഹൃദയബന്ധം അറ്റുപോവുകയും ജുമുഅ-ജമാഅത്തുകളുടെ ഗൗരവം നഷ്ടപ്പെടുകയും ചെയ്യുന്ന വിരോധാഭാസമാണ് കാണുന്നത്. ഈ പ്രവണതയ്‌ക്കെതിരേ മഹല്ല് കമ്മിറ്റികളുടെ ശക്തമായ ബോധവല്‍ക്കരണം മാത്രമാണ് പരിഹാരം. പള്ളിമിഹ്‌റാബുകളില്‍ നിന്നുള്ള കനപ്പെട്ട നിര്‍ദേശങ്ങളും മാര്‍ഗദര്‍ശനങ്ങളും വിശ്വാസികള്‍ക്കു ലഭിക്കേണ്ടതുണ്ട്. സമൂഹത്തെ ജാഗ്രതയോടെ മുന്നോട്ടുനയിക്കണമെങ്കില്‍ പണ്ഡിതരും നേതാക്കളും (ഉലമാഉം ഉമറാഉം) യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. സമൂഹത്തില്‍ രണ്ടു വിഭാഗം നന്നായാല്‍ സമൂഹം മുഴുക്കെ നന്നാകും; അവര്‍ ദുഷിച്ചാല്‍ സമൂഹം ദുഷിക്കും; പണ്ഡിതരും നേതാക്കളുമാണവര്‍ എന്നാണ് ഹദീസ് പാഠം. സമുദായനന്മ കാംക്ഷിച്ച് പണ്ഡിതരും നേതാക്കളും അവരുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കേണ്ടതുണ്ട്. ഗുണകാംക്ഷാ മനോഭാവമുള്ള മതപണ്ഡിതരും അവരെ അനുധാവനം ചെയ്യുന്ന നേതാക്കളുമാണ് സമുദായത്തിന്റെ കരുത്തും കരുതലും.
1989ല്‍ സംഘടനാപരമായി പ്രശ്‌നകലുഷിതമായ സാഹചര്യം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേരിടേണ്ടിവന്നപ്പോള്‍ സംഘടനയ്ക്കു തുണയായത് ഉലമാ-ഉമറാ കൂട്ടുകെട്ടായിരുന്നുവെന്നത് നാം വിസ്മരിക്കരുത്. അന്നത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വിഘടിത വിഭാഗത്തിനു പരസ്യപിന്തുണ നല്‍കിയപ്പോഴും ബഹുമുഖ സംവിധാനങ്ങള്‍ എതിരായപ്പോഴും സമസ്തയ്ക്ക് ശക്തിപകര്‍ന്നത് ഈ അജയ്യമായ ഐക്യബലമായിരുന്നു എന്നതാണു വസ്തുത. മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഹനിക്കാനും ചരിത്രങ്ങള്‍ നിഷ്‌കാസനം ചെയ്യാനുമുള്ള നിഗൂഢ ശ്രമങ്ങള്‍ ഭരണകൂട തലങ്ങളില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന ഈ സവിശേഷ സാഹചര്യത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയും പണ്ഡിതരും നേതാക്കളും യോജിച്ചുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യേണ്ടതുണ്ട്. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍-സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍, ഈയൊരു ഉദ്യമം ലക്ഷ്യംവച്ച് 'ലൈറ്റ് ഓഫ് മിഹ്‌റാബ് ' എന്ന പ്രമേയത്തില്‍ ത്രൈമാസ കാംപയിന്‍ സംഘടപ്പിക്കുന്നത് ഏറെ പ്രതീക്ഷാവഹമാണ്. മഹല്ലുകളില്‍ പുത്തനുണര്‍വ് സൃഷ്ടിക്കുക, മതനിരാസ പ്രവണതകളെയും യുക്തിവാദ-സ്വതന്ത്ര ചിന്തകളെയും പ്രതിരോധിക്കുക, ആത്മീയ-അവകാശ ബോധമുണ്ടാക്കുക, ചരിത്രധ്വംസനത്തിനെതിരേ ബോധവല്‍ക്കരിക്കുക, പണ്ഡിത-നേതൃബന്ധം സുദൃഢമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പള്ളിമിഹ്‌റാബുകളില്‍ നിന്നാരംഭിച്ച സാമൂഹിക ഉത്ഥാന-ജാഗരണ ശ്രമങ്ങളുടെ പുനരാവിഷ്‌കാരത്തിന് ഈ കാംപയിന്‍ നിമിത്തമാകുമെന്നു പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."