യാഥാര്‍ഥ്യം മൂടിവച്ചിട്ട് എന്തു നേടാന്‍
യാഥാര്‍ഥ്യം മൂടിവച്ചിട്ട് എന്തു നേടാന്‍
ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍നിന്ന് രാജ്യത്തെ വിളര്‍ച്ച രോഗബാധിതരെ കണ്ടെത്താനുള്ള ചോദ്യാവലി ഒഴിവാക്കിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ രാജ്യാന്തര ജനസംഖ്യാ പഠനകേന്ദ്രം മേധാവിയായിരുന്ന പ്രൊഫ. കെ.എസ് ജയിംസിനെതിരായ നടപടിക്കും രാജിക്കും ഇടയാക്കിയ വിവാദങ്ങളുടെ തുടര്‍ച്ചയായാണ് ചോദ്യാവലി ഒഴിവാക്കിയത്. സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് ജെയിംസിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. രാജ്യത്ത് വിളര്‍ച്ച രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്നായിരുന്നു സര്‍വേയിലെ കണ്ടെത്തല്‍. മുഖം രക്ഷിക്കാനാണ് ചോദ്യാവലി തന്നെ വേണ്ടെന്നുവച്ചതെന്നാണ് ആരോപണം.
സര്‍വേയുടെ ആറാമത്തെ പതിപ്പില്‍ നിന്നാണ് വിളര്‍ച്ച രോഗബാധിതരെ കണ്ടെത്താനുള്ള ചോദ്യാവലി ഒഴിവാക്കിയത്. 199293 വര്‍ഷത്തിലാണ് രാജ്യത്ത് ആദ്യമായി കുടുംബാരോഗ്യ സര്‍വേ ആരംഭിച്ചത്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജനസംഖ്യ, ആരോഗ്യസ്ഥിതി, പോഷകാഹാരം തുടങ്ങിയവയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയാണ് പ്രധാനമായും സര്‍വേയുടെ ലക്ഷ്യം. ഈ റിപ്പോര്‍ട്ടിനെക്കൂടി അടിസ്ഥാനമാക്കിയാണ് ജനങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനാവശ്യമായ നയതീരുമാനങ്ങള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കൈക്കൊള്ളുന്നത്. ഒന്നാം പതിപ്പ് മുതല്‍ ഒടുവില്‍ നടന്ന 201921 കാലത്തെ അഞ്ചാം പതിപ്പ് വരെയും വിളര്‍ച്ച രോഗബാധിതരെ കണ്ടെത്താനുള്ള പരിശോധന സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അയര്‍ലന്‍ഡില്‍ നിന്നും ജര്‍മനിയില്‍ നിന്നുമുള്ള കസര്‍ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ ഹില്‍ഫ് എന്നീ യൂറോപ്യന്‍ ഏജന്‍സികള്‍ പുറത്തിറക്കിയ ലോക പട്ടിണി സൂചിക പ്രകാരം പോഷകാഹാരക്കുറവാണ് ഇന്ത്യയിലെ പ്രധാന പ്രശ്‌നം. ഭക്ഷണമില്ലായ്മ, ചീത്ത ഭക്ഷണം, ശിശു പരിചരണത്തിലെ പോരായ്മ, അനാരോഗ്യകരമായ അന്തരീക്ഷം തുടങ്ങിയവ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ പ്രശ്‌നമാണ്. റിപ്പോര്‍ട്ട് പറയുന്നത് അനുസരിച്ച്, ലോകത്ത് ഭാരക്കുറവുള്ള കുട്ടികള്‍ കൂടുതല്‍ ഇന്ത്യയിലാണ്. 18.7 ശതമാനം. രൂക്ഷമായ പോഷകാഹാരക്കുറവിന്റെ ലക്ഷണമാണിത്. കുട്ടിക്കാലത്തെ മുരടിപ്പിലും ഇന്ത്യയാണ് മുന്നില്‍. ഇന്ത്യയില്‍ 35 ശതമാനത്തിലധികം കുട്ടികള്‍ക്ക് വളര്‍ച്ചാ മുരടിപ്പുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
1524 വയസ് പ്രായമുള്ള സ്ത്രീകള്‍ക്കിടയില്‍ വിളര്‍ച്ചയുടെ വ്യാപനം രാജ്യത്തെ പ്രധാന പ്രശ്‌നമായി സൂചിക ചൂണ്ടിക്കാട്ടുന്നു. 50 ശതമാനം സ്ത്രീകളും കൗമാരക്കാരും വിളര്‍ച്ചയുള്ളവരാണ്. ഇതു ലോകത്തെ ഉയര്‍ന്ന നിരക്കിലൊന്നാണ്. സമാനമായ കണക്കാണ് രാജ്യാന്തര ജനസംഖ്യാ പഠനകേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിലും ഉണ്ടായിരുന്നത്. 6 മുതല്‍ 59 മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളിലെ വിളര്‍ച്ചാ നിരക്ക് 201516ല്‍ 58.6 ശതമാനമായിരുന്നത് 201921ല്‍ 67.1 ശതമാനമായി കൂടിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 1549 വയസിനിടയിലെ ഗര്‍ഭിണികളില്‍ 201516ല്‍ 53.2 ശതമാനമായിരുന്നത് 201921ല്‍ 57.2 ശതമാനമായി ഉയര്‍ന്നു. 1519 പ്രായക്കാര്‍ക്കിടയില്‍ 201516ല്‍ 54.1 ശതമാനമായിരുന്നത് 201921ല്‍ 59.1 ശതമാനമായി.
സര്‍വേയില്‍നിന്ന് ചോദ്യങ്ങള്‍ ഒഴിവാക്കിയതുകൊണ്ട് വിളര്‍ച്ച ഇല്ലാതാവില്ല. സര്‍ക്കാരിന്റെ പരാജയത്തിന്റെ കണക്കുകള്‍ ഇല്ലാതാക്കാമെന്നു മാത്രം. എല്ലാം ഇല്ലാതാക്കി മറച്ചുവയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ നയം. മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് നയരൂപീകരണത്തില്‍ സുപ്രധാനമായ ആസൂത്രണ കമ്മിഷനെ ഇല്ലാതാക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആസൂത്രണ കമ്മിഷന്‍ പദ്ധതികളുടെ ആനൂകൂല്യങ്ങള്‍ സംസ്ഥാനത്തെ മുസ് ലിംകള്‍ക്ക് ലഭ്യമാകാത്ത വിധം നടപ്പാക്കിയതിന് മോദിയെ ആസൂത്രണ കമ്മിഷന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പേരില്‍ അന്ന് കമ്മിഷന്‍ അംഗമായിരുന്ന സെയ്ദ ഹാമിദും മോദിയും തമ്മില്‍ കമ്മിഷന്‍ യോഗത്തില്‍ വാക്കുതര്‍ക്കവുമുണ്ടായി.
അതോടെയാണ് ആസൂത്രണ കമ്മിഷന്‍ മോദിയുടെ ശത്രുവാകുകയും കമ്മിഷനെ തന്നെ ഇല്ലാതാക്കി നീതി ആയോഗ് രൂപവത്കരിക്കുകയും ചെയ്തത്. മോദി സര്‍ക്കാരിന് സ്ഥിതിവിവര കണക്കുകളെ പേടിയാണ്. കണക്കുകള്‍ സര്‍ക്കാരിന്റെ അവകാശവാദങ്ങളെ പൊളിക്കും. അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളെ പേടിയാണ്. അതു സര്‍ക്കാരിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടും. സന്നദ്ധ സംഘടനകളെ പേടിയാണ്. അവ സര്‍ക്കാരിനെ തുറന്ന് വിചാരണ ചെയ്യും. അതിനാല്‍, എല്ലാം പൂട്ടിക്കെട്ടുകയാണ് സര്‍ക്കാര്‍ നയം. പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ പട്ടിണി സൂചിക തയാറാക്കുന്ന രീതിക്കാണ് പ്രശ്‌നമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇന്ത്യയിലെ ദുര്‍ബലമായ ക്രമസമാധാന സാഹചര്യം ചൂണ്ടിക്കാട്ടുമ്പോള്‍ അത് ഇന്ത്യയെ അപമാനിക്കലാണെന്ന് കുറ്റപ്പെടുത്തും.
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയാല്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് പരിഹസിക്കും. അഞ്ചുവര്‍ഷം അധികാരത്തിലിരുന്നിട്ടും വളര്‍ച്ചാ നിരക്കില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തിനൊപ്പമെത്താന്‍ കഴിയാതിരുന്ന മോദി സര്‍ക്കാര്‍ 2019 ജൂണില്‍ ചെയ്തത് ജി.ഡി.പി കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തി മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തെ വളര്‍ച്ചാ നിരക്ക് കുറയ്ക്കുകയും മോദിയുടെ കാലത്തെ കണക്ക് കൂട്ടുകയുമാണ്. നോട്ടുനിരോധനം രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ത്തുവെന്ന് മോദി സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച കണക്കുകള്‍ അംഗീകരിക്കുന്നില്ല. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി പരാജയമാണെന്ന വസ്തുത അംഗീകരിക്കുന്നില്ല. ജി.എസ്.ടി നടപ്പാക്കിയതിലെ പോരായ്മകള്‍ സമ്മതിക്കുന്നില്ല.
വൈദ്യുതി, വ്യവസായം, ഖനികള്‍, റിഫൈനറികള്‍, കല്‍ക്കരി, വാതകം എന്നിവ ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക സ്ഥിതിയെ നിര്‍ണയിക്കുന്ന സുപ്രധാന മേഖലകളാണ്. എന്നാല്‍, ബി.ജെ.പി ഭരണത്തില്‍ ഈ മേഖലകളൊന്നും വളര്‍ച്ച നേടിയില്ല. 2020ല്‍ ഈ മേഖലയുടെ വളര്‍ച്ചാ നിരക്ക് വെറും 2 ശതമാനം മാത്രമായിരുന്നു. ഒരു വീഴ്ചയുമില്ലാതെ ഒരു സര്‍ക്കാരിനും രാജ്യം ഭരിക്കാനാവില്ല. എന്നാല്‍, തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തുകയാണ് അഭികാമ്യമായ രീതി. തെറ്റുകള്‍ അംഗീകരിക്കുകയാണ് തിരുത്തലിന്റെ ആദ്യപടി. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടല്‍ കൊണ്ട് മാത്രം ഏറെക്കാലം അധികാരത്തില്‍ നിലനില്‍ക്കാനുമാവില്ല. രാജ്യം എവിടെ എത്തിനില്‍ക്കുന്നുവെന്ന് ഒരു സ്ഥിതിവിവര കണക്കുകളുടെയും പിന്‍ബലമില്ലാതെ, സ്വന്തം അനുഭവങ്ങളില്‍നിന്ന് ഓരോ പൗരനും തിരിച്ചറിയും. അന്ന് അവകാശവാദങ്ങള്‍ കൊണ്ടുമാത്രം പിടിച്ചു നില്‍ക്കാനാവില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. രാജ്യത്തെ ആരോഗ്യമേഖലയിലെ പോരായ്മകള്‍ മൂടിവച്ചതു കൊണ്ട് എന്തു നേടാനാവും. നമ്മുടെ ഗ്രാമങ്ങളിലെ ദരിദ്ര യാഥാര്‍ഥ്യങ്ങളെ ഒരു സ്ഥിതിവിവര കണക്കുകളുമില്ലാതെ ആര്‍ക്കും തിരിച്ചറിയാം. സുതാര്യതയാണ് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുക. കണക്കുകള്‍ അംഗീകരിക്കുക, തിരുത്തല്‍ നടപടികള്‍ അടിയന്തര പ്രധാന്യത്തോടെ നടപ്പാക്കുക സര്‍ക്കാര്‍ ഇത്രയുമാണ് പ്രാഥമികമായി ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."