നേതാക്കള്‍ പണം വാങ്ങി; ചിലരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച സി.പി.എം അവലോകന റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് വിമര്‍ശനം. തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കള്‍ എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷി നേതാക്കളില്‍നിന്ന് നേരിട്ടു പണം വാങ്ങിയെന്ന ആരോപണം വിവിധ ജില്ലകളില്‍നിന്ന് ഉയര്‍ന്നിരുന്നു. ഇതു ശരിവച്ചാണ് റിപ്പോര്‍ട്ട്.
ഘടകകക്ഷികളുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന ഇടങ്ങളില്‍ ചില സി.പി.എം നേതാക്കള്‍ നേരിട്ട് പണം വാങ്ങി. ഇത്തരം നടപടികള്‍ പാര്‍ട്ടി ശൈലിയുടെ ലംഘനമാണ്. ചിലയിടങ്ങളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ മാറി വോട്ട് ചെയ്തു. ഇത്തരം സംഭവങ്ങള്‍ പരിശോധിച്ച് തിരുത്തേണ്ടതുണ്ട്.
പൊന്നാനി, കുറ്റ്യാടി സംഭവങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. മാധ്യമങ്ങളും പ്രതിയോഗികളും പാര്‍ട്ടിക്കെതിരേ ഇത് ഉപയോഗിച്ചു. കുറ്റ്യാടിയില്‍ മോഹനന്‍ മാസ്റ്ററുടെ കുടുംബത്തിനെതിരേ വരെ പരാമര്‍ശങ്ങളുണ്ടായി. സ്ഥാനാര്‍ഥി നിര്‍ണയത്തിനു മുമ്പുതന്നെ സമൂഹമാധ്യമങ്ങള്‍ വഴി വ്യക്തികളെ തേജോവധം ചെയ്യുന്ന പ്രചാരണങ്ങളുണ്ടായി. ചിലയിടങ്ങളില്‍ ബൂര്‍ഷ്വാ പാര്‍ട്ടികളെപ്പോലെ സ്ഥാനാര്‍ഥിയാകാന്‍ വേണ്ടി മുന്‍കൂര്‍ പ്രവര്‍ത്തനങ്ങളും ചരടുവലികളും നടത്തിയവരുണ്ട്. സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ മതനേതാക്കളെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ചവരുമുണ്ട്. മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ് തത്ത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്ത ഇത്തരം ദൗര്‍ബല്യങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുന്‍ മന്ത്രി ജി. സുധാകരനെതിരായ പരാമര്‍ശങ്ങളുമുണ്ടെങ്കിലും റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഉള്‍പ്പെടുത്തി തയാറാക്കിയ പാര്‍ട്ടി കത്തില്‍ പേരെടുത്തു പറഞ്ഞുള്ള ആ പരാമര്‍ശം ഒഴിവാക്കി. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ ആലപ്പുഴ ജില്ലയെക്കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗത്താണ് സുധാകരനെതിരായ പരാമര്‍ശമുള്ളത്. അമ്പലപ്പുഴയില്‍ ചില സംഘടനാ വിഷയങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അവിടെ വിജയം ഉറപ്പാക്കാന്‍ സഹായകരമല്ലാത്ത ചില നിലപാടുകള്‍ സുധാകരന്റെ ഭാഗത്തുനിന്നുണ്ടായെന്നും പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതില്‍ പരിമിതികളുണ്ടായെന്നും ഇത് സംസ്ഥാന കമ്മിറ്റി പ്രത്യേകം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."