ലോകത്തിന്റെ തലപ്പത്തേക്ക് സഊദി; യുഎൻ വേൾഡ് ടൂറിസം എക്‌സിക്യൂട്ടീവ് കൗൺസിൽ അധ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുത്തു
ലോകത്തിന്റെ തലപ്പത്തേക്ക് സഊദി; യുഎൻ വേൾഡ് ടൂറിസം എക്‌സിക്യൂട്ടീവ് കൗൺസിൽ അദ്യക്ഷ പദവിയിലേക്ക് തെരഞ്ഞെടുത്തു
റിയാദ്: യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രസിഡന്റായി സഊദി അറേബ്യയെ വീണ്ടും തെരഞ്ഞെടുത്തു. ഉസ്ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. 2024 ലെ പ്രസിഡന്റ് പദവിയിലേക്കാണ് സഊദി വീണ്ടുമെത്തിയത്. 2025-ലെ ജനറൽ അസംബ്ലിയുടെ 26-ാമത് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ സഊദി അറേബ്യയെ തിരഞ്ഞെടുത്തതായി വേൾഡ് ടൂറിസം ഓർഗനൈസേഷൻ അറിയിച്ചു. കിംഗ്ഡത്തിൽ നടക്കുന്ന ആദ്യത്തെ യുഎൻ ജനറൽ അസംബ്ലിയാണിത്.
സഊദി ഗ്രീനിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച സുസ്ഥിര ടൂറിസം ഗ്ലോബൽ സെന്റർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ പ്രവർത്തനത്തിനാണ് ഇതുവഴി അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ചത്.
വിനോദസഞ്ചാര മേഖലയുടെ നവീകരണവും പുരോഗതിയും ലക്ഷ്യമിട്ട് പലതരം സംരംഭങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് സൗദി ടൂറിസം മന്ത്രിയും വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ അഹമദ് ബിൻ അഖീൽ അൽ ഖത്തീബ് പറഞ്ഞു. എല്ലാ അംഗരാജ്യങ്ങളുടെയും അഭിലാഷങ്ങളും പ്രതീക്ഷകളും ഞങ്ങൾ സംരക്ഷിക്കും. കൂടാതെ ടൂറിസം മേഖല സാമ്പത്തിക കൈമാറ്റവും രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരികവും മാനുഷികവുമായ അടുപ്പവും കൈവരിക്കുന്നത് ഉറപ്പാക്കുന്ന വിധത്തിൽ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ ഞങ്ങൾ ശ്രമിക്കുമെന്നും അൽ-ഖത്തീബ് പറഞ്ഞു.
ഞങ്ങൾ കാഴ്ചപ്പാടോടും ലക്ഷ്യത്തോടും കൂടി മുന്നോട്ട് പോകുമ്പോൾ, രാജ്യം അഭിമാനത്തോടെ ഒരിക്കൽ കൂടി ആഗോള ശ്രദ്ധാകേന്ദ്രത്തിലേക്ക് ചുവടുവെക്കുന്നു. 2025 ൽ യുഎൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ ജനറൽ അസംബ്ലിയുടെ 26-ാമത് സമ്മേളനത്തിന് റിയാദ് ആതിഥേയത്വം വഹിക്കുമെന്ന് പങ്കിടുന്നതിൽ സന്തോഷമുണ്ട് - സഊദി അറേബ്യയുടെ ടൂറിസം വൈസ് മന്ത്രി ഹൈഫ ബിൻത് മുഹമ്മദ് അൽ-സൗദ് രാജകുമാരി എക്‌സിൽ പോസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."