അഫ്ഗാനില്‍ സര്‍ക്കാര്‍ ഉടന്‍; സ്ത്രീകളുണ്ടാവില്ല ബറാദര്‍ പ്രസിഡന്റാകും, അഖുന്‍സാദ പരമോന്നത നേതാവ്
കാബൂള്‍: അഫ്ഗാനിലെ പുതിയ സര്‍ക്കാര്‍ രൂപീകരണം അന്തിമ ഘട്ടത്തിലെത്തിയതായി താലിബാന്റെ മുതിര്‍ന്ന നേതാവ് അനസ് ഹഖാനി. മന്ത്രിസഭയില്‍ ആരെല്ലാമുണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് അദ്ദേഹം അല്‍ജസീറ ടി.വിയോടു പറഞ്ഞു.
പുതിയ സര്‍ക്കാര്‍ സംബന്ധിച്ച് താലിബാനും അഫ്ഗാന്‍ നേതാക്കളും ധാരണയിലെത്തിയതായി സംഘടനയുടെ സാംസ്‌കാരിക വിഭാഗം അംഗം ബിലാല്‍ കരീമി വെളിപ്പെടുത്തി.
ഹിബത്തുല്ല അഖുന്‍സാദയായിരിക്കും പരമോന്നത നേതാവ്. സ്ഥാപകനേതാക്കളിലൊരാളായ അബ്ദുല്‍ ഗനി ബറാദറായിരിക്കും പ്രസിഡന്റ്.
മുന്‍ സര്‍ക്കാരിലെ നേതാക്കളും സര്‍ക്കാരിലുണ്ടാകും. ദിവസങ്ങള്‍ക്കകം മന്ത്രിസഭ പ്രഖ്യാപിക്കുമെന്നും കരീമി അറിയിച്ചു. ഹാമിദ് കര്‍സായി, അബ്ദുല്ല അബ്ദുല്ല എന്നിവരും മന്ത്രിസഭയിലിടം പിടിച്ചേക്കും.
നേരത്തെ പുതിയ സര്‍ക്കാരില്‍ താലിബാനികളല്ലാത്തവരും വിവിധ ഗോത്രവര്‍ഗ പ്രതിനിധികളും ഉണ്ടാകുമെന്നും സ്ത്രീകള്‍ക്കും പങ്കാളിത്തമുണ്ടാകുമെന്നും മനുഷ്യാവകാശവും സ്ത്രീ സ്വാതന്ത്ര്യവും ഇസ്‌ലാമിക നിയമത്തിനകത്തു നിന്നുകൊണ്ട് സംരക്ഷിക്കുമെന്നും താലിബാന്‍ വിശദീകരിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഉയര്‍ന്ന പദവികളിലോ മന്ത്രിസഭയിലോ വനിതകളുണ്ടാകില്ലെന്ന് താലിബാന്റെ ഖത്തര്‍ ഓഫിസിലെ രാഷ്ട്രീയവിഭാഗം ഉപമേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി പറഞ്ഞു.
സ്ത്രീകളെ സര്‍ക്കാര്‍ ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."