ഈ വംശഹത്യക്ക് അറുതിവേണം
ഈ വംശഹത്യക്ക് അറുതിവേണം
ഇസ്‌റാഈല്‍, നിരപരാധികളെ കൊന്നൊടുക്കുന്ന ഫലസ്തീനില്‍ ജീവന്‍ രക്ഷാസംവിധാനം പൂര്‍ണമായും ഇല്ലാതായിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഗസ്സയില്‍ ബോംബിങ്ങില്‍ പരുക്കേല്‍ക്കുന്നവരെ രക്ഷിച്ചെടുക്കാന്‍ ഒരു വഴിയുമില്ല. ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. നിലവില്‍ ബോംബിങ്ങില്‍ വീടു നഷ്ടപ്പെട്ടവരുടെ അഭയകേന്ദ്രമാണ് ആശുപത്രികള്‍. അതിനപ്പുറത്തേക്ക് ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. റഫ അതിര്‍ത്തി വഴി മരുന്നുകള്‍ എത്തുന്നുണ്ടെങ്കിലും അതൊന്നും പര്യാപ്തമല്ല. വൈദ്യുതിയില്ലാത്തതിനാല്‍ ആശുപത്രികളിലെ ഓപറേഷന്‍ തീയറ്ററുകളും ഓക്‌സിജന്‍ വിതരണ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ ഇന്ധനം വേണം. അത് പുറത്തു നിന്നെത്തിക്കാന്‍ ഇസ്‌റാഈല്‍ സമ്മതിക്കുന്നുമില്ല. ബോംബിട്ടും ഉപരോധത്തില്‍ വരിഞ്ഞു മുറുക്കിയും ഫലസ്തീനെ കൊല്ലുകയാണ് ഇസ്‌റാഈല്‍.
ബോംബാക്രമണത്തില്‍ ഓരോ മണിക്കൂറിലും നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ 756 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തിനുശേഷം ഇതുവരെ മരണം 6,546 ആയി. ഇതില്‍ 2,704 പേര്‍ കുട്ടികളാണ്. ഗസ്സയിലെ നിരപരാധികള്‍ക്കുനേരെ ഇസ്‌റാഈല്‍ പുതിയ നശീകരണായുധങ്ങള്‍ പരീക്ഷിച്ചുവെന്നാണ് ഗസ്സയിലെ അല്‍ശിഫ അറബ് ആശുപത്രി ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് അബു സല്‍മിയ പറയുന്നത്. അസാധാരണമായ മുറിവുകളുമായി ഒട്ടേറെപ്പേര്‍ ചികിത്സയ്‌ക്കെത്തുന്നുണ്ടെന്നാണ് അബു സല്‍മിയ ചൂണ്ടിക്കാട്ടുന്നത്. വെടിനിര്‍ത്തലിന് പല കോണുകളില്‍ നിന്ന് ആഹ്വാനമുണ്ടായിട്ടും ഫലമുണ്ടായില്ല. ഇതിനായുള്ള അറബ് രാജ്യങ്ങളുടെ ശ്രമമാകട്ടെ ഇസ്‌റാഈലിന്റെ ധാര്‍ഷ്ട്യംകൊണ്ടും അമേരിക്കയുടെ നിസ്സഹകരണംകൊണ്ടും ഫലം കാണാതെ പോയിരിക്കുന്നു.
ഗസ്സയിലെ കൂട്ടക്കുരുതിക്ക് പുറമെ അല്‍ അഖ്‌സ പള്ളിയിലേക്ക് മുസ്‌ലിംകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. ഒക്ടോബര്‍ ഏഴുമുതല്‍ പള്ളിയുടെ നിയന്ത്രണം ഇസ്‌റാഈല്‍ സൈന്യം കൈയടക്കിയിരിക്കുന്നു. അധിനിവിഷ്ട ഈസ്റ്റ് ജറൂസലമിലെ പള്ളിയുള്‍പ്പെടുന്ന പഴയ നഗരം പൂര്‍ണമായും ഇസ്‌റാഈല്‍ സൈനിക വിന്യാസത്തിനുള്ളിലാണ്. സുബ്ഹി നിസ്‌കാരത്തിന് വയോധികരെ പള്ളിയില്‍ പ്രവേശിക്കാന്‍ മാത്രമാണ് അനുവദിക്കുന്നത്. വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിനും അനുമതിയില്ല. അല്‍ അഖ്‌സ ഇത്തരത്തില്‍ ദീര്‍ഘകാലത്തേക്ക് അടച്ചിടുന്നത് ആദ്യമാണ്. മുസ്‌ലിംകള്‍ക്ക് സുപ്രധാനമാണ് അല്‍ അഖ്‌സ പള്ളി. ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ അടിസ്ഥാന കാരണം തന്നെ അല്‍അഖ്‌സ പള്ളി കൈയടക്കാനുള്ള ഇസ്‌റാഈലിന്റെ ശ്രമമാണ്.
ഗസ്സ കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരമായിരിക്കുന്നു. നിരപരാധികളെയും കുട്ടികളെയും ഇസ്‌റാഈല്‍ കൊന്നൊടുക്കുന്നത് നോക്കിനില്‍ക്കുകയാണ് അന്താരാഷ്ട്ര സമൂഹം. 'സ്വയം പ്രതിരോധത്തിനുള്ള അവകാശം' എന്ന നിലയില്‍ ഇസ്‌റാഈലിന്റെ യുദ്ധക്കുറ്റങ്ങളെ അവര്‍ ന്യായീകരിക്കുകയും ചെയ്യുന്നു. അമേരിക്കയാകട്ടെ അല്‍പം കൂടി കടന്ന് കുഞ്ഞുങ്ങളെ കൊല്ലാന്‍ ഇസ്‌റാഈലിന് ആയുധങ്ങളും സൈനിക സഹായവും സൈനിക തന്ത്രങ്ങള്‍ ഉപദേശിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്. അതിരുകളില്ലാത്ത കടന്നുകയറ്റമാണ് ഇസ്‌റാഈല്‍ നടത്തുന്നത്. ഒരു നിയന്ത്രണവുമില്ലാതെയാണ് കൂട്ടക്കുരുതി. ഹമാസിനെ ഇല്ലായ്മ ചെയ്യും വരെ യുദ്ധമെന്നാണ് ഇസ്‌റാഈല്‍ വാദം. എന്നാല്‍, ഹമാസിന്റെ സൈനിക കേന്ദ്രങ്ങളിലല്ല സാധാരണക്കാരുടെ നേരെയാണ് ആക്രമണം നടത്തുന്നത്. ഹമാസിനെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലിന്റെ യഥാര്‍ഥ ലക്ഷ്യമെങ്കില്‍ അതിന് വേണ്ടത് കരയുദ്ധമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കരയുദ്ധം നടത്താന്‍ ഇസ്‌റാഈലിന് ധൈര്യമില്ല.
ഹമാസിനെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നതെല്ലാം ഇസ്‌റാഈലിന്റെ വെറും ന്യായമാണ്. ഫലസ്തിനികളുടെ വംശഹത്യയാണ് ഇസ്‌റാഈല്‍ ലക്ഷ്യമിടുന്നത്. ധാര്‍ഷ്ട്യവും നുണയും അഴിമതിയുമാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുഖമുദ്ര. ഫലസ്തീനികളുടെ ചോരകൊണ്ട് തന്റെ അധികാരം ഭദ്രമാക്കാമെന്നാണ് അയാള്‍ കരുതുന്നത്. ഫലസ്തീന്‍ പ്രദേശങ്ങളിലെ അധിനിവേശം ശാശ്വതമാക്കുകയും ദശലക്ഷക്കണക്കിന് ഫലസ്തീനികളെ ഗസ്സയിലെ തുറന്ന ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്ത് ചരിത്രപരമായ ഫലസ്തീനെ ഇസ്‌റാഈലിന്റെ ഭൂപ്രദേശമാക്കി മാറ്റാമെന്ന നെതന്യാഹുവിന്റെ പദ്ധതിയാണ് ഒക്ടോബര്‍ 7ലെ ഹമാസിന്റെ ആക്രമണത്തിലേക്ക് നയിച്ചത്. ആക്രമണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഇസ്‌റാഈലിന്റെ സൈനിക, രഹസ്യാന്വേഷണ തലവന്‍മാര്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇസ്‌റാഈലി സമൂഹം കുറ്റപ്പെടുത്തുന്നത് നെതന്യാഹുവിനെയാണ്.
കിഴക്കന്‍ മെഡിറ്ററേനിയനില്‍ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ അമേരിക്ക വിന്യസിച്ചപ്പോള്‍ തന്നെ നെതന്യാഹു മറ്റൊരു വംശഹത്യയ്ക്കാണ് തയാറെടുക്കുന്നതെന്ന് വ്യക്തമായിരുന്നു. ദീര്‍ഘകാലത്തെ സൈനിക നടപടിയില്‍ ഇറാന്റെ ഇടപെടല്‍ തടയണമെങ്കില്‍ ഇസ്‌റാഈലിന് ഈ അമേരിക്കന്‍ പിന്തുണ അനിവാര്യമാണ്. അമേരിക്കന്‍ ആയുധങ്ങള്‍, നഗരയുദ്ധത്തില്‍ തന്ത്രപരമായ സഹായം, നയതന്ത്ര സ്വാധീനം എന്നിവ ലഭ്യമാക്കാന്‍ ഇസ്‌റാഈലിന് സാധിച്ചു. എന്നാല്‍ ഇറാനാകട്ടെ ഹിസ്ബുല്ലയെ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ തുടരുന്നുണ്ട്.
മേഖലയില്‍ എല്ലാം നിയന്ത്രിക്കുന്നത് ഇസ്‌റാഈലാണ്. ആരെയും കൊല്ലും. ആര്‍ക്കെതിരേയും ബോംബിടും. അന്താരാഷ്ട്ര നിയമങ്ങളൊന്നും ബാധകമല്ല. കഴിഞ്ഞ ദിവസം സിറിയക്ക് നേരെയും വ്യോമാക്രമണം നടത്തിയിരിക്കുന്നു. യഥാര്‍ഥത്തില്‍, പാശ്ചാത്യശക്തികള്‍ സാധ്യമാക്കിയ പതിറ്റാണ്ടുകള്‍ നീണ്ട ക്രൂരമായ സൈനിക അധിനിവേശത്തിന് കീഴില്‍ വംശീയ വര്‍ണവിവേചന വ്യവസ്ഥയ്ക്ക് ഇരയായി ജീവിക്കുന്ന ഫലസ്തീന്‍ ജനതയ്ക്കാണ് അന്താരാഷ്ട്ര നിയമപ്രകാരം അവരെ പീഡിപ്പിക്കുന്നവരെ ചെറുക്കാന്‍ അവകാശമുള്ളത്.
ഇപ്പോഴത്തെ യുദ്ധം ഇസ്‌റാഈലിന് പ്രാദേശിക തിരിച്ചടികള്‍ കൊണ്ടുവരുമെന്നുറപ്പാണ്. ചില അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ ഇത് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കാം. ഇസ്‌റാഈലിലെ അടിച്ചമര്‍ത്തലും വംശീയതയും ഫലസ്തീനികളുടെ കൊലപാതകങ്ങളും കൂടുതല്‍ അസ്ഥിരതയ്ക്കും അക്രമത്തിനും സാഹചര്യമൊരുക്കിയിട്ടുണ്ട്. ഗസ്സയ്‌ക്കെതിരായ ഒരു വംശഹത്യാ യുദ്ധം ഇസ്‌റാഈല്‍ സമൂഹത്തിനോ പാശ്ചാത്യ രാജ്യങ്ങള്‍ക്കോ സമാധാനവും സ്വസ്ഥതയും കൊണ്ടുവരില്ല. നീതിയുള്ളിടത്താണ് സമാധാനവുമുണ്ടാകുക. അതിനാല്‍ ഈ ക്രൂരത എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."