വര്‍ണവെറിയും വംശീയതയും നിറഞ്ഞ പൊതുബോധത്തിന്റെ വലയിലേക്ക് ഖത്തര്‍ ആഞ്ഞടിച്ച ഊക്കന്‍ ഗോള്‍
'മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭയഭക്തിയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു'. (അല്‍ ഹുജുറാത്ത് 13).
ഭാഷ ദേശാന്തരങ്ങള്‍ക്കപ്പുറത്ത് ഇനി ഖത്തര്‍ ഇടംനെഞ്ചില്‍ തുടിക്കുന്നതിങ്ങിനെയായിരിക്കും. 2022 നവംബര്‍ 20ന്റെ ആ സന്ധ്യയില്‍ ലോകം മുഴുവന്‍ ഒന്നായി ചേര്‍ന്ന ആ നിമിഷത്തില്‍ ഖത്തറിലെ വിശാലമായ വേദിയില്‍ മുഴങ്ങിയ ഈ വചനത്തിന്റെ പേരില്‍. ആ കുഞ്ഞു രാജ്യത്തിന് മേല്‍ ലോകരാജ്യങ്ങളൊന്നായി നിന്ന് സര്‍വ്വ ശക്തിയും സ്വരുക്കൂട്ടി ചൊരിഞ്ഞ വര്‍ണവെറിക്കു വംശീയതക്കും മേല്‍ ആഞ്ഞടിച്ച ഒരൊറ്റ ഗോളെന്നു പറയാം നമുക്കതിനെ.
നിലവിലുള്ള ലോകത്ത് ജീവിക്കണമെങ്കില്‍ നട്ടെല്ല് വളക്കണമെന്ന് ചൊല്ലിപ്പഠിപ്പിച്ചു കൊണ്ടിരിക്കുന്നൊരു കാലത്ത് അത് വെറുമൊരു പാഴ് ചൊല്ലാണെന്നും ശക്തമായൊരു നിലപാടും അത് ജയിപ്പിച്ചെടുക്കാനുള്ള നിര്‍ബന്ധവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കെപ്പോഴും നട്ടെല്ല് നിവര്‍ത്തിപ്പിടിച്ച് നടക്കാമെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു ഖത്തര്‍. ഒരു രാജ്യത്തിന്റെ തീഷ്ണമായ ഇച്ഛാശക്തിയുടെ ഫലമായി ലോകത്തിന് ഖത്തറിലേക്ക് വന്നുചേരുകയല്ലാതെ മറ്റുവഴികളില്ലായിരുന്നു.
കാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ഈ ഖത്തറില്‍ നിന്ന് കൊണ്ട് മുഴുവന്‍ അറബ് സമൂഹത്തിന്നും വേണ്ടി ലോകമേ 2022 ലെ ഈ ലോകകപ്പ് വേദിയിലേക്ക് ഞാന്‍ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. ഖത്തര്‍ അമീറിന്റെ വാക്കുകള്‍. പറഞ്ഞത് അത്ര മാത്രം. എന്നാല്‍ ആ വാക്കുകളിലുമുണ്ടായിരുന്നു ആരേയും തൃപ്തിപ്പെടുത്താനായി പൊതുബോധത്തിന് മുന്നില്‍ കുനിഞ്ഞു നില്‍ക്കില്ലെന്നൊരുറപ്പ്. വേദിയില്‍ നടന്ന ഓരോ ചടങ്ങിലും ആ ഉറപ്പ് പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.
വേദിയില്‍ ഭിന്നശേഷിക്കാരനായ ഗാനിം അല്‍മുഫ്താഹും ഇതാഹാസ നടനായ മോര്‍ഗന്‍ ഫ്രീമാനും കൈകോര്‍ത്തപ്പോള്‍ നമ്മള്‍ അനുഭവിച്ചത് മനുഷ്യവംശത്തിന്റെ തുല്യത കൂടിയാണ്. ഭാഷ, ദേശം, ജാതി ,മതം, ശരീരം തുടങ്ങി നാം വാര്‍ത്തു വെച്ച കുറേ ബോധങ്ങളെ തകര്‍ത്തെറിഞ്ഞതായിരുന്നു ആ കാഴ്ച. അത്രമേല്‍ മനോഹരവും. വംശവെറിക്ക്, മതഭ്രാന്തിന്, യൂറോപ്പിന്റെ പരിഹാസങ്ങള്‍ക്ക് ഒക്കെയുള്ള മറുപടിയായിരുന്നു ആ കൈകോര്‍ക്കല്‍. വിവിധ താളങ്ങള്‍ ഒരു പന്തില്‍ ചേര്‍ത്തു വെച്ചോടുന്ന കുറേയേറെ മാന്ത്രികരുടെ കളിയേക്കാള്‍ ഒട്ടും താഴെയായിരുന്നില്ല ആ ദൃശ്യത്തിന്റെ ചന്തം.
പൊലിമയും നിറവൈവിധ്യങ്ങളും അറബ് സാംസ്‌കാരികതയും നിറഞ്ഞുനിന്ന കലാവിരുന്നിനിടെ മോര്‍ഗന്‍ ഫ്രീമന്‍ സ്റ്റേജിലേക്ക് കടന്നു വരുന്നു. എതിര്‍ ഭാഗത്തൂടെ ഫിഫ ഗുഡ്‌വില്‍ അംബാസഡര്‍ഗനീം അല്‍ മുഫ്തഹും. നിറ ചിരിയോടെ ഗനീം മോര്‍ഗനെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു. അവര്‍ പരസ്പരം നടന്നടുക്കുന്നു. ആറടി രണ്ടിഞ്ച് ഉയരമുള്ള ഒരു മനുഷ്യനും കാലുകളില്ലാത്ത നിലംപറ്റി നടക്കുന്ന മറ്റൊരു മനുഷ്യനും. രണ്ടു പേരും രണ്ട് ലോകത്തിന്റെ പ്രതിനിധികള്‍. അവഗണനയുടേയും വെറുപ്പിന്റേയും തീ ചൂടറിഞ്ഞ രണ്ടു ലോകങ്ങള്‍.
ഗനീമിന്റെ അടുത്തെത്തിയ മോര്‍ഗന്‍ ഫ്രീമാന്‍ പതിയെ നിലത്തിരുന്നു. ഘനഗാംഭീര്യമായ തന്റെ ശബ്ദത്തില്‍ മോര്‍ഗന്‍ ചോദിച്ചു:
' ഒരു വഴി മാത്രം അംഗീകരിച്ചാല്‍ എങ്ങനെയാണ് ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ഒന്നിക്കുന്നത് '
ഗാനിം അല്‍ മുഫ്തഹ് മറുപടിയായി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു. സൂറഃ അല്‍ ഹുജുറാത്തിലെ 13ാം സൂക്തം. പിന്നീടവന്‍ തുടര്‍ന്നു. നമ്മള്‍ ഈ ഭൂമിയില്‍ രാഷ്ട്രങ്ങളായും ഗോത്രങ്ങളായും ചിതറിക്കിടക്കുകയണെന്ന് നമുക്കറിയാം. അതുകൊണ്ട് നമുക്ക് പരസ്പരം പഠിക്കാനും വൈവിധ്യങ്ങളുടെ സൗന്ദര്യം കണ്ടെത്താനും കഴിയും.
മോര്‍ഗന്‍ ഫ്രീമാന്‍ വീണ്ടും ചോദിച്ചു 'അതേ.. എനിക്കത് ഇവിടെ കാണാന്‍ കഴിയുന്നുണ്ട്. ഈ നിമിഷത്തില്‍ നമ്മെ ഇവിടെ ഒന്നിപ്പിക്കുന്നത് നമ്മെ ഭിന്നിപ്പിക്കുന്നതിനേക്കാള്‍ വളരെ വലുതാണ്. ഇന്നത്തേതിലും കൂടുതല്‍ കാലം നമുക്കത് എങ്ങനെയാണ് നിലനിറുത്താന്‍ കഴിയുക ? '
'സഹിഷ്ണുതയോടും ബഹുമാനത്തോടും കൂടി നമുക്ക് കഴിയാം. നമ്മള്‍ ഒരു വലിയ വീടിനുള്ളിലാണുള്ളത്. ആ വീടെന്നാല്‍ അതെവിടെ നിര്‍മ്മിക്കുന്നോ അതാണ് ഞങ്ങളുടെ വീട്. അവിടെ നമുക്കൊന്നിച്ചു ജീവിക്കാം. നിങ്ങളെ ഇവിടെ വിളിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്' ഗാനിമിന്റെ മറുപടി.
വീണ്ടും മോര്‍ഗന്‍ 'അതായത് നമ്മള്‍ ഒരു വലിയ ഗോത്രമായാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. നമ്മള്‍ എല്ലാവരും താമസിക്കുന്ന കൂടാരമാണ് ഈ ഭൂമി '
ഗനീം 'അതെ, നമുക്കൊരുമിച്ച് നിന്നുകൊണ്ട് ഈ ലോകം മുഴുവന്‍ ഒന്നായി ചേരാന്‍ ആഹ്വാനം ചെയ്യാം'. ആ വാക്കുകള്‍ക്കൊടുവില്‍ നിലം പതിഞ്ഞിരുന്ന ആ അതികായന്‍ മോര്‍ഗന്‍ ഫ്രീമാന്‍ എഴുന്നേറ്റ് നിന്ന് ഗാനിമിനു നേരെ കൈനീട്ടുന്നു. ഗാനിമും മോര്‍ഗന് നേരെ കൈകള്‍ നീട്ടുന്നു. ലോകം മുഴുവന്‍ കണ്‍നിറഞ്ഞു കണ്ട ഒരു കാഴ്ച.
വൈവിധ്യങ്ങളെ സ്‌നേഹിക്കുകയാണ് ബഹുമാനിക്കുകയാണ് അംഗീകരിക്കുകയാണ്...അല്ലാതെ കൂരമ്പുകളെയ്തു കൊണ്ടിരിക്കുകയല്ല ഒറ്റപ്പെടുത്തുകയല്ല വെറുപ്പ് വമിക്കുകയല്ല വേണ്ടതെന്ന് ഒരൊറ്റ ഫ്രെയിമില്‍ ലോകത്തിന് കാണിച്ചു കൊടുത്ത ഒരു വേദി. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായിരിക്കും ഇത്.
എത്ര മനോഹരമാണ്, എത്ര ഹൃദ്യമാണ്, എത്ര ആനന്ദകരമാണ്...വാക്കുകള്‍ക്കതീതമായ ഈ കാഴ്ചയെ കണ്ടിരിക്കുകയല്ലാതെ, സ്‌നേഹോഷ്മളമായ ഈ വാക്കുകളെ കേട്ടിരിക്കുകയല്ലാതെ മറ്റു വഴികളില്ല ലോകമേ നിനക്ക്.
നിനക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."