പ്രമുഖരുടെ പ്രിയപ്പെട്ട അധ്യാപകന്‍
പി.കെ മുഹമ്മദ് ഹാത്തിഫ്
ഫോട്ടോ: ആര്‍. മനു
അധ്യാപികയായിരുന്ന ലളിതാദേവിയുടെ മകന് വെള്ളവസ്ത്രം ധരിക്കണമെന്നായിരുന്നു ചെറുപ്പകാലത്തെ പ്രധാന ആഗ്രഹം. താന്‍ അധ്യാപികയായിരുന്ന വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്‌കൂളിലായിരുന്നു മകന്‍ സജികുമാറും പഠിച്ചിരുന്നത്. മിഷനറിയുടെ കീഴിലുള്ള സ്‌കൂളായതിനാല്‍ അധ്യാപകരുടെ തൂവെള്ള ളോഹ കണ്ട് അതുപോലെയുള്ള വസ്ത്രം തനിക്കും ധരിക്കണമെന്ന് സ്‌കൂള്‍ വിട്ട് കൂടെ വരുമ്പോഴെല്ലാം മകന്‍ ആഗ്രഹം പറയുമായിരുന്നു. പിന്നീടൊരിക്കല്‍ ആശുപത്രിയിലെത്തിയപ്പോള്‍ വെള്ളക്കോട്ടിട്ട ഡോക്ടറെ കാണിച്ച് ലളിതാദേവി മകനോട് ചോദിച്ചു 'അതുപോലെയുള്ള വസ്ത്രം മതിയോ' എന്ന്. അതേ എന്ന് മകനും മറുപടി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് തിരിച്ചിറങ്ങി വരുമ്പോള്‍ ആ വെള്ളക്കോട്ട് എങ്ങനെ കിട്ടുമെന്ന് ലളിത മകനോട് പറഞ്ഞുകൊടുത്തു. അന്നു മുതല്‍ വെള്ളക്കോട്ടിട്ട ഡോക്ടറാവണമെന്ന സ്വപ്‌നവുമായാണ് ആ മകന്‍ മുന്നോട്ടുപോയത്. ലളിതാദേവിയുടെ അമ്മ സുശീലാദേവിയും അവരുടെ പിതാവ് ജനാര്‍ദനും അധ്യാപകരായിരുന്നു. അതുകൊണ്ട് മകനെ ഒരു അധ്യാപകനാക്കാനായിരുന്നു ലളിതയുടെ പ്ലാന്‍. എന്നാല്‍ മകന്റെ ആഗ്രഹപ്രകാരം പത്താം ക്ലാസിന് ശേഷം തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളജില്‍ പ്രീഡിഗ്രിക്ക് സയന്‍സ് വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സെക്കന്‍ഡ് ഗ്രൂപ്പില്‍ ചേര്‍ത്തു.
വഴിത്തിരിവ്
ഒന്നാം വര്‍ഷം പകുതിയായപ്പോഴായിരുന്നു സജിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വലിയൊരു ആഘാതം സംഭവിച്ചത്. തിരുവനന്തപുരത്ത് തിയറ്റര്‍ ബിസിനസ് നടത്തുകയായിരുന്ന പിതാവ് നളിനാക്ഷന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അതോടെ പഠനം നിര്‍ത്തി മുഴുവന്‍ സമയം ബിസിനസിലേക്ക് തിരിയാന്‍ നിര്‍ബന്ധിതനായി. ഇതിനിടയിലാണ് കോളജിലെ ബോട്ടണി അധ്യാപിക സുനന്ദഭായ് ടീച്ചര്‍ സജിയെ തേടി വീട്ടിലെത്തിയത്. തുടര്‍ന്നു പഠിക്കണമെന്ന ആവശ്യവുമായായിരുന്നു അധ്യാപികയുടെ വരവ്. അത് സജിയുടെ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചുവിട്ടു. പ്രാക്ടിക്കലിനടക്കം അധ്യാപിക സജിക്ക് പ്രത്യേകം ക്ലാസുകള്‍ നല്‍കി. പ്രീഡിഗ്രി പാസായെങ്കിലും ഡോക്ടറാവാനുള്ള മാര്‍ക്ക് ലഭിക്കാത്തതിനാല്‍ വീണ്ടും ബിസിനസിലേക്ക് തന്നെ പോകാനായിരുന്നു തീരുമാനിച്ചത്. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരം ഉപരിപഠനത്തിനായി തിരുവനന്തപുരത്തെ പ്രധാന കോളജുകളില്‍ അപേക്ഷ നല്‍കാനായി ബന്ധുവായ മുരളി ചേട്ടനൊപ്പം പോയി. ഇതിനിടയില്‍ പേരൂര്‍ക്കട ഭാഗത്ത് ഗതാഗത സ്തംഭനമുണ്ടായപ്പോള്‍ ബന്ധുവിന്റെ നിര്‍ദേശ പ്രകാരമാണ് തിരുവനന്തപുരം ലോ അക്കാദമിയിലെ അപേക്ഷയും കൂടി വാങ്ങിയത്. ആദ്യ അലോട്‌മെന്റില്‍ തന്നെ അക്കാദമിയില്‍ അഡ്മിഷന്‍ ലഭിച്ചതോടെയാണ് ഡോക്ടറാവാന്‍ ആഗ്രഹിച്ച സജി നിയമം പഠിക്കാന്‍ തീരുമാനിച്ചത്.
ശിഷ്യസമ്പത്തിന്
പ്രത്യേകതകളേറെ
വെള്ളക്കോട്ട് ധരിച്ച് ഡോക്ടറാവാന്‍ ആഗ്രഹിച്ച്, കറുപ്പും വെളുപ്പും കോട്ടിട്ട് കോടതിയിലെ വക്കീലായി. പിന്നീട് അത് അഴിച്ചുവച്ച് അധ്യാപകനായി. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സജിവിഹാറില്‍ എന്‍.എല്‍ സജികുമാര്‍, അമ്മയുടെ മനസിലെ ആഗ്രഹം പോലെ ഗവ. ലോ കോളജിലെ സാധാരണ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് കഴിഞ്ഞ ഇരുപതു വര്‍ഷമായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നത്. രണ്ടു പതിറ്റാണ്ട് കാലത്തെ അധ്യാപക ജീവിതത്തിനിടയില്‍ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ നിരവധി പേരാണ് സജിയുടെ ശിഷ്യന്‍മാരായുള്ളത്. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഡീന്‍കുര്യാക്കോസ്, എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, വി.കെ പ്രശാന്ത്, ജി. സ്റ്റീഫന്‍, ഐ.ബി സതീഷ്, അനൂപ് ജേക്കബ്, പ്രമോദ് നാരായണന്‍, എം. വിന്‍സെന്റ്, മുന്‍ എം.എല്‍.എമാരായിരുന്ന ശരത്ചന്ദ്രപ്രസാദ്, ടി.വി രാജേഷ്, ബിജി മോള്‍, എം. സ്വരാജ്, സി. മമ്മൂട്ടി, എ.പി അബ്ദുല്ലക്കുട്ടി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എം.പിയുമായിരുന്ന കെ.കെ രാഗേഷ്, കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍, കേരള പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ സെയ്ദ് റഷീദ്, ചലച്ചിത്രതാരം ബാലചന്ദ്രമേനോന്‍ തുടങ്ങി നിരവധി പ്രമുഖരെ നിയമം പഠിപ്പിച്ചത് സജികുമാറാണ്.
''പട്ടികയിലെ പേരുകള്‍ ഇനിയും ഉണ്ട്. എല്ലാം ഓര്‍ത്തെടുത്ത് പറയാന്‍ പറ്റുന്നില്ല. ഓരോ വര്‍ഷവും ആയിരത്തോളം പേരെ പഠിപ്പിക്കുന്നത് കൊണ്ടാണ് പൂര്‍ണമായും ഓര്‍മിക്കാന്‍ പറ്റാതെ വരുന്നത്. ഒരിക്കലും പ്രമുഖരെ പഠിപ്പിക്കാനല്ല അധ്യാപനം തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ കോളജില്‍ വരുന്ന പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കേരള പൊലിസ് ട്രെയിനിങ് കോളജിലെ നിരവധി പൊലിസുകാരെയും നിയമം പഠിപ്പിച്ചിട്ടുണ്ട്. അവരൊക്കെ ഇന്ന് കേരളത്തിലെ പല മേഖലകളിലും എസ്.ഐ മുതലുള്ള റാങ്കില്‍ ജോലി ചെയ്യുകയാണ്''- തന്റെ ശിഷ്യന്‍മാരെ കുറിച്ച് പറയുമ്പോള്‍ സജിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ഒരു മുത്തശ്ശിക്കഥ പോലെ നിയമ വിഷയങ്ങളെ അവതരിപ്പിക്കുന്നതാണ് സജി സാറിന്റെ ശൈലിയെന്നാണ് പ്രമുഖരുടെയെല്ലാം അഭിപ്രായം.
അധ്യാപനത്തിന്റെ
തുടക്കം
തിരുവനന്തപുരം ലോ അക്കാദമിയിലെ അഞ്ചു വര്‍ഷത്തെ നിയമ പഠനത്തിനിടയില്‍ തന്നെ സജി അധ്യാപനം ആരംഭിച്ചിരുന്നു. ഇന്നത്തെ നിയമസഭാ സ്പീക്കറായിരുന്ന എം.ബി രാജേഷ് അടക്കമുള്ളവര്‍ക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് റൂമിലും എസ്.എഫ്.ഐയുടെ ഓഫീസിലുമായി പരീക്ഷയ്ക്കായുള്ള പ്രത്യേക ക്ലാസുകള്‍ നല്‍കിയാണ് അധ്യാപനത്തിന്റെ തുടക്കം. രാഷ്ട്രീയ പ്രവര്‍ത്തനവുമായി പോകുന്നതിനിടയില്‍ ക്ലാസില്‍ കയറാന്‍ സാധിക്കാതെ വന്ന രാജേഷടക്കമുള്ളവര്‍ക്ക് പരീക്ഷാ തലേന്നായിരുന്നു സജി ക്ലാസെടുത്ത് നല്‍കിയിരുന്നത്. കോളജില്‍ വരാന്‍ കഴിയാതെ പോയ പല എം.എല്‍.എമാര്‍ക്കും പരീക്ഷാത്തലേന്ന് നിയമസഭയുടെ കാന്റീനിലിരുന്നും പ്രത്യേകമായി ക്ലാസുകള്‍ എടുത്തു നല്‍കിയിരുന്നതായി സജികുമാര്‍ ഓര്‍ക്കുന്നുണ്ട്. ചിലര്‍ക്ക് പാതിവഴിയില്‍ നിന്നുപോയ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പ്രത്യേകം ക്ലാസെടുത്തിരുന്നു.
എല്‍.എല്‍.ബി ബിരുദത്തിന് ശേഷം അഡ്മിനിസ്‌ട്രേറ്റീവ് ലോയില്‍ ബിരുദാനന്തര ബിരുദം നേടിയ സജി കേരള ഹൈക്കോടതിയിലും തിരുവനന്തപുരം ജില്ലാ കോടതിയിലും അഡ്വക്കറ്റ് കെ.പി കൈലാസ്‌നാഥിന്റെ കീഴില്‍ ജോലിചെയ്തു. ഗവ. ആര്‍ട്‌സ് കോളജില്‍ പാര്‍ട് ടൈം അധ്യാപകനായി ജോലി ചെയ്യവെ നിയമത്തില്‍ നെറ്റ് പാസായി. അതോടെ ലോ അക്കാദമിയില്‍ ഔദ്യോഗികമായി ഗസ്റ്റ് അധ്യാപകനായി നിയമനം ലഭിച്ചു. അധ്യാപനം തുടരുന്നതിനിടെയാണ് ദുബായിലെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ എച്ച്.ആര്‍ ആന്റ് ലീഗല്‍ മാനേജറായി നിയമനം ലഭിക്കുന്നത്. അതേസമയം തന്നെയാണ് സര്‍ക്കാര്‍ ലോ കോളജിലെ അധ്യാപക തസ്തികയില്‍ പി.എസ്.സി റാങ്ക് പട്ടികയിലും ഇടംപിടിച്ചത്. ഇതോടെ ദുബായിലെ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സര്‍ക്കാര്‍ കോളജിലെ സാധാരണക്കാരായ വിദ്യാര്‍ഥികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അധ്യാപനജീവിതം തന്നെ വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു.
സ്ഥലം മാറ്റത്തിനെതിരെ
വിദ്യാര്‍ഥി പ്രതിഷേധം
ആദ്യ നിയമനം ലഭിച്ചത് കോഴിക്കോട് ഗവ. ലോ കോളജിലായിരുന്നു. പിന്നീട് 2009 മുതല്‍ 2017 വരെ തിരുവനന്തപുരം ലോ കോളജിലെത്തി. ഇവിടെയെത്തിയ സജി കോളജില്‍ ആദ്യം നടപ്പാക്കിയത് സപ്ലിമെന്ററി ഫ്രീ കാംപസ്, ഫിനിഷിങ് സ്‌കൂള്‍ എന്നീ പദ്ധതികളായിരുന്നു. ഇതിന്റെ ഭാഗമായി റെഗുലര്‍ ക്ലാസുകള്‍ക്ക് പുറമെ രാത്രികളില്‍ ഉറക്കമൊഴിച്ചും അവധി ദിനങ്ങളിലും എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം ക്ലാസുകള്‍ നല്‍കി വിദ്യാര്‍ഥികളെ ജയിപ്പിച്ചെടുക്കാനുള്ള ശ്രമം വിജയംകണ്ടു. കോളജില്‍ 'മിഷന്‍ 365 ഡേയ്‌സ്' എന്ന പ്രത്യേക പദ്ധതി പ്രകാരം റിസര്‍ച്ച് സെന്റര്‍, ഈവനിങ് കോഴ്‌സ്, എല്‍.എല്‍.എം പുതിയ ബ്രാഞ്ചുകള്‍, മെഗാ അലുംനി ഗെറ്റ് ടുഗതര്‍, പ്ലേസ്‌മെന്റ് എന്നിവയും നടപ്പിലാക്കി. അപ്പോഴേക്കും വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായി സജികുമാര്‍ മാറിയിരുന്നു.
ഇതിനിടയിലാണ് 2015ല്‍ തുടര്‍ച്ചായി രണ്ടു തവണ സജികുമാറിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് വന്നത്. എന്നാല്‍ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്നും മാധ്യമവാര്‍ത്തയെ തുടര്‍ന്നും രണ്ടുതവണയും ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് മരവിപ്പിക്കേണ്ടി വന്നു. അധ്യാപകനെ സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ട് കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഖ്യന്ത്രിയെ നേരിട്ട് കണ്ടാണ് വിദ്യാര്‍ഥികള്‍ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. 'എസ്.എഫ്.ഐക്കാര്‍ സാധാരണയില്‍ അധ്യാപകരെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് എന്നെ സമീപിക്കാറ്. പക്ഷേ, ഇത് നേരെ തിരിച്ചായിരുന്നു. എനിക്ക് തന്നെ അത്ഭുതമായി'- ഒരു പൊതുപരിപാടിയില്‍ സജികുമാറിനെ കണ്ട അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇങ്ങനെയാണ് പറഞ്ഞത്.
പിന്നീട് നിയമമന്ത്രിയായിരുന്ന എ.കെ ബാലന്റെ നിര്‍ദേശപ്രകാരം പ്രത്യേക പദ്ധതി നടപ്പാക്കാനായി കോഴിക്കോട് ഗവ. ലോ കോളജിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് അവിടെ നിയമിച്ചു. കോഴിക്കോട് ലോ കോളജിനെ ഇന്ത്യയിലെ ആദ്യ 20 പട്ടികയില്‍ കൊണ്ടുവരാനുള്ള 'മിഷന്‍ 2020 പദ്ധതി' യായിരുന്നു അവിടെ നടപ്പാക്കിയത്. തിരുവനന്തപുരം ലോ കോളജില്‍ വിജയിച്ച 'സപ്ലിമെന്ററി ഫ്രീ ക്യാംപസ്' ഇവിടെയും കൊണ്ടുവന്നു. കൂടാതെ റിസര്‍ച്ച് സെന്റര്‍, എന്‍.സി.സി, ലാംഗ്വേജ് ലാബ്, ഹൈടെക് ക്ലാസുകള്‍, ഇന്റര്‍നാഷണല്‍ ജേണല്‍, എന്‍ഡോവ്‌മെന്റുകള്‍, ഹെല്‍ത്ത് ക്ലബ്ബ് എന്നീ പദ്ധതികളും നടപ്പാക്കി. രണ്ടു വര്‍ഷത്തിനു ശേഷം തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച സജികുമാറിന് കോഴിക്കോട് ലോ കോളജിലെ വിദ്യാര്‍ഥികള്‍ നല്‍കിയ യാത്രയയപ്പ് സന്ദേശത്തില്‍ ഒരു വിദ്യാര്‍ഥി ഇങ്ങനെയാണ് എഴുതിച്ചേര്‍ത്തത് ''ഞങ്ങളുടെ നഷ്ടം, തിരുവനന്തപുരത്തെ കുട്ടികള്‍ക്ക് അനുഗ്രഹം, അധ്യാപനം എന്നത് എല്ലാവര്‍ക്കും വഴങ്ങുന്ന ഒന്നല്ല, അതിനെ പൂര്‍ണതയോടെ പ്രയോഗിക്കാന്‍ കഴിഞ്ഞിട്ടുള്ള എണ്ണത്തില്‍ കുറവായ അധ്യാപകരുടെ ആദ്യനിരയില്‍ ഒന്നാമനായിരിക്കും പ്രിയ സജി സര്‍''.
കറുത്ത കോട്ടിട്ട
'ഡോക്ടര്‍'
പേരിനു മുന്നില്‍ അഡ്വ. എന്ന് വന്നെങ്കിലും അപ്പോഴും 'ഡോക്ടര്‍' എന്നത് മനസില്‍ സജിയെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെയാണ് പി.എച്ച്.ഡി എടുക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഒഡിഷ ബര്‍ഹാംപൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ 'വിവാഹേതര ബന്ധത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍' എന്ന വിഷയത്തില്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടി. സമൂഹത്തിന്റെ തെറ്റുകൊണ്ട് അനാഥരാക്കപ്പെട്ട വിവാഹേതര ബന്ധത്തിലെ കുട്ടികളുടെ അവകാശങ്ങള്‍ക്കായി രാജ്യത്ത് പ്രത്യേക ബില്‍ തയാറാക്കുന്ന ശ്രമത്തിലാണിപ്പോള്‍ സജികുമാര്‍.
നിയമത്തില്‍ അധ്യാപകരില്ല, എല്ലാവരും വിദ്യാര്‍ഥികള്‍ തന്നെയാണ്. നിയമം എന്നും മാറി മറിയും. വിദ്യാര്‍ഥിയായിട്ടുതന്നെയാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നതെന്നാണ് സജിയുടെ പക്ഷം. ഏതെങ്കിലും ഒരു കേസ് ജഡ്ജിയുടെ മുന്നിലെത്തിയാല്‍, അല്ലെങ്കില്‍ ഒരു വക്കീലിന് ഒരു കേസ് ലഭിച്ചാല്‍ അതിനെ കുറിച്ച് അദ്ദേഹം പഠിക്കണം. അതുതന്നെയാണ് നിയമപഠനത്തിന്റെ പ്രത്യേകതയും. അതുകൊണ്ടുതന്നെ നിയമപഠനത്തില്‍ അധ്യാപക- വിദ്യാര്‍ഥി വ്യത്യാസമില്ലാതെയാണ് ക്ലാസ്മുറികളെ കാണുന്നതെന്നാണ് സജി പറയുന്നത്. ദിവസവും ഓരോ വിഷയത്തെ കുറിച്ചാണ് സജി പഠിക്കുന്നത്. നിയമത്തിലെ ബിരുദ, ബിരുദാനന്തര പഠനത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ, ഇന്റര്‍നാഷണല്‍ ലോ എന്നിവയിലും ബിരുദാനന്തര ബിരുദം (എല്‍.എല്‍.എം) നേടി. തിരുനെല്‍വേലി എം.എസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ ക്രിമിനോളജി ആന്‍ഡ് പൊലിസ് സയന്‍സ്, ജി.ജി യൂനിവേഴ്‌സിറ്റി ബിലാസ്പൂരില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് എച്ച്.ആര്‍എമ്മില്‍ എം.ബി.എയും കരസ്ഥമാക്കി. കുറ്റവാളി തന്നെ കുറ്റം ഏറ്റെടുത്താല്‍ ശിക്ഷ കുറച്ചുവാങ്ങിക്കുന്ന പ്രക്രിയയായ പ്ലീ ബാര്‍ഗെയിനിങ്ങുമായി ബന്ധപ്പെട്ട് യു.ജി.സിയുടെ മേജര്‍ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നിയമപഠനത്തിനായി പത്തോളം പുസ്തകങ്ങളും പഠനസഹായ ഗ്രന്ഥങ്ങളും സജികുമാര്‍ രചിച്ചിട്ടുണ്ട്. സൈബര്‍നിയമങ്ങളുമായി ബന്ധപ്പെട്ട പുസ്തകം, പൊലിസും മനുഷ്യാവകാശങ്ങളും, പൊലിസ് ട്രെയിനിങ് കോളജിലേക്കുള്ള പഠനസഹായി, പ്രതി കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ കുറച്ചു വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമമേഖലയിലെ പ്രത്യേക പഠനം എന്നിവയാണ് ഇതിലെ പ്രധാന രചനകള്‍. ഷാബാനു കേസുമായി ബന്ധപ്പെട്ട് യു.ജി.സിയുടെ റിസര്‍ച്ച് ജേണലായ സംബോധിനിയില്‍ 'എ ജുഡീഷ്യല്‍ ജേര്‍ണി ഇന്‍ സെര്‍ച്ച് ഓഫ് ദ ട്രൂ സ്പിരിറ്റ് ഓഫ് ഖുര്‍ആന്‍' എന്ന പഠനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015ല്‍ റോട്ടറിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡും നേടി. പ്രൊഫ. എന്‍.ആര്‍ മാധവമേനോന്‍ എക്‌സലന്‍സ് ഇന്‍ ലീഗല്‍ റിസര്‍ച്ച് അവാര്‍ഡ് തുടര്‍ച്ചയായി മൂന്നു വര്‍ഷങ്ങളില്‍ (2016, 2017, 2018) ലഭിച്ചതും അപൂര്‍വ നേട്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."