'കോണ്‍ഗ്രസ് ഫസ്റ്റ് ഗ്രൂപ്പ് സെക്കന്റ്'; ചിരിച്ചും ചിരിപ്പിച്ചും ഉമ്മന്‍ ചാണ്ടി
പുതുപ്പള്ളി: സ്വതസിദ്ധമായ് തന്റെ പ്രതികരണത്തിലൂടെ മാധ്യമപ്രവര്‍ത്തകരെ കയ്യിലെടുത്ത് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള പ്രതികരണത്തിലൂടെ ഉമ്മന്‍ ചാണ്ടി കൂടി നിന്നവരെയെല്ലാം ചിരിപ്പിച്ചത്. ഗ്രൂപ്പുകളില്ലാതെ കോണ്‍ഗ്രസിന് മുമ്പോട്ടു പോകാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് ഫസ്റ്റ് ഗ്രൂപ്പ് സെക്കന്റെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിമുട്ടുണ്ടാക്കിയ ചില സാഹചര്യങ്ങളുണ്ടായി. അത് വേദനിപ്പിച്ചു. എന്നാല്‍ ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കോണ്‍ഗ്രസ് മുമ്പോട്ടു പോകണം. കോണ്‍ഗ്രസ് ഫസ്റ്റ്, ഗ്രൂപ്പ് സെക്കന്‍ഡ്' എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍. ഗ്രൂപ്പുകള്‍ അവസാനിക്കുകയാണോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റ്് വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് വി.ഡി സതീശനാണ് മറുപടി പറഞ്ഞത്.
'സാറിനെ കുഴപ്പിക്കല്ലേ. കെ.പി.സി.സി പ്രസിഡണ്ടും ഞാനും ഒരുമിച്ചു ചര്‍ച്ച ചെയ്യും. അത് നേരത്തെ നമ്മള്‍ പറഞ്ഞിട്ടുള്ളതല്ലേ. അവരുമായി നമ്മള്‍ കാണുകയും സംസാരിക്കുകയും ചെയ്യുന്നതല്ലേ. അതില്‍ പുതുമയുള്ള കാര്യമല്ല. ചില പത്രങ്ങളില്‍ ഞങ്ങള്‍ ഫോണില്‍ പോലും സംസാരിക്കാറില്ല എന്നു പറഞ്ഞു. ഞങ്ങളൊക്കെ ഫോണില്‍ സംസാരിക്കാറുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റുമെന്ന് പൂര്‍ണമായി ആത്മവിശ്വാസമുണ്ട്' സതീശന്‍ കൂട്ടിച്ചേര്‍ത്തു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം എടുക്കുന്ന ഇനീഷ്യേറ്റീവുമായി സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. 'ചില പ്രശ്‌നങ്ങളുണ്ട്. രമേശ് ചെന്നിത്തലയും ഞാനും ചിലതു പറഞ്ഞിട്ടുണ്ട്. പഴയ കാര്യങ്ങളിലേക്ക് പോകുന്നില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹാരം കണ്ടെത്തുന്നത് കോണ്‍ഗ്രസിന്റെ ഒരു രീതിയാണ്' ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ തുടരുന്ന പൊട്ടിത്തെറിയില്‍ അനുനയ നീക്കവുമായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉമ്മന്‍ചാണ്ടിയെ കാണാനെത്തിയത്. ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയിലെ വീട്ടിലെത്തി നേരിട്ടുകണ്ടാണ് സതീശന്‍ മഞ്ഞുരുക്കത്തിനുള്ള ശ്രമം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."