2018ല്‍ നിപാ കവര്‍ന്നത് 18 ജീവനുകള്‍; അതിജീവിച്ചു പ്രതിരോധക്കരുത്തില്‍
കോഴിക്കോട്: വീണ്ടും ആശങ്ക വിതച്ച് നിപാ പ്രത്യക്ഷപ്പെട്ടപ്പോള്‍ മുമ്പൊരിക്കല്‍ ഈ മാഹാമാരിയുടെ പിടിയില്‍ നിന്നും പ്രതിരോധത്തിന്റെ കരുത്തില്‍ അതിജീവിച്ച കഥയാണ് കോഴിക്കോട്ടുകാര്‍ക്ക് പറയാനുള്ളത്. നിപായ്‌ക്കെതിരേ കനത്ത ജാഗ്രതയോടെയുള്ള പ്രതിരോധമാണ് 2018ല്‍ നടന്നത്. നഴ്‌സ് ലിനിയുള്‍പ്പെടെ 18 പേരായിരുന്നു മരിച്ചത്. കോഴിക്കോട് 16 പേരും മലപ്പുറത്ത് രണ്ടു പേരും. സംസ്ഥാനത്ത് ആദ്യമായി നിപാ വൈറസ് പ്രത്യക്ഷപ്പെട്ടപ്പോള്‍ എന്ത് രോഗമാണെന്നോ എങ്ങനെ പ്രതിരോധിക്കണമെന്നോ അറിയാതെ ആരോഗ്യരംഗം ആദ്യം ഒന്നമ്പരന്നു. എന്നാല്‍ ഉടന്‍ തന്നെ ചികിത്സാരീതിയും പ്രതിരോധമാര്‍ഗവും തിരിച്ചറിഞ്ഞ് ആസൂത്രിതമായ നീക്കം നടത്തിയതോടെ ആ മഹാമാരിയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞു.
2018 മെയ് ആദ്യം നിപാ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ കോഴിക്കോട് പരിഭ്രാന്തിയിലായിരുന്നു. ഒന്നിന് പിറകെ ഒന്നായി മരണം റിപ്പോര്‍ട്ട് ചെയ്തതോടെ എങ്ങും ഭീതിയുടെ നിഴലിലായി. എന്നാല്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ ടീം വര്‍ക്ക് തുടങ്ങിയത് പെട്ടെന്ന് ഫലം കണ്ടു. രോഗികളുമായി സമ്പര്‍ക്കമുള്ളവരുടെ ലിസ്റ്റ് തയാറാക്കി ക്വാറന്റൈന്‍ ഉറപ്പാക്കുകയായിരുന്നു ആദ്യം. സമ്പര്‍ക്കപട്ടികയില്‍ 3000 ഓളം പേരുണ്ടായിരുന്നു. 400 സാംപിളുകള്‍ പരിശോധിച്ചു. ഇത്രമേല്‍ മരണസാധ്യതയുള്ള വൈറസിനെ എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശയക്കുഴപ്പം ഉണ്ടായെങ്കിലും പിന്നീട് കാര്യങ്ങള്‍ എളുപ്പമായി. 17 മരണമാണ് ആദ്യഘട്ടത്തില്‍ ഉണ്ടായത്. പിന്നീട് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആദ്യം മരിച്ച മുഹമ്മദ് സാബിത്തിന്റെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ല. എന്നാല്‍ മരണകാരണം നിപായാണെന്ന് ഉറപ്പായിരുന്നു. ഔദ്യോഗികമായി പട്ടികയില്‍ പെടുത്തിയില്ല എന്നുമാത്രം. രോഗം ബാധിച്ചവരും മരണമടഞ്ഞവരും തമ്മില്‍ ആരെല്ലാം സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ അവരുമായി സമ്പര്‍ക്കമുള്ള രണ്ടാം ടീമിനെയും നിരീക്ഷണത്തിന് വിധേയമാക്കുകയുണ്ടായി. ഇതുകാരണം രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞു. 2018 ജൂണ്‍ 30ന് കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപാമുക്തമായി പ്രഖ്യാപിക്കാനും കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."