സ്വര്‍ണമാലയിലെ ചെളി കളയാനെന്ന വ്യാജേന രാസവസ്തുവില്‍ മുക്കി തട്ടിപ്പ് ; പ്രതി പിടിയില്‍
കൊല്ലങ്കോട്:വൃദ്ധയുടെ കഴുത്തിലെ സ്വര്‍ണമാല ചെളികളയാനെന്ന വ്യാജേന വാങ്ങി രാസവസ്തുവില്‍ മുക്കി തട്ടിപ്പ്. ബിഹാര്‍ സ്വദേശി രവികുമാര്‍ ഷായെ(24)നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. പ്രതിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തു.രണ്ട് പേര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെങ്കിലും ഒരാളെ പിടികൂടാനെ കഴിഞ്ഞിട്ടുള്ളൂ. പനങ്ങാട്ടിരി അമ്പലപ്പറമ്പില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഓട്ടുപാത്രങ്ങള്‍ സൗജന്യമായി തിളക്കമുള്ളതാക്കിത്തരാമെന്ന് പറഞ്ഞ് അമ്പലപ്പറമ്പില്‍ പൊന്നുവിന്റെ (84) വീട്ടിലെത്തുകയായിരുന്നു രണ്ടംഗ സംഘം. പൊന്നു നല്‍കിയ വിളക്കുകള്‍ ഉടന്‍തന്നെ നിറമുള്ളതാക്കി നല്‍കിയതിന് പിന്നാലെ പൊന്നുവിന്റെ കഴുത്തിലുള്ള സ്വര്‍ണമാലയില്‍ നിറയെ ചെളിയുണ്ടെന്നും നിറംവരുത്തിത്തരാമെന്നും പറഞ്ഞ് രണ്ടേകാല്‍ പവന്‍ വരുന്ന മാല ഊരിവാങ്ങുകയായിരുന്നു.രാസലായനിയില്‍ മാല കുറേനേരം മുക്കിയശേഷം പുറത്തെടുക്കുകയും ഒരു കടലാസില്‍ പൊതിഞ്ഞ് 15 മിനിറ്റിനുശേഷം തുറന്നുനോക്കിയാല്‍ മതിയെന്നും അറിയിച്ചു. വീട്ടിനകത്തുണ്ടായിരുന്ന പൊന്നുവിന്റെ മകന്‍ കൃഷ്ണദാസ് പുറത്തുവരുമ്പോഴേയ്ക്കും ഉരുക്കിമാറ്റിയ സ്വര്‍ണവുമായി രണ്ടാമത്തെയാള്‍ രക്ഷപ്പെട്ടു.സംശയംതോന്നി പൊതി തുറന്നുനോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. ഉടന്‍ തന്നെ പരിസരവാസികളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. തിരിച്ചുനല്‍കിയ പൊതിക്കകത്ത് നാരുപോലെ കറുത്ത ഒരു അവശിഷ്ടം മാത്രമാണ് ഉണ്ടായിരുന്നതെന്നും രണ്ടുപവനിലധികം സ്വര്‍ണം നഷ്ടപ്പെട്ടെന്നും കൃഷ്ണദാസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."