സി.പി.എം തള്ളിപ്പറഞ്ഞു വകവയ്ക്കാതെ ജലീല്‍
തിരുവനന്തപുരം: മലപ്പുറത്തെ എ.ആര്‍ നഗര്‍ സര്‍വിസ് സഹകരണ ബാങ്കിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണങ്ങളുന്നയിക്കുകയും ഇ.ഡി അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത മുന്‍മന്ത്രി കെ.ടി ജലീലിനെ സി.പി.എം തള്ളി. എന്നാല്‍ സി.പി.എം നിലപാട് വകവയ്ക്കാതെ കുഞ്ഞാലിക്കുട്ടിക്കെതിരേ പോരാട്ടം തുടരാനാണ് ജലീലിന്റെ തീരുമാനം.
സഹകരണബാങ്കിലെ ഇ.ഡി അന്വേഷണം പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍ മലപ്പുറത്ത് വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവയ്ക്കുന്നതിനോടും യോജിപ്പില്ല. വിവാദത്തില്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച നിലപാട് വ്യക്തമാക്കിയതാണ്. സഹകരണ മേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനും പാര്‍ട്ടിക്കുമുള്ളത്. വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം നിന്നുകൊടുക്കില്ലെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ബാങ്കില്‍ ക്രമക്കേട് നടന്നോ എന്ന് ഇപ്പോള്‍ പറയാനാവില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ സംവിധാനമുണ്ട്. ഇങ്ങനെ ഒരു പ്രശ്‌നമുണ്ടെങ്കില്‍ വകുപ്പ് മന്ത്രിയെന്ന നിലയ്ക്ക് തന്നെ അറിയിക്കേണ്ടതാണ്. എന്നാല്‍ അത്തരത്തിലൊരു പരാതി ഇതുവരെ കിട്ടിയിട്ടില്ല. സഹകരണവുമായി ബന്ധപ്പെട്ടതെല്ലാം സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണ്. സഹകരണ ബാങ്കിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ ഇ.ഡി വരേണ്ട ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പിതൃതുല്യനാണെന്നും ശാസിക്കാനും തിരുത്താനും ഉപദേശിക്കാനും അദ്ദേഹത്തിന് അധികാരമുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
മുഖ്യമന്ത്രി കഴിഞ്ഞദിവസം ജലീലിനെ കൈവിട്ടിരുന്നു. ഇതോടെ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കങ്ങളില്‍ ജലീല്‍ എല്‍.ഡി.എഫില്‍ ഒറ്റപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയും സര്‍ക്കാരും കൈവിട്ടെങ്കിലും ജലീലിന് ബി.ജെ.പിയുടെ പിന്തുണ ലഭിച്ചതും ചര്‍ച്ചയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."