സെപ്റ്റംബർ 11 ആക്രമണം; അന്വേഷണ രേഖകൾ പരസ്യമാക്കാനുള്ള യു.എസ് തീരുമാനത്തെ സ്വാഗതം ചെയ്ത് സഊദി അറേബ്യ
റിയാദ്: 2001 സെപ്റ്റംബർ 11 ന് അമേരിക്കയിൽ അൽഖാഇദ നടത്തിയ ഭീകരാക്രണത്തെ കുറിച്ച രഹസ്യ രേഖകൾ പുറത്തുവിടുന്നതിനെ സ്വാഗതം ചെയ്യുന്നതായി സഊദി അറേബ്യ. സംഭവവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പുറത്ത് വിടാനുള്ള യു.എസ് തീരുമാനത്തെ അമേരിക്കയിലെ സഊദി എംബസിയാണ് സ്വാഗതം ചെയ്തത്. ആക്രമണത്തിലെ പ്രതികളെ സഹായിച്ചെന്ന വാദം തെറ്റാണെന്ന് തെളിയിക്കാൻ ഇതിനാകുമെന്ന് സഊദി അറേബ്യ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണമുണ്ടായതു മുതൽ സംഭവത്തെ കുറിച്ച അന്വേഷണങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പുറത്തുവിടണമെന്ന് സഊദി അറേബ്യ ആവശ്യപ്പെട്ടുവരികയായിരുന്നു. ആക്രമണം നടന്ന 20 വർഷം പൂർത്തിയാകാനിരിക്കെ ഇവ പുറത്ത് വിടണമെന്ന് ആക്രമണത്തെ അതിജീവിച്ചവരും മരിച്ചവരുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യമാക്കാൻ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. വിഷയത്തിൽ എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രഹസ്യ രേഖകള്‍ ഇത്രയും കാലം പുറത്ത് വിട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ്, ആറു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് ബൈഡന്‍ നിർദേശിച്ചത്. അല്‍ഖാഇദ തീവ്രവാദികളെ സഊദി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ മറച്ചു വെച്ചെന്നായിരുന്നു പ്രധാന ആരോപണം. ഇത് തെറ്റാണെന്ന് തെളിയിക്കാൻ തെളിവുകളും രേഖകളും പുറത്ത് വിടുന്നതോടെ സാധിക്കുമെന്ന് സഊദിയുടെ വാഷിങ്ടൺ എംബസി പ്രസ്താവനയിൽ പറഞ്ഞു.
ഭീകരാക്രമണത്തിൽ സഊദി അറേബ്യക്കുള്ള പങ്ക് സ്ഥിരീകരിക്കുന്ന ഒരു തെളിവും അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ സഊദിക്ക് പങ്കുണ്ടെന്ന വാദം തികച്ചും തെറ്റാണ്. തെളിവുകൾ പുറത്ത് വിടാനുള്ള യുഎസ് തീരുമാനം സംശയത്തിന്റെ മറയിൽ നിന്നും അമേരിക്കയുടെ സഖ്യ കക്ഷിയായ സഊദി അറേബ്യയെ മാറ്റുമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മൂവായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ 11ലെ ഭീകരാക്രമണം സംഘടിപ്പിച്ച 19 ല്‍ 15 പേർ സഊദി പൗരന്‍മാരായിരുന്നു. രണ്ട് പാസഞ്ചര്‍ എയര്‍ലൈനുകളായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററില്‍ അന്ന് ഇടിച്ചു കയറ്റിയത്. മൂന്നാമത്തേത് പെന്റഗണില്‍ തകര്‍ന്നുവീണു. വാഷിംഗ്ടണ്‍ ഡി.സിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഒരു കൃഷിയിടത്തിലും പതിക്കുകയായിരുന്നു. ഭീകരാക്രമണങ്ങളെ കുറിച്ച അമേരിക്കൻ അന്വേഷണവുമായി ബന്ധപ്പെട്ട ഏതു രേഖകളും പരസ്യപ്പെടുത്തുന്നതിനെ സഊദി അറേബ്യ ആവർത്തിച്ച് പിന്തുണക്കുന്നുവെന്നും ഈ രേഖകൾ പൂർണമായും പരസ്യപ്പെടുത്തുന്നത് സഊദി അറേബ്യയെ കുറിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കയിലെ സഊദി എംബസി പ്രസ്താവനയിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."