ഊര്‍ജം വേണം
ആഹാരം നല്‍കുന്ന
ഊര്‍ജം
നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കുന്നതിനാല്‍ ആഹാരം നമ്മുടെ ഊര്‍ജസ്രോതസാണ്. നാം കഴിക്കുന്ന ആഹാരത്തില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കില്‍ കാര്‍ബോഹൈഡ്രേറ്റ്, ഉമിനീരുമായി പ്രതിപ്രവര്‍ത്തിക്കുകയും അതിന്റെ മൂന്നിലൊരു ഭാഗം മാള്‍ട്ടോസ് ആയി മാറുകയും ചെയ്യും. നമ്മുടെ ഭക്ഷണത്തില്‍ അടങ്ങിയ പ്രോട്ടീന്‍ ആകട്ടെ ആമാശയത്തില്‍വച്ച് അമിനോ ആസിഡായി മാറുകയും ചെറുകുടലിലെ രക്തക്കുഴലിലേക്കെത്തുകയും ചെയ്യുന്നു. ഇവിടെവച്ച് അവശേഷിക്കുന്ന കാര്‍ബോഹൈഡ്രേറ്റിന്റെ ദഹനം പൂര്‍ണമാകുകയും ചെയ്യും. തുടര്‍ന്ന് ഇലിയത്തില്‍ വച്ച് ഗ്ലൂക്കോസ്, അമിനോ ആസിഡ് എന്നിവ രക്തത്തിലെ പ്ലാസ്മയിലെത്തുന്നു. രക്തം കോശങ്ങളിലേക്ക് ഹീമോഗ്ലോബിനൊപ്പം ഓക്‌സിജനേയും പ്രവേശിപ്പിക്കുന്നു. കോശത്തിലെ സൈറ്റോ പ്ലാസത്തില്‍വച്ച് ഗ്ലൂക്കോസ് പെറുവിക് ആസിഡായി മാറുന്നു.
ഇതാണ് പിന്നീട് കോശത്തിലെ മൈറ്റോകോണ്‍ട്രിയയിലും തുടര്‍ന്ന് ക്രിസ്റ്റേയിലും പ്രവേശിച്ച് വിഘടിക്കപ്പെട്ട് കാര്‍ബണ്‍ഡൈ ഓക്‌സൈഡും ജലവുമായി മാറുന്നത്. ഈ പ്രവര്‍ത്തനത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജം സംഭരിക്കപ്പെടുന്നത് അഡിനോസിന്‍ ട്രൈ ഫോസ്‌ഫേറ്റ് ആയാണ്. പിന്നീട് ഈ ഊര്‍ജം അഡിനോസിന്‍ ഡൈ ഫോസ്‌ഫേറ്റായി മാറുകയും ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജമാകുകയും ചെയ്യുന്നു.
പാരമ്പര്യ ഊര്‍ജ സ്രോതസുകള്‍
കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ജൈവാശിഷ്ടങ്ങള്‍, പ്രകൃതി പ്രതിഭാസം മൂലം നമ്മുടെ മണ്ണിനടിയില്‍പെട്ടു പോയിട്ടുണ്ട്. ഇത്തരം അവശിഷ്ടങ്ങളില്‍നിന്നാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇന്ധനങ്ങളായ പെട്രോളിയം, കല്‍ക്കരി, ലിഗ്നൈറ്റ്, പ്രകൃതി വാതകം തുടങ്ങിയവയായി മാറുന്നത്. ഈ ഇന്ധനങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ പുനസ്ഥാപിക്കാന്‍ കഴിയാറില്ല. ഇവയെ പാരമ്പര്യ ഊര്‍ജ സ്രോതസുകള്‍ എന്നാണ് വിളിക്കുന്നത്. ഉപയോഗിച്ചാല്‍ തീരാത്ത ഊര്‍ജ സ്രോതസുകളാണ് പാരമ്പര്യേതര ഊര്‍ജ സ്രോതസുകള്‍. സൗരോര്‍ജം, കാറ്റ്, തിരമാല എന്നിവയെ പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ എന്നാണ് വിളിക്കുന്നത്. ഇവ മൂലം സൃഷ്ടിക്കപ്പെടുന്ന ഊര്‍ജം ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നു.
അണക്കെട്ടിലെ
ജലവും ഊര്‍ജവും
അണക്കെട്ടില്‍ ജലം കെട്ടി നിര്‍ത്തുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഊര്‍ജമാണ് സ്ഥിതികോര്‍ജം. കെട്ടി നിര്‍ത്തിയ ജലം ഒഴുകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നതാണ് ഗതികോര്‍ജം. ഈ ഊര്‍ജ രൂപമാണ് അണക്കെട്ടിനോട് ചേര്‍ത്ത് ഘടിപ്പിച്ച ടര്‍ബൈന്‍ കറക്കി വൈദ്യുതി സൃഷ്ടിക്കുന്നത്. ഡ്രൈ സെല്ലുകള്‍ അടങ്ങുന്ന ബാറ്ററികളില്‍ രാസോര്‍ജമാണ് വൈദ്യുതി സൃഷ്ടിക്കാന്‍ സഹായിക്കുന്നത്. സോളാര്‍ പാനലുകളില്‍ സൗരോര്‍ജമാണ് വൈദ്യുതി സൃഷ്ടിക്കാന്‍ സഹായിക്കുന്നത്.
ഇന്ധനം തരും
ഊര്‍ജം
കത്തുമ്പോള്‍ താപം പുറത്തു വിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങള്‍. ജ്വലിക്കുമ്പോള്‍ ഇന്ധനങ്ങളില്‍നിന്ന് ഊര്‍ജം സ്വതന്ത്രമാകുന്നതിനാല്‍ ഇന്ധനങ്ങള്‍ നല്ലൊരു ഊര്‍ജസ്രോതസാണ്.
ജ്വലനവും
ഊര്‍ജവും
വാഹനങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന പെട്രോള്‍, ഡീസല്‍ എന്നിവയ്‌ക്കൊപ്പം വായു ചേരുന്നതോടെ ജ്വലനമുണ്ടാകുകയും ഇത് പിസ്റ്റന്റെ സഹായത്തോടെ ക്രാങ്ക്ഷാഫ്റ്റിന്റെ കറക്കമായി മാറ്റി വാഹനങ്ങളുടെ ചക്രങ്ങളെ കറക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."