ക്രൈസ്തവരെയും മുസ്‌ലിംകളെയും അകറ്റുന്നതാര്?
അൻവർ സ്വാദിഖ് ഫൈസി താനൂർ
സി.ഇ 1218, അഞ്ചാം കുരിശുപട ഈജിപ്തിൽ എത്തി. മുസ്‌ലിം ലോകത്തെ പിടിച്ചുകെട്ടാനുള്ള പോപ്പിൻ്റെ ശക്തമായ നീക്കം നടക്കുന്നു. വിശുദ്ധ ജറൂസലം സാമ്രാജ്യം പുനഃസ്ഥാപിക്കുകയാണ് പുതിയ ലക്ഷ്യം. കുരിശു സേന പഠിച്ചപണി പതിനെട്ടും പയറ്റിനോക്കി. ഉപരോധങ്ങളും സൈനിക നീക്കങ്ങളും നടത്തി ഈജിപ്തിനെ ഇളക്കാൻ ശ്രമിച്ചു. പക്ഷേ, മുസ്‌ലിം ലോകം കുലുങ്ങിയില്ല. ശക്തമായി ചെറുത്തുനിന്നു. കൊട്ടും കുരവയുമായി കർദിനാൾ പെലാജിയസിൻ്റെ നേതൃത്വത്തിൽ മാർപ്പാപ്പ പറഞ്ഞയച്ച കുരിശുപട, നീണ്ട 17 മാസത്തെ ഉപരോധത്തിൽ ക്ഷീണിച്ചു അവശരായി.
വാർത്ത പോപ്പിൻ്റെ കൊട്ടാരത്തിലെത്തി. കുരിശു സൈന്യത്തിന് ആവേശം പകരാൻ ആളു വേണം! നല്ല മോട്ടിവേറ്റർ അടിയന്തരമായി ഈജിപ്തിലെത്തണം. മഹാ ഇടയൻ്റെ വാക്കുകേട്ടു, കുരിശ് പോരാളികളെ സഹായിക്കാൻ ഒരാൾ ഓടിയെത്തി. സെൻ്റ് ഫ്രാൻസിസ് അസീസി. വാഗ്വിലാസംകൊണ്ട് വിസ്മയം തീർത്ത മഹാപ്രതിഭ. ജീവിതകാലത്തുതന്നെ 'വിശുദ്ധൻ' എന്ന് വാഴ്ത്തപ്പെട്ട പുണ്യവാളൻ. കത്തോലിക്ക സഭയുടെ തലയും തലച്ചോറുമായ ഫിലോസഫർ. ഒന്നാന്തരം മിസ്റ്റിക്. ഫ്രാൻസിസ്കൻ സന്യാസ സഭകളുടെ സ്ഥാപകൻ. ക്രൈസ്തവ ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വം. അസീസിയിലെ ഫ്രാൻസിസ് കുരിശുപടയുടെ സഹായത്തിന് ഈജിപ്തിലെത്തി. നോക്കുമ്പോൾ കാര്യങ്ങൾ എളുപ്പമല്ല. എത്ര ആത്മീയോപദേശവും ആവേശപ്രസംഗവും വാരിക്കോരി വിതറിയാലും ആയുധംകൊണ്ട് ഈജിപ്ത് കീഴടക്കുക അസാധ്യം. അവസാനം അസീസി ഉറച്ച തീരുമാനത്തിലെത്തി. ഈജിപ്തിലെ സുൽത്വാൻ്റെ കൊട്ടാരത്തിലേക്ക് പോവുക. സുവിശേഷം പറഞ്ഞു സുൽത്വാനെ മതംമാറ്റി ക്രിസ്ത്യാനിയാക്കുക. അതോടെ പണി എളുപ്പമാകും. ഈജിപ്തും ജറൂസലമുമെല്ലാം സഭയുടെ അധീനതയിലാകും. പദ്ധതി സഹജനങ്ങളോടു അദ്ദേഹം പങ്കുവച്ചു. 'അസീസീ, താങ്കളുടെ പദ്ധതി ഫലിക്കില്ല. സുൽത്വാൻ്റെ വാളിന് ഇരയാവുകയായിരിക്കും ഫലം' പലരും അസീസിയെ ഉണർത്തി. 'എങ്കിൽ, കർത്താവിൻ്റെ വഴിയിൽ രക്തസാക്ഷിത്വം വരിച്ചെന്ന നിലക്ക് നേരെ സ്വർഗരാജ്യത്തേക്ക് പോകാമല്ലോ' അസീസി പിന്മാറാതെ പറഞ്ഞു. രണ്ടും കൽപ്പിച്ചു അദ്ദേഹം സുൽത്വാൻ്റെ ദർബാറിലേക്ക് നടന്നു. വഴിയിൽവച്ചു മുസ്‌ലിം സൈന്യം പിടികൂടി. രാജസദസ്സിൽ കൊണ്ടുവന്നു.
അൽ കാമിൽ നസ്റുദ്ദീൻ അബുൽ മആലിയാണ് ഈജിപ്തിൻ്റെ രാജാവ്. മുമ്പ് കുരിശു സൈന്യത്തിൽനിന്ന് ജറൂസലം മോചിപ്പിച്ച സുൽത്വാൻ സ്വലാഹുദീൻ അയ്യൂബിയുടെ സഹോദര പുത്രൻ. അയ്യൂബിയ്യ സാമ്രാജ്യത്തിൻ്റെ പുതിയ സാരഥി. സൈനികർ പിടികൂടിയ പ്രതിയെ സർവസ്വതന്ത്രനായി വിടാൻ അദ്ദേഹം കൽപ്പിച്ചു. ഫ്രാൻസിസ് പുണ്യവാളനു ധൈര്യമായി. അദ്ദേഹം രാജസദസിൽ സുവിശേഷ പ്രസംഗം ആരംഭിച്ചു. രാജാവിനെ ക്രിസ്തുമതത്തിലേക്ക് ആകർഷിക്കാവുന്ന നമ്പറുകളെല്ലാം അസീസിയുടെ വചനപ്രഘോഷണത്തിൽ പെയ്തിറങ്ങി. അൽ കാമിൽ ചക്രർത്തി എല്ലാം ക്ഷമയോടെ കേട്ടിരുന്നു. അസീസി പറയാനുള്ളതെല്ലാം പറഞ്ഞു തീർത്തു. പക്ഷേ, അതൊന്നും അൽകാമിൽ രാജാവിൻ്റെ മനസ്സിൽ സ്വാധീനമുണ്ടാക്കിയില്ല. ഒട്ടും പ്രകോപിതനായതുമില്ല. അസീസിയൻ സുവിശേഷത്തെ സുൽത്താൽ ചിരിച്ചുതള്ളി.
അസീസി ആകെ നിരാശനായി. രാജാവിൻ്റെ മതം മാറ്റവുമില്ല, തൻ്റെ ഗളഛേദവുമില്ല. സുവിശേഷകന് കൊട്ടാരത്തിൽ അൽകാമിൽ സർവ സൗകര്യങ്ങളും നൽകി. അതിഥിയെ പോലെ സൽക്കരിച്ചു. കുറേ ദിവസം കൊട്ടാരത്തിൽ കഴിയാൻ നിർബന്ധിച്ചു. ദിവസങ്ങൾക്കു ശേഷം അസീസി തിരിച്ചുപോകാൻ ഒരുങ്ങി. അദ്ദേഹത്തിനു രാജാവ് നിരവധി സമ്മാനങ്ങൾ നൽകി. ഒന്നുമാത്രം അസീസി സ്വീകരിച്ചു. അഞ്ചുനേരത്തെ നിസ്കാരത്തിന് ബാങ്ക് വിളിക്കുമ്പോൾ, ആളുകളെ അറിയിക്കാൻ ഉപയോഗിച്ചിരുന്ന ഐവറി ഹോൺ ആയിരുന്നു അത്. വെള്ളിയുടെ കവറിങ്ങും മരത്തിൻ്റെ പിടിയും അഞ്ചു ചങ്ങലകളുമുള്ള ഒരു ഹോൺ. അതിൽ കൗതുകം തോന്നിയ അസീസി ആ ഹോൺ മാത്രം സ്വന്തമാക്കി. പിന്നെ കൊട്ടാരം വിട്ടു.
രാജാവ് മതം മാറിയില്ലെങ്കിലും അസീസിയുടെ മനം മാറി. രാജാവിനു പകരം സുവിശേഷകൻ പരിവർത്തിതനായി. മുസ്‌ലിംകളുടെ ശൈലിയും ആരാധനാരീതിയും അദ്ദേഹത്തെ ആകർഷിച്ചു. ഇറ്റലിയിൽ തിരിച്ചെത്തിയ അസീസി, ഈജിപ്തിലെ ബാങ്ക് വിളിയെ അനുകരിച്ചു മൂന്നു നേരത്തെ പ്രാർഥന, പള്ളി മണി എന്ന ബാങ്കുവിളിയുടെ അകമ്പടിയോടെ യൂറോപ്പിൽ അനുകരിച്ചു. Angelus(ത്രിസന്ധ്യ പ്രാർഥന) രീതി ക്രൈസ്തവ സമൂഹത്തിൽ അങ്ങനെയാണ് ഉണ്ടാവുന്നത്. അൽ കാമിൽ രാജാവ് നൽകിയ ഐവറി ഹോൺ, ഇറ്റലിയിലെ സെൻ്റ് ഫ്രാൻസിസ് അസീസി ആശ്രമത്തിൽ ഇപ്പോഴും പ്രദർശനത്തിനു വെച്ചിരിക്കുന്നത് കാണാം.
പരസ്പര ശത്രുതയോടെ ക്രൈസ്തവരും മുസ്‌ലിംകളും ആയുധമെടുത്ത് അങ്കം വെട്ടിയിരുന്ന കുരിശുയുദ്ധകാലത്തുപോലും ഇരുസമുദായ അംഗങ്ങളും സൂക്ഷിച്ചിരുന്ന ആദരവിൻ്റെയും ബഹുമാനത്തിൻ്റെയും ചിത്രങ്ങളിലൊന്നാണിത്. മധ്യകാലഘട്ടത്തിൻ്റെ ആ ഇടുക്കത്തിൽ നിന്ന് വിശാല മാനവികതയുടെ മൈതാനിയിലേക്ക് കളം മാറുകയും മനുഷ്യത്വത്തിനു വേണ്ടി മതാതീതമായി മാത്രം ചിന്തിക്കുന്നവരുടെ ലോകം കെട്ടിപ്പടുകയും ചെയ്തു എന്ന് പറയുന്ന പുതിയ കാലത്താണ് 'അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട്' എന്ന് ക്രൈസ്തവ മതമേധാവി പറയുന്നത്. ലൗ ജിഹാദിൽ നിന്നു തുടങ്ങി നാർകോട്ടിക് ജിഹാദിലൂടെ കടന്നുപോയി മുസ്‌ലിം പേരുപോലും ഭീകരമെന്ന് പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് നമുക്കിടയിലെ ചില സഭാപിതാക്കന്മാർ മാറിയിരിക്കുന്നു എന്നത് ഏറെ സങ്കടകരമാണ്.
ആദർശപരമായും ചരിത്രപരമായും മുസ്‌ലിംകളുടെ ഏറ്റവും അടുത്ത മിത്രങ്ങളാണ് ക്രൈസ്തവർ. ഇസ്‌ലാമിൻ്റെ പ്രാരംഭദശയിൽ മക്കയിലെ ബഹുദൈവ വിശ്വാസികൾക്കിടയിൽ ജീവിക്കാനാകാതെ പലായനം ചെയ്ത വിശ്വാസികളെ സ്വാഗതം ചെയ്തതതും അവർക്ക് വേണ്ട ഒത്താശകളെല്ലാം ചെയ്തുകൊടുത്തതും എത്യോപ്യയിലെ ക്രൈസ്തവനായ നോഗസ് ചക്രവർത്തിയും അനുയായികളുമായിരുന്നു. മദീനയിലെത്തിയ ക്രൈസ്തവ പുരോഹിത സംഘത്തെ മസ്ജിദിൽ സ്വീകരിച്ചിരുത്തി, അവർക്ക് അവിടെ പ്രാർഥിക്കാൻ പോലും അവസരമൊരുക്കിയതിലൂടെ മുഹമ്മദ് നബി(സ്വ) നിർവഹിച്ചതും ഈ പാരസ്പര്യത്തിൻ്റെ ദൗത്യമാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടു മതസമൂഹങ്ങൾ എന്ന നിലക്ക് മുസ്‌ലിംകളും ക്രൈസ്തവരും രാഷ്ട്രീയമായ പല കാരണങ്ങളുംവച്ച് പലയിടത്തും പല സന്ദർഭങ്ങളിലും ഏറ്റുമുട്ടിയിട്ടുണ്ട് എന്നത് നിഷേധിക്കേണ്ടതില്ല. പക്ഷേ, അതിനപ്പുറം വ്യക്തികളും സമൂഹങ്ങളും സൗഹൃദം കാത്തുസൂക്ഷിച്ച ഇന്നലെകളാണ് ആഗോളതലത്തിൽ പോലും കഴിഞ്ഞുപോയത്.
മധ്യപൗരസ്ത്യ ദേശത്തുനിന്ന് ക്രൈസ്തവതയും ഇസ്‌ലാമും ഇന്ത്യയിൽ കടലു കടന്നുവന്നു കപ്പലിറങ്ങിയത് ഈ കേരളത്തിൻ്റെ കൊടുങ്ങല്ലൂരിലാണ്. അന്നു മുതൽ ഈ നാട്ടിൽ മുസ് ലിംകളും ക്രൈസ്തവരും ഈടുറ്റ ബന്ധത്തിലായിരുന്നു. എടുത്തുപറയാവുന്ന ഒരു വർഗീയ പ്രശ്നംപോലും സമീപകാലംവരെ അവർക്കിടയിൽ ഉണ്ടായിട്ടില്ല. അത്രയും മനോഹരമായ ബന്ധത്തിനിടയിലാണ് ഈയിടെയായി ചിലർ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിങ്ങനെയുള്ള പ്രചാരണങ്ങൾ അഴിച്ചുവിട്ടു വിള്ളൽ വീഴ്ത്താൻ ശ്രമിച്ചത്. ഇതര ക്രൈസ്തവസഭകളുടെ അത്തരം ശ്രമങ്ങളിൽ കൂടെ ചേരാതിരുന്ന ലത്തീൻ സഭയിലെ പുരോഹിതൻ പോലും ഇയ്യിടെ 'അബ്ദുറഹ്മാൻ എന്ന പേരിൽ പോലും ഒരു തീവ്രവാദി'യുണ്ടെന്ന് പറയുന്നയിടത്തേക്ക് കാര്യങ്ങൾ എത്തി. സംഘ്പരിവാർ രാജ്യം ഭരിക്കുന്ന കാലത്തും സമയത്തും മതമേധാവിയിൽനിന്ന് ഇത്തരം പരാമർശങ്ങൾ വരുന്നത് വെറും നാക്കു പിഴ മാത്രമാണെന്നത് അത്ര നിഷ്കളങ്കമാകില്ല.
സംഘ്പരിവാർ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയം അധികാരവാഴ്ചയ്ക്കു വേണ്ടി മുസ് ലിംകളെ മുഖ്യശത്രുവായി കാണുന്നുണ്ടെന്നത് ശരി. അവരെ അടിച്ചൊതുക്കാൻ കേരളം പോലെയുള്ള ബഹുമത വിഭാഗങ്ങൾ എമ്പാടുമുള്ള പ്രദേശങ്ങളിൽ ക്രൈസ്തവരുടെകൂടി പിന്തുണ ആവശ്യമാണെന്ന് വളരെ നേരത്തെ പരിവാറുകാർ തിരിച്ചറിഞ്ഞതും അതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ചതുമാണ്. പക്ഷേ, കേരളത്തിലെ ക്രൈസ്തവ നേതൃത്വം കൂടുതൽ ഗൗരവത്തോടെ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ട വസ്തുത ഇപ്പുറത്തുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും സംഘ്പരിവാറിൻ്റെ മുഖ്യ ശത്രു മുസ്‌ലിംകളല്ല. ചിലയിടങ്ങളിലെങ്കിലും ക്രൈസ്തവരാണ് അവരുടെ ഇരകൾ. മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ചു ക്രൈസ്തവ പുരോഹിതന്മാർ സമീപകാലത്ത് അക്രമിക്കപ്പെട്ട വിവിധ പ്രദേശങ്ങളുടെ ചിത്രം പരിശോധിച്ചാൽ കാര്യങ്ങൾ പെട്ടന്ന് മനസ്സിലാകും.
ഇവിടെ മുസ്‌ലിംകളുടെ ചെറുത്തുനിൽപ്പ് അവസാനിക്കുന്ന ഘട്ടത്തിൽ, പരിവാറിൻ്റെ ത്രിശൂല മുനകൾ ക്രൈസ്തവരുടെ നെഞ്ചത്തേക്കായിരിക്കും വന്നുപതിക്കുകയെന്ന സത്യം ഗോൾവാൾക്കറിൻ്റെ വിചാരധാര മുതലിങ്ങോട്ടുള്ളവ വായിച്ചാലും സമകാലിക ഇന്ത്യയെ മൊത്തത്തിൽ വിലയിരുത്തിയാലും മനസ്സിലാകും. ചില സഭാമേധാവികൾ ചെയ്യുന്നതുപോലെ സംഘ്പരിവാറിനോട് രാജിയാകാനും അവരുടെ താൽക്കാലിക ആനുകൂല്യം സമ്പാദിക്കാനും മുസ്‌ലിം നേതൃത്വം വിചാരിച്ചാലും നടക്കും. പക്ഷേ, അത് ആത്മഹത്യാപരമായിരിക്കുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ഈ നാടിൻ്റെ ബഹുസ്വരതയും വൈവിധ്യവും നിലനിൽക്കണമെങ്കിൽ, മതന്യൂനപക്ഷങ്ങളെന്ന നിലക്ക് ആദ്യത്തെ നല്ല ബന്ധം ഉണ്ടാകേണ്ടത് ക്രൈസ്തവ-മുസ്‌ലിം വിഭാഗങ്ങൾക്കിടയിലാണ്. അത് മുസ്‌ലിംകളുടെ മാത്രമല്ല, ക്രൈസ്തവരുടെയും ഈ നാട്ടിലെ നിലനിൽപ്പിന് അനിവാര്യമാണ്. ഈ തിരിച്ചറിവാണ് ഇരുവിഭാഗത്തിൽനിന്ന് കാലം തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."